Published: January 19, 2026 02:02 PM IST
2 minute Read
ധാക്ക ∙ ട്വന്റി20 ലോകകപ്പിലെ വേദിമാറ്റം സംബന്ധിച്ച ചർച്ചകളിൽ അനിശ്ചിതത്വം നിലനിൽക്കെ അടുത്ത നീക്കവുമായി ബംഗ്ലദേശ്. വിഷയത്തിൽ പിന്തുണ തേടി ബംഗ്ലദേശ് സർക്കാർ, പാക്കിസ്ഥാനെ സമീപിച്ചതായാണ് റിപ്പോർട്ട്. ‘‘ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പിന്തുണ തേടി ബംഗ്ലദേശ് സർക്കാർ പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. അനുകൂലമായ സമീപനമാണ് പാക്കിസ്ഥാൻ സ്വീകരിച്ചത്. ബംഗ്ലദേശിന്റെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ലോകകപ്പിൽനിന്നു സ്വയം പിന്മാറാനും പാക്കിസ്ഥാൻ തയാറായേക്കും’’– ബിസിബി വൃത്തം പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്കു നയിച്ച രാഷ്ട്രീയ പ്രക്ഷോഭത്തിനുശേഷം ബംഗ്ലദേശും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാണ്. നിലവിൽ ഇന്ത്യയിലുള്ള ഹസീനയെ കൈമാറണമെന്ന ബംഗ്ലദേശിന്റെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതാണ് ഇന്ത്യ–ബംഗ്ലദേശ് നയതന്ത്ര ബന്ധത്തെ വഷളാക്കിയത്. ഇതിന്റെ തുടർച്ചലനങ്ങളാണ് ക്രിക്കറ്റിലേക്കു വ്യാപിച്ചത്.
മറുവശത്ത് ബംഗ്ലദേശും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധവും സമീപ മാസങ്ങളിൽ മെച്ചപ്പെട്ടു. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ രണ്ട് ബോർഡുകളും അടുത്ത് പ്രവർത്തിച്ചു. പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിക്ക് ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്‌ലാം ശക്തമായ പിന്തുണയാണ് നൽകിയത്. ടൂർണമെന്റിന് മുന്നോടിയായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗം നടത്തണമെന്ന ബംഗ്ലദേശിന്റെ ആവശ്യത്തിന് നഖ്‌വി പൂർണ പിന്തുണ നൽകിയിരുന്നു.
ഇന്ത്യ– ബംഗ്ലദേശ് നയതന്ത്ര സംഘർഷങ്ങളെ തുടർന്ന് ബംഗ്ല പേസർ മുസ്തഫിസുർ റഹ്മാനെ ഈ വർഷത്തെ ഐപിഎൽ ക്രിക്കറ്റിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്നും തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്(ഐസിസി) ബിസിബി രണ്ടു തവണ കത്ത് നൽകിയെങ്കിലും ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് വിഷയത്തിൽ ബിസിബി, പാക്കിസ്ഥാന്റെ പിന്തുണ തേടിയത്.
∙ ബംഗ്ലദേശിന് ഡെഡ്‌ലൈൻവിഷയത്തിൽ തീരുമാനമെടുക്കുന്നതിന് ബിസിബിക്ക് ഐസിസി അന്ത്യശാസനം നൽകിയെന്നാണ് വിവരം. ഈ മാസം 21ന് അന്തിമതീരുമാനം അറിയിക്കണമെന്നാണ് ശനിയാഴ്ച ധാക്കയിൽ നടന്ന ചർച്ചയിൽ ഐസിസി നിർദേശിച്ചത്. തങ്ങളുടെ മത്സരം ഇന്ത്യയിൽനിന്നു മാറ്റണമെന്ന ഉറച്ചനിലപാടിൽ തന്നെയായിരുന്നു ഈ ചർച്ചയിലും ബിസിബി. ലോകകപ്പിലെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ കളിക്കാനുള്ള സൗകര്യത്തിനായി ഗ്രൂപ്പ് വച്ചു മാറാമെന്ന നിർദേശവും ഐസിസിക്കു മുന്നിൽ ബിസിബി വച്ചു. ഗ്രൂപ്പ് സിയിൽനിന്ന് ഗ്രൂപ്പ് ബിയിലേക്ക് ബംഗ്ലദേശിനെ മാറ്റി പകരം ഗ്രൂപ്പ് ബിയിൽനിന്ന് അയർലൻഡിനെ ഗ്രൂപ്പ് സിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
ബംഗ്ലദേശ് നിലവിൽ വെസ്റ്റിൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ്. കൊൽക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലദേശിന്റെ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ശ്രീലങ്ക, ഓസ്‌ട്രേലിയ, ഒമാൻ, സിംബാബ്‌വെ എന്നിവരോടൊപ്പം ഗ്രൂപ്പ് ബിയിലാണ് അയർലൻഡ്. അവരുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതാണ് ബംഗ്ലദേശിനെ ആകർഷിക്കുന്നത്.
മറുവശത്ത് നിലവിലെ ഷെഡ്യൂൾ മാറ്റില്ലെന്ന നിലപാടിൽ ഐസിസിയും ഉറച്ചുനിൽക്കുകയാണ്. ബംഗ്ലദേശ് പറയുന്നതുപോലെയൊരു സുരക്ഷാ ഭീഷണി ഇന്ത്യയിൽ ഇല്ലെന്ന് ഐസിസി വ്യക്തമാക്കി. ലോകകപ്പ് ആരംഭിക്കുന്നതിന് ഇനി വെറും മൂന്നാഴ്ച മാത്രം ശേഷിക്കെ എത്രയും പെട്ടെന്ന് തീരുമാനം അറിയിക്കണമെന്ന് ഐസിസി നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കാൻ ബിസിബി വിസമ്മതിച്ചാൽ, പകരം ടീമിലെ ഉൾപ്പെടുത്താനാണ് ഐസിസിയുടെ തീരുമാനം. നിലവിലെ റാങ്കിങ് അനുസരിച്ച്, ഇതു സ്കോട്ട്ലൻഡാകാനാണ് സാധ്യത.
English Summary:








English (US) ·