വേണ്ട കളിക്കാരെയെല്ലാം നൽകി; തോൽവിയിൽ ഇനി നോ 'എക്സ്ക്യൂസ്'; ഗംഭീർ സമ്മർദത്തിലെന്ന് മുൻതാരം

6 months ago 6

28 June 2025, 06:20 PM IST

gambhir-under-pressure-india-england-test-defeat

Photo: PTI

മുംബൈ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചാം ദിവസത്തെ അവസാന സെഷനിലെ നിരാശാജനകമായ തോല്‍വിയോടെയാണ് ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ആരംഭിച്ചത്. ഏഴു സെഷനുകളോളം മത്സരത്തിന്റെ നിയന്ത്രണം നിലനിര്‍ത്തി, അഞ്ച് സെഞ്ചുറികള്‍ ഉള്‍പ്പെടെ രണ്ട് ഇന്നിങ്‌സിലുമായി 835 റണ്‍സ് നേടിയ ശേഷമായിരുന്നു ആ തോല്‍വി. ഗൗതം ഗംഭീര്‍ പരിശീലകനായി വന്ന ശേഷം കഴിഞ്ഞ ഒമ്പത് ടെസ്റ്റുകളില്‍ ഏഴിലും ഇന്ത്യ തോറ്റു. ഇതോടെ ഗംഭീറിനെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം വലിയ സമ്മര്‍ദത്തിലാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''ഗൗതം ഗംഭീറിനുമേല്‍ വളരെയധികം സമ്മര്‍ദമുണ്ട്. സമ്മര്‍ദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനം പരിശോധിച്ചാല്‍, അദ്ദേഹം അധികം മത്സരങ്ങള്‍ ജയിച്ചിട്ടില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ബംഗ്ലാദേശിനെതിരേ രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയക്കെതിരേ ഒരു മത്സരത്തിലും അദ്ദേഹം വിജയിച്ചു. എന്നിരുന്നാലും, ന്യൂസീലന്‍ഡിനെതിരേ മൂന്ന് മത്സരങ്ങളിലും ഓസ്‌ട്രേലിയക്കെതിരേ മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ ഒരു മത്സരത്തിലും അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹം തുടര്‍ച്ചയായി തോറ്റുകൊണ്ടിരിക്കുകയാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിനെ ചോദ്യം ചെയ്യാനില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിനെ ചോദ്യം ചെയ്യാനില്ല. എന്നാല്‍ ടെസ്റ്റിന്റെ കാര്യത്തില്‍ അദ്ദേഹത്തിനെതിരേ ചോദ്യങ്ങള്‍ ഉയരുമെന്നാണ് ഞാന്‍ കരുതുന്നത്.'' - ചോപ്ര പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പര തോറ്റാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ ഭാവി അപകടത്തിലാകുമെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

''ഇംഗ്ലണ്ട് പരമ്പര നന്നായി പോയില്ലെങ്കില്‍ ഗംഭീറിനെതിരേ ചോദ്യചിഹ്നം ഉയരും. എവിടേക്കാണ് പോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നുമുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. കാരണം ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത് എന്തായാലും അത് സെലക്ടര്‍മാര്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കളിക്കാരന്‍, നിങ്ങള്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ എണ്ണം, നിങ്ങള്‍ ചൂണ്ടിക്കാട്ടുന്ന കളിക്കാരന്‍ എന്നിവയെല്ലാം അവര്‍ നല്‍കുന്നുണ്ട്. അങ്ങനെയെങ്കില്‍ നിങ്ങള്‍ മികച്ച ഫലങ്ങളും നല്‍കേണ്ടതുണ്ട്. അതില്‍ ഒഴികഴിവുകളൊന്നുമില്ല.'' - ചോപ്ര വ്യക്തമാക്കി.

Content Highlights: Former Indian cricketer Akash Chopra criticizes Gautam Gambhir`s coaching aft India`s loss

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article