ഇതുവരെ കേള്‍ക്കുകയും കാണുകയുംചെയ്ത വേടന്മാരെല്ലാം ഇര പിടിക്കുന്നവരാണ്. എന്നാല്‍, ആദ്യമായി ഒരു വേടന്‍തന്നെ ഇരയായുകുന്നതു നാം കണ്ടു. വേടന്‍ കഞ്ചാവു വിറ്റെന്നും വലിച്ചെന്നും പോക്കറ്റില്‍ വച്ചെന്നുമെല്ലാം പറഞ്ഞു സോഷ്യല്‍മീഡിയ യുദ്ധം ചെയ്തു. വര്‍ണവിവേചനംമുതല്‍ സംവരണം വരെ ചര്‍ച്ചയായി. എല്ലാ ചര്‍ച്ചയും പോലെ നാം പാതിവഴിയില്‍ ഇതെല്ലാം ഉപേക്ഷിച്ചു വേറെ പണിക്കു പോയി. സംഗീതഞ്ജനായ വേടന്‍ വേടന്റെ പണിക്കും പോയി. സദസ്സിലേക്കു വിളിച്ചിരുത്തി സര്‍ക്കാരും കിട്ടിയ അവസരം മുതലാക്കി.
പക്ഷേ, പിന്നീടു കണ്ടതായിരുന്നു സത്യത്തില്‍ അതിലേറെ വലിയ അങ്കം. കൂടെയുള്ള ഒരാള്‍ അപകടത്തില്‍ മരിച്ചതോടെ വേടന്‍ അവസാന നിമിഷം ഒരു സംഗീത സദസ്സ് ഉപേക്ഷിച്ചു. സംഗീതമേള തുടങ്ങുന്നതിനു മണിക്കൂറുകള്‍ മുന്‍പായിരുന്നു റദ്ദാക്കല്‍. പരിപാടി നടത്താന്‍ തീരുമാനിച്ചതൊരു പാടത്തായിരുന്നു. ചളി നിറഞ്ഞു കൃഷി ഇറക്കാന്‍ പാകമായതുപോലുള്ള പാടം. പരിപാടി ഉപേക്ഷിച്ചതോടെ ജനത്തിനു കലി കയറി. ലക്ഷക്കണക്കിനു രൂപ വിലയുള്ള സൗണ്ട് സിസ്റ്റത്തിലേക്കുകാണികളില്‍ ചിലര്‍ ചളിവാരി എറിഞ്ഞു അതു നശിപ്പിച്ചു. ഡിജിറ്റല്‍ സ്‌ക്രീനുകള്‍ നശിപ്പിച്ചു, അവിടെയുണ്ടായിരുന്ന പലതും കാല്‍കാശിനു കൊള്ളാതാക്കി. പാട്ടുകേള്‍ക്കാന്‍ വന്നവരുടെ വികാരം മാനിച്ചില്ലെന്നായിരുന്നു പരാതി. പാവം സൗണ്ടുകാരനും ഇവന്റ് മാനേജുമെന്റുകാരനും മാത്രം ഇരയായി.
ഇവിടെനിന്നുസര്‍ക്കാരൊരു പാഠം പഠിക്കണം. അതു ന്യൂനപക്ഷ പാഠമോ വേടനെ കൂടെയിരുത്തി അണികളെ സന്തോഷിപ്പിക്കുന്ന തരികിട പരിപാടിയോ അല്ല. മറിച്ചു വമ്പന്‍ മ്യൂസിക് ഷോകളേക്കുറിച്ചുള്ള പാഠമാണ്.
വേടന്റ ഷോ പാടത്തെ ചളിയില്‍ നടത്താന്‍ കാരണം അതൊരു ആചാരത്തിന്റെ ഭാഗമായതുകൊണ്ടല്ല. പാടത്തുകൂടി കുതിരവേല പോകുന്നതുപോള്ള ആഘോഷവുമല്ല അത്. പാടത്തേ നടത്താന്‍ സ്ഥലമുള്ളു എന്നതുകൊണ്ടു നടത്തിയതാണ്. കേരളത്തില്‍ നല്ലൊരു മ്യൂസിക് ഷോ നടത്താന്‍ പറ്റിയ എത്ര സ്ഥലമുണ്ടാകുമെന്നു സര്‍ക്കാരൊന്നു പഠിക്കണം. വേടനെ വേദിയിലിരുത്തിയതുകൊണ്ടു മാത്രം പരിപാടി അവസാനിപ്പിക്കരുത്. വേടന്‍ സ്‌നേഹിക്കുന്നതു സംഗീതത്തെയാണ്. അല്ലാതെ രാഷ്ട്രീയത്തെയല്ല. വേടന്റെ രാഷ്ട്രീയം പാട്ടാണ്. അതിനു പ്രത്യേക നിറമില്ല. വേടനു പാടാന്‍ നല്ല മൈതാനമുണ്ടായിരുന്നില്ല എന്നതു സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം.
കള്ളു വിറ്റു മാത്രമല്ല മ്യൂസിക് ഷോ വിറ്റും സര്‍ക്കാരിനു നല്ല ചില്ലാനമുണ്ടാക്കാം. വലിയ ഷോ നടത്താന്‍ വലിയ ഗ്രൗണ്ടുവേണം. കേരളത്തില്‍ വലിയ ഷോകള്‍ വരാത്തതു വേദിയില്ലാത്തതുകൊണ്ടാണ്. യാതൊരു സൗകര്യമില്ലാത്തിടത്തുപോലും തിങ്ങി നിറയുന്ന കാണികളുടെ എണ്ണം നാം കാണണം. അതായതു സംഗീത സദസ്സുകള്‍ പുതിയ തലമുറയുടെ ഹരമാണ്. സ്റ്റേഡിയങ്ങളെല്ലാം സര്‍ക്കാരിന്റെ വകയാണ്. അതു കോര്‍പറേഷനുകള്‍ക്കും മറ്റുമായി തീറെഴുതി കൊടുത്തിരിക്കുന്നു എന്നു മാത്രം. കേരളത്തിലെ ഒരുസ്റ്റേഡിയവും ലാഭത്തിലല്ല. കൊല്ലത്തില്‍ രണ്ടോ മൂന്നോ കളിയോ പരിപാടിയോ നടത്താനായി ബാക്കി സമയം മുഴുവന്‍ അടച്ചിട്ടിരിക്കുന്നു. ആരോഗ്യം നന്നാക്കാന്‍ ജനത്തിനു നടക്കാന്‍പോലും പലയിടത്തും അതു തുറന്നു കൊടുക്കുന്നില്ല. മിക്കയിടത്തും അറ്റകുറ്റപ്പണി നടക്കുന്നില്ല. ശുചിമുറികള്‍ അടക്കം എല്ലാം തകര്‍ന്നിരിക്കുന്നു. ടര്‍ഫിന്റെ കാര്യം പറയുകയേ വേണ്ട.
ഈ സ്റ്റേഡിയങ്ങളെല്ലാം പാട്ടത്തിനു കൊടുക്കണം. ഗ്രൗണ്ട് ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന തരത്തില്‍ ഇവയെ മാറ്റിയെടുക്കണം. അത്തരം സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ ഏറെയുണ്ട്. സ്വകാര്യ കമ്പനികള്‍ അതു ചെയ്‌തോളും. ഇങ്ങനെ മാറ്റാവുന്ന സ്റ്റേഡിയങ്ങളുണ്ടായാല്‍ കല്യാണത്തിനും പെണ്ണുകാണലിനുംവരെ കൊടുക്കാം. ആവശ്യമുള്ള സമയത്തു സ്‌പോര്‍ട്‌സിനും കൊടുക്കാം. മിക്ക സ്റ്റേഡിയങ്ങളിലും കസേരയടക്കമുള്ള എല്ലാം കേടുവന്നു കിടപ്പാണ്. ഫ്‌ലഡ് ലൈറ്റുകളും ചത്തിരിക്കുന്നു. കോര്‍പറേഷനുകളും മറ്റും ഈ സ്റ്റേഡിയം കെട്ടിപ്പിടിച്ച് ആര്‍ക്കും കൊടുക്കാതിരുന്നിട്ടെന്തു കാര്യം. സ്റ്റേഡിയം കളിക്കു മാത്രം നല്‍കുന്ന കാലമെല്ലാം അസ്തമിച്ചിരിക്കുന്നു.
ഇക്കാര്യത്തില്‍ ഗുജറാത്തിനെ കണ്ടു പഠിക്കണം. പുതിയ കാലത്തെ മനസ്സിലാക്കി എത്ര മനോഹരമായാണു ഒരു മ്യൂസിക് ഷോയിലൂടെ ചില്ലാനമുണ്ടാക്കിയത്. കോള്‍ഡ് പ്ലേ എന്ന ബാന്‍ഡു വന്നതിലൂടെ അവര്‍ക്കു കിട്ടിയതു 395 കോടി രൂപയുടെ കച്ചവടമാണ്. റിക്ഷാക്കാരനും കപ്പലണ്ടി കച്ചവടക്കാനും വരെ ഇതിന്റെ ഓഹരി കിട്ടി. 2.22 ലക്ഷം പേരാണ് ഈ പരിപാടിയുമായി ബന്ധപ്പെട്ട് ആ നഗരത്തില്‍ വന്നത്. 500 നഗരങ്ങളില്‍നിന്നുള്ളവരായിരുന്നു ഇവര്‍. ഇതു ടൂറിസം രംഗത്തുണ്ടാക്കിയ കച്ചവടം ചെറുതല്ല. 100 രൂപയുടെ ടിക്കറ്റ് വില്‍ക്കുമ്പോള്‍ മറ്റു പലയിടത്തുമായി 585 രൂപയുടെ കച്ചവടം നടന്നുവെന്നാണ് കണക്ക്. ജിഎസ്ടി ഇനത്തില്‍ മാത്രം കിട്ടിയത് 72 കോടി രൂപയാണ്. ഈ പണമെല്ലാം പോയതു ബഹുരാഷ്ട്രകുത്തക മുതലാളിമാരുടെ പോക്കറ്റിലേക്കല്ല. അല്ലെങ്കിലും അദാനി പോലും നമ്മുടെ നിക്ഷേപ സുഹൃത്തായ കാലത്ത് എന്തു കുത്തക. ടാക്‌സി ഡ്രൈവര്‍മാര്‍, കൂലിപ്പണിക്കാര്‍, പച്ചക്കച്ചറി കച്ചവടക്കാര്‍, ചുമട്ടു തൊഴിലാളികള്‍... അങ്ങനെ പലരിലേക്കും ഈ പണമെത്തി.
കേരളത്തിലെ നഗരങ്ങളിലെ സ്റ്റേഡിയങ്ങള്‍ പുതുക്കി അവിടെ മ്യൂസിക് ഷോകള്‍ കൊണ്ടുവരണം. അതിനായി വലിയ ഇവന്റ് മാനേജുമെന്റ് കമ്പനികളെ കൊണ്ടുവരണം. ഏതെങ്കിലുമൊരു കമ്പനിയുടെ ബ്രാഞ്ച് ഐടി പാര്‍ക്കില്‍ 25 കോടിക്കു തുടങ്ങിയാല്‍ അത് ആഘോഷമാക്കി പോസ്റ്റിടുന്ന മന്ത്രിമാര്‍ മനസ്സിലാക്കണം വലിയ ഷോകളും എക്‌സിബിഷനുകളും ഉണ്ടാക്കുന്നതു ഇതിലും എത്രയോ വലിയ കോടികളാണ്. കേരളത്തിന് അടിയന്തരമായി വേണ്ടത് എന്റര്‍ടെയ്ന്‍മെന്റ് നയവും മന്ത്രിയുമാണ്. ജക്കാര്‍ത്തയില്‍ നഗരമധ്യത്തിലുള്ള സ്റ്റേഡിയത്തില്‍ രണ്ടോ മൂന്നോ ഷോ ഒരുമിച്ചു നടത്താനാകും വിധമാണ് അവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അവിടെ ഒരിടത്തും ഗ്രൗണ്ടു കേടുവന്നതായി കണ്ടിട്ടില്ല. അവിടെ കളി മുടങ്ങിയിട്ടുമില്ല. അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഇത്തരം സാങ്കേതിക വിദ്യകളേക്കുറിച്ചുവിരമില്ലാത്ത ഐഎഎസ്സുകാരെ ചുമതല ഏല്‍പ്പിക്കരുത്. പാര്‍ട്ടി സമ്മേളനംവരെ ഇവന്റു മാനേജുമെന്റുകാരല്ലേ നടത്തുന്നത്. സ്റ്റേഡിയവും അവര്‍ക്കു കൊടുക്കണം. ഓരോ വലിയ ഇവന്റും ഹോട്ടലുകള്‍ക്കുപോലും നല്‍കുന്നതു കോടികളുടെ കച്ചവടമാണ്. 50,000 പേര്‍ കാണികളായി എത്തുന്ന ഇവന്റില്‍ 5000 ഹോട്ടല്‍ മുറികളെങ്കിലും വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. ഇത്രയും പേര്‍ വരുമ്പോള്‍ വരുന്ന പെട്രോള്‍ കച്ചവടം തന്നെ എത്ര വലുതാകും. കാസര്‍ക്കോടുനിന്നു കൊച്ചിയിലേക്കു കാറില്‍ വരുന്നവര്‍ പലയിടത്തും പെട്രോളടിക്കും പല ഹോട്ടലിലും നിര്‍ത്തി വയറു നിറയ്ക്കും. ഇതെല്ലാം കച്ചവടമായി കാണണം.
ദുബായിയിലും അബുദാബിയിലും ഈ വരും മാസങ്ങളില്‍ വരുന്നതു ഹാന്‍ സിമ്മര്‍, മെറ്റാലിക, ആന്‍ഡ്രേ റിയു, ജനിഫര്‍ ലോപ്പസ്, കാറ്റി പെറി, അബ്ബാ റീ യൂണിയന്‍ തുടങ്ങിയവരാണ്. ഇതു വലിയ വമ്പന്മാരുടെ മാത്രം പട്ടികയാണ്. ഇവിടെനിന്നു വെറും മൂന്നുമണിക്കൂര്‍ പറന്നാല്‍ കേരളത്തിലെത്താം. അതുതന്നെ അവരെ കൊണ്ടുവരാനുള്ള ചെലവ് കുത്തനെ കുറയ്ക്കുന്നു. വേണ്ടതു സൗകര്യം മാത്രമാണ്. ഇതെല്ലാം കാത്തു ടിക്കറ്റെടുക്കുന്നവര്‍ ഒരു പാടുണ്ട്. ലിങ്കന്‍ പാര്‍ക്ക് ജക്കാര്‍ത്തയില്‍ വന്നപ്പോള്‍ കണ്ടുമുട്ടിയ മുംബൈയില്‍നിന്നുള്ള കൂട്ടുകാരുടെ സംഘം പറഞ്ഞതു ഇവിടെയായതുകൊണ്ടു കുറഞ്ഞ യാത്രാചെലവില്‍ വന്നു കാണാനായി എന്നാണ്. അതായതു ടിക്കറ്റ് ലോക വ്യാപകമായി വില്‍ക്കാന്‍ ഒരു പ്രശ്‌നവുമില്ല. അതെല്ലാം കമ്പനികള്‍ ചെയ്‌തോളും, സൗകര്യം ചെയ്തു കൊടുത്താല്‍ മാത്രം മതി. ടിക്കറ്റിനായി ഇരന്നു ചെല്ലരുതെന്നു പ്രത്യേക ഉത്തരവിറക്കുകയും വേണം. നാലു വലിയ ഷോ വന്നാല്‍ നടക്കുന്നതു 2000 കോടി രൂപയുടെ കച്ചവടമാണ്. ഒരോ ഷോയ്ക്കു 10,000 ഹോട്ടല്‍ റൂമെങ്കിലും വേണം. അതായതു കൊച്ചിയില്‍ പരിപാടി നടത്തിയാല്‍ തൃശൂരും ആലപ്പുഴയിലും മൂന്നാറിലും റൂം വില്‍ക്കാം.
എല്ലാ പഞ്ചായത്തിലും ടൂറിസം പദ്ധതി തുടങ്ങുമെന്നു പറഞ്ഞു നടക്കുന്നതിനു പകരം കോടികളുടെ ഈ കളിക്കു തുടക്കമിടണം. ടൂറിസം പദ്ധതിയെന്നാല്‍ എവിടേയും വയ്ക്കാവുന്ന തെങ്ങിന്‍ തൈ അല്ലല്ലോ. ഏതെങ്കിലും പാടത്തു നാലു സിമന്റു ബെഞ്ചിട്ടു എംഎല്‍എയുടെ പേരെഴുതി വയ്ക്കുന്ന പരിപടിയുമല്ല. നല്ല സ്റ്റേഡിയങ്ങളുണ്ടായാല്‍ വേടന്മാര്‍ക്കു പാടത്തു പാടേണ്ടിവരില്ല. പാടാനായി ധാരാളം വേടന്മാര്‍ ഉയര്‍ന്നുവരികയും ചെയ്യും. പ്രാദേശികമായും ഇത്തരം മൈതാനങ്ങള്‍ ഉണ്ടാകട്ടെ. വരൂ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വന്നു പാടൂ എന്നു ലോകത്തിലെ എല്ലാ ബാന്‍ഡുകളോടും പറയണം. അതു പല തട്ടിലായി കോടികളുടെ വരുമാനമുണ്ടാക്കും. ഇതേ മൈതാനം സെവന്‍സ് ഫുട്‌ബോളിനു വാടകയ്ക്കു കൊടുക്കാനും കഴിയണം. പല സെവന്‍സും ലക്ഷങ്ങള്‍ ചെലവാക്കിയാണു ഗ്രൗണ്ടു തയാറാക്കുന്നത്. സെവന്‍സ് അംഗീകൃതമല്ലെന്ന സ്‌പോര്‍ട്‌സ് കൌണ്‍സില്‍ വാദമെല്ലാം തൂക്കി ദൂരെ കളയണം. എന്തു കളിയാണെങ്കിലും ജനം കളിക്കട്ടെ, പഞ്ചായത്തിനു വരുമാനം വരട്ടെ. പരിപാടി നടക്കട്ടെ, പണം വരട്ടെ.
ഇതു നടന്നാല്‍ ഗ്രൗണ്ടുകളുടെ നിലവാരം കൂടും. ക്രിക്കറ്റ് ടീമുകളും ഫുട്‌ബോള്‍ ടീമുകളും ഈ സ്റ്റേഡിയം അവരുടെ ഹോം ഗ്രൗണ്ടാക്കി മാറ്റും. ടിക്കറ്റും നികുതിക്കുമേല്‍ നികുതിയും ചോദിച്ച് ആരും അവരെ ഓടിക്കില്ല. സിനിമാതാരങ്ങളുടെ ക്രിക്കറ്റ് നടക്കുന്ന സമയത്ത് കോര്‍പറേഷനിലെ ഉദ്യോഗസ്ഥ കൂട്ടായ്മ വന്നു 1000 സൗജന്യപാസു ചോദിച്ചപ്പോള്‍ അവരെ കാണാതെ ഒളിച്ചു നടക്കുന്ന ഇടവേള ബാബുവിനെ കണ്ടിട്ടുണ്ട്. ആ അവസ്ഥ ഇല്ലാതിരുന്നാല്‍ ടീമുകള്‍ വരും.
ഇത്തരം വലിയ ഷോകള്‍ വന്നാല്‍ നമ്മുടെ കുട്ടികളതു കാണുകയും അതു ലഹരിയാക്കി മാറ്റുകയും ചെയ്യും. അതിലൂടെ എത്രയോ പേര്‍ ജീവിതമാര്‍ഗം കണ്ടെത്തും. കോള്‍ഡ് പ്ലേ വന്നപ്പോള്‍ നേരിട്ടു തൊഴില്‍ കിട്ടിയതു മുവ്വായിരത്തിലേറെ സാങ്കേതിക വിദഗ്ധര്‍ക്കാണ്. സൗണ്ട്, ലൈറ്റ്, ക്രൗഡ് കണ്‍ട്രോള്‍ തുടങ്ങി ഭക്ഷണമുണ്ടാക്കുന്ന വിദഗ്ദര്‍ക്കുവരെ. ഒരു ഉപകാരവുമില്ലാതെ കുറെപ്പേര്‍ ഗ്രൗണ്ടും മടിക്കുത്തില്‍വച്ചു നടക്കുന്ന പരിപാടി അവസാനിപ്പിച്ചു കോടികളുടെ വരുമാനമുണ്ടാക്കാനുള്ള വഴി നോക്കണം. കടക്കാരെ പേടിച്ചു വാതില്‍ തുറക്കാതെ ജീവിക്കേണ്ടി വരുന്ന ധനകാര്യ മന്ത്രിയെങ്കിലും ഇതാലോചിക്കണം.
വേടന്‍ തുറന്നതൊരു കിളിവാതിലാണ്. അതു വലിയ വാതിലാക്കണം. ഇന്ത്യയുടെ മണ്ണില്‍ ബാന്റുകള്‍ക്കും സംഗീത ഇവന്റുകള്‍ക്കും വലിയൊരു മാര്‍ക്കറ്റുണ്ട്. ഒരു വര്‍ഷം രണ്ട് വമ്പന്‍ രാജ്യാന്തര മ്യൂസിക് ഷോകള്‍ ഇവിടെ നടന്നാല്‍ അതുണ്ടാക്കുന്ന മാര്‍ക്കറ്റ് ചലനം ചെറുതല്ല. തൊട്ടടുത്ത ഗള്‍ഫിലും സിംഗപ്പൂരിലും ജക്കാര്‍ത്തയിലുമെല്ലാം ഇത്തരം പല സംഘങ്ങളും എത്തുന്നുണ്ട്. അതായത് അവരെ ഇവിടേക്കു കൂടി ക്ഷണിച്ചാല്‍ കുറഞ്ഞ ചെലവിലതു നടത്താനാകും. അതൊന്നും സര്‍ക്കാര്‍ നോക്കേണ്ട, നല്ല സൗകര്യം ഏര്‍പ്പെടുത്തി കൊടുത്താല്‍ ആ പണം ജനങ്ങളിലേക്കും മാര്‍ക്കറ്റിലേക്കും എത്തും. ജക്കാര്‍ത്തയിലെ ഒരു കൊറിയന്‍ ബാന്റു കാണാമെത്തിയതു 50,000 പേരാണ്. അത്തരം ബാന്റുകള്‍ ഇവിടേയും വരട്ടെ. ബാന്റുകള്‍ വരുന്ന സ്ഥലം അന്വേഷിച്ചു എത്രയോ പേര്‍ പിന്നെ എത്തിക്കൊണ്ടേയിരിക്കുമെന്നതെങ്കിലും ടൂറിസം മന്ത്രി തിരിച്ചറിയണം. നിങ്ങളു വിചാരിച്ചാല്‍ ഇതു നടക്കും, പക്ഷേ വിചാരിക്കണം. വിവരമില്ലാത്ത മേഖലയാണെങ്കില്‍ അതേക്കുറിച്ചു പഠിക്കണം. ഇത്തരം വലിയ പരിപാടികളുടെ കച്ചവടം അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനും വഴിയൊരുക്കും. കേരളത്തിനു സാമ്പത്തിക നേട്ടത്തിന്റെ പുതിയ വഴികള്‍ കണ്ടെത്താം. വേടന്റ മുടങ്ങിയ പരിപാടി തുറന്നത് ഇതിലേക്കുള്ള വാതിലാണ്.
Content Highlights: Kerala Needs Big Music Shows: Unlocking Economic Potential
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·