വേടനേക്കുറിച്ച് നല്ല അഭിപ്രായം, ഹിന്ദു ഐക്യവേദിയുടെ നിലപാട് ശുദ്ധവിവരക്കേട്- തുഷാര്‍ വെള്ളാപ്പള്ളി

7 months ago 8

vedan thushar vellapally

വേടൻ, തുഷാർ വെള്ളാപ്പള്ളി | ഫോട്ടോ: മാതൃഭൂമി

റാപ്പര്‍ വേടനെതിരായ ഹിന്ദു ഐക്യവേദിയുടെ നിലപാട് തള്ളി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. വേടനെ മോശമായി ചിത്രീകരിക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാനാവില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ നിലപാട് ശുദ്ധവിവരക്കേടാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

നേരത്തെ, പാലക്കാട് നടന്ന പരിപാടിയില്‍ റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കുമുമ്പില്‍ സമൂഹം അപമാനിക്കപ്പെടുകയാണെന്നായിരുന്നു ശശികല പറഞ്ഞത്. വേടനെക്കുറിച്ചുള്ള ബിഡിജെഎസ് നിലപാട് ചോദിച്ചപ്പോഴായിരുന്നു ശശികലയുടെ പരാമര്‍ശത്തോടുള്ള അതൃപ്തി തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയത്.

'ഒരു ചെറുപ്പക്കാരനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കുന്നില്ല', എന്നായിരുന്നു തുഷാറിന്റെ വാക്കുകള്‍. ഹിന്ദു ഐക്യവേദിയുടെ നിലപാട്‌ ചൂണ്ടിക്കാട്ടിയപ്പോള്‍, 'വിവരക്കേട് എന്നല്ലാതെ എന്താണ് പറയുക. ശുദ്ധവിവരക്കേട്', എന്ന് തുഷാര്‍ പ്രതികരിച്ചു.

അതേസമയം, വേടന്റെ പരിപാടികളില്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് പരിശോധിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. 'ആ പയ്യന്‍ ചെയ്യുന്ന പല പരിപാടികളിലും അനാവശ്യമായി ഒരുപാട് പ്രശ്‌നങ്ങളുണ്ടാവുന്നുണ്ട്. ആ പ്രശ്‌നങ്ങള്‍ അന്വേഷിക്കേണ്ട വിഷയം തന്നെയാണ്. കേരളത്തില്‍ സാധാരണ നടക്കുന്ന എല്ലാ സംഗീതപരിപാടികളിലും 20,000- 25,000 പേര്‍ പങ്കെടുക്കാറുണ്ട്. അവിടൊന്നും നടക്കാത്ത പ്രശ്‌നം വേടന്‍ വരുന്ന സ്ഥലങ്ങളില്‍ എന്തുകൊണ്ട് ഉണ്ടാവുന്നു?. എന്തോ ഒരു ഗൂഢാലോചന അതിനകത്തുണ്ടോയെന്ന് അന്വേഷിക്കേണ്ട വിഷയമാണ്. പയ്യന്‍ വളരെ ഭംഗിയായി കാര്യങ്ങള്‍ പാടുന്നുണ്ട്. ഒരുപാട് ഫോളോവേഴ്‌സുണ്ട്. നല്ല അഭിപ്രായമാണ് അദ്ദേഹത്തേക്കുറിച്ച്. ആവശ്യമില്ലാതെ മോശം പറയുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ല', തുഷാര്‍ വ്യക്തമാക്കി.

Content Highlights: BDJS authorities president Thushar Vellappally criticized Hindu Aikya Vedi`s antagonistic portrayal of Rapper

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article