
ദുൽഖർ സൽമാൻ | ഫോട്ടോ: അറേഞ്ച്ഡ്
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെ തെലങ്കാന സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കി ദുൽഖർ സൽമാൻ. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തത്. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് പ്രഖ്യാപിക്കുന്നത്.
2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്‍കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ദുൽഖർ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്. മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരിയാണ്. മലയാള സിനിമയിലെ ഒരു നടന് അന്യഭാഷയിൽ ലഭിച്ച ഈ വമ്പൻ അംഗീകാരത്തിലൂടെ മലയാള സിനിമയുടെ തന്നെ അഭിമാനം ഉയർത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.
തിയേറ്ററുകളിൽ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ ലക്കി ഭാസ്കറിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും അഭൂതപൂർവമായ സ്വീകരണമാണ് ആഗോള തലത്തിലുള്ള പ്രേക്ഷകർ നൽകിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം കേരളത്തിലും ഗൾഫിലും തീയേറ്ററുകളിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആയിരുന്നു. ബോക്സ് ഓഫീസ് പ്രകടനത്തിന് പുറമെ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായുള്ള തന്റെ ഗംഭീര പ്രകടനം കൊണ്ട് ദുൽഖർ സൽമാൻ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു.
ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിലാണ് കഥ പറഞ്ഞത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിച്ചത്.
Content Highlights: Dulquer Salmaan Wins Prestigious Telangana State Award for "Lucky Baskhar"
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·