വേദനകൊണ്ടു പുളഞ്ഞ പന്ത് ഗ്രൗണ്ട് വിട്ടു, വിക്കറ്റ് കീപ്പറായി ജുറെല്‍ ഗ്രൗണ്ടില്‍; കാരണമിതാണ്

6 months ago 7

10 July 2025, 08:26 PM IST

rishabh-pant-injured-finger

Photo: PTI

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആശങ്കയായി വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പരിക്ക്. ജസ്പ്രീത് ബുംറയെറിഞ്ഞ പന്ത് പിടിക്കുന്നതിനിടെ വിരലിന് പരിക്കേറ്റ പന്ത് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പന്തിന് പകരം ധ്രുവ് ജുറെലാണ് വിക്കറ്റിനു പിന്നില്‍.

മത്സരത്തിന്റെ ഒന്നാം സെഷനിടെ വിക്കറ്റിനു പിന്നില്‍ പന്ത് പിടിക്കുന്നതിനിടെ ഋഷഭിന് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് രണ്ടാം സെഷനിടെ ഇന്നിങ്‌സിന്റെ 34-ാം ഓവറില്‍ ഒലി പോപ്പിനെതിരേ ബുംറയെറിഞ്ഞ പന്ത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ഋഷഭിന്റെ വിരലില്‍ പന്ത് തട്ടി. ഇതോടെ വേദനകൊണ്ട് പുളഞ്ഞ താരത്തെ ടീം ഫിസിയോ എത്തി പരിശോധിക്കുകയും വിരലില്‍ വേദന അകറ്റുന്നതിനുള്ള സ്‌പ്രേ അടിക്കുകയും ചെയ്തു. പക്ഷേ തുടര്‍ന്നും താരം വേദന കാരണം അസ്വസ്ഥത കാണിച്ചു.

ഇതോടെ ടീം ഡോക്ടര്‍മാര്‍ കോച്ച് ഗൗതം ഗംഭീറിനോട് പന്തിനെ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കടുത്ത വേദന ഉണ്ടായിരുന്നിട്ടും ആദ്യം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങാന്‍ പന്ത് ഒരുക്കമല്ലായിരുന്നു. പിന്നാലെ വിക്കറ്റ് കീപ്പിങ് പുനരാരംഭിച്ചെങ്കിലും ഗ്ലൗ ധരിക്കുമ്പോള്‍ താരത്തിന് കടുത്ത വേദന അനുഭവപ്പെടുന്നത് കാണാമായിരുന്നു. ഒടുവില്‍ മൂന്ന് പന്തുകള്‍ക്ക് ശേഷം താരം മടങ്ങാന്‍ തയ്യാറാകുകയായിരുന്നു. തിരിച്ചുപോകുന്നതിനിടെ ഡഗ്ഔട്ടില്‍ കുറച്ചുസമയം ചെലവഴിച്ച ശേഷമാണ് പന്ത് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്.

ഇതോടെ ജുറെല്‍ കളത്തിലിറങ്ങി. അതേസമയം പന്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. പരിക്ക് താരത്തിന്റെ ബാറ്റിങ്ങിനെ ബാധിച്ചാല്‍ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും.

Content Highlights: Rishabh Pant injured his digit during the India vs England Test match. Druv Jurel replaced

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article