വൈകാരികമായി വരിഞ്ഞുമുറുക്കി സ്‌ക്വിഡ് ഗെയിംസ്-3, മരണക്കളിക്ക് അമേരിക്കയില്‍ ആളെച്ചേര്‍ക്കുന്നു!

6 months ago 7

നെറ്റ്ഫ്ളിക്സിന്റെ ചരിത്രത്തില്‍ ഏറ്റവും സാംസ്‌കാരിക സ്വാധീനമുണ്ടാക്കിയ പരമ്പര സ്‌ക്വിഡ് ഗെയിംസിന്റെ മൂന്നാം സീസണും അങ്ങനെ അവസാനിച്ചിരിക്കുന്നു. മുതലാളിത്ത ലോകത്തെ ദയാശൂന്യമായ ജീവിതപ്പന്തയത്തില്‍ ഒരുതരത്തിലും ജയിക്കാന്‍ അവസരമില്ലാത്ത നിന്ദിതരുടെയും പീഡിതരുടെയും കഥ പറഞ്ഞ കൊറിയന്‍ പരമ്പര ആയിരക്കണക്കിനു മീമുകള്‍ക്കും വേഷവിധാനങ്ങള്‍ക്കും വില്‍പ്പനച്ചരക്കുകള്‍ക്കും പ്രചോദനമായി. ആറ് എപ്പിസോഡുകളുള്ള മൂന്നാംഭാഗം രണ്ടാം സീസണെക്കാള്‍ ഹൃദയസ്പര്‍ശിയാണ്, സാങ്കേതികമായി വളരെ മികച്ച നിലവാരവും പുലര്‍ത്തുന്നു. പക്ഷേ, പരമ്പരയിലെ തീവ്രവൈകാരികത എല്ലാവിഭാഗം പ്രേക്ഷകര്‍ക്കും ഇഷ്ടമാവണമെന്നില്ല.

ക്രൂരതയും മനുഷ്യത്വമില്ലായ്മയും പരിചിതമായി കഴിഞ്ഞിരുന്നതിനാല്‍ ആദ്യസീസണ്‍ ഉണ്ടാക്കിയ ഞെട്ടിക്കലിനോട് കിടപിടിക്കാന്‍ രണ്ടാം സീസണായിരുന്നില്ല. അതിനാല്‍ രണ്ടാം സീസണിന് കാത്തിരുന്നപോലെ ആവേശത്തോടെയല്ല ഈ സീസണിനെ പ്രേക്ഷകര്‍ കാത്തിരുന്നത്. ഏറെക്കുറെ നിശബ്ദമായാണ് സീസണ്‍ വന്നുവീണതും. പക്ഷേ, ചില പാളിച്ചകളുണ്ടെങ്കിലും മൂന്നാംസീസണ്‍ പ്രതീക്ഷിച്ചതിനപ്പുറം പോയെന്നു വേണം പറയാന്‍. സംവിധായകന്‍ ഹോങ് ഡോങ് ഹ്യുക് സ്വന്തം ജീവിതത്തിലെ ദരിദ്രകാലങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണത്രെ ഈ കഥയുണ്ടാക്കിയത്.

കടം കയറി കുത്തുപാളയെടുത്ത് ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന നിസ്സഹായരെ കളിയുടെ സംഘാടകര്‍ കണ്ടെത്തുന്നു. അതിനുമുണ്ട് ഒരു കളി. തിരഞ്ഞെടുക്കപ്പെട്ടാല്‍ ചില 'നിസ്സാരമത്സരങ്ങള്‍' വിജയിക്കണം, എങ്കില്‍ ഏതാണ്ട് നാലുകോടി ഡോളറിനു തുല്യമായ തുക സമ്മാനമായി കിട്ടും. കളിക്ക് പല റൗണ്ടുകളുണ്ട്. ഓരോ റൗണ്ട് കഴിയുമ്പോഴും പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരും. തോറ്റാല്‍ മരണം ഉറപ്പ്. മിക്കപ്പോഴും ജയം സഹകളിക്കാരെ ഇല്ലായ്മ ചെയ്യാനുള്ള മിടുക്കിനെ ആശ്രയിച്ചാണ്. ലോകമറിയാത്ത ഏതോ വിദൂരദ്വീപില്‍ നടക്കുന്ന കളിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ മടക്കം ജയിച്ചാല്‍ മാത്രം!

ഈ മൂന്നു ഭാഗങ്ങളിലെയും നായകന്‍ കാര്‍ ഫാക്ടറിത്തൊഴിലാളിയായ സങ് ജി ഹുനാണ്. ജേഴ്സി നമ്പര്‍ 465. പരാജയങ്ങളില്‍ വീറുകെട്ട്, ആത്മാഭിമാനം തീര്‍ത്തും നഷ്ടപ്പെട്ട കാലത്താണ് അയാള്‍ സ്‌ക്വിഡ് ഗെയിമിലേക്ക് എത്തിയത്. ആദ്യസീസണില്‍ അയാളാണ് ജയിച്ചത്; സമ്മാനമായി കിട്ടിയ കോടിക്കണക്കിനു പണം ധൂര്‍ത്തടിച്ചു സുഖിച്ചു ജീവിക്കാന്‍ അയാള്‍ക്കുള്ളിലെ മനുഷ്യസ്നേഹി അനുവദിക്കുന്നില്ല. നിലയില്ലാക്കയത്തില്‍ നിന്നും കരകയറാന്‍ സര്‍വവും പണയം വെക്കുന്ന നിസ്സഹായരുടെ കൊലപാതകപരമ്പര തടയാന്‍ സങ് എന്തിനും തയ്യാറാവുന്നു. രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി കയറിക്കൂടുന്ന സങ് ജി ഹുന്‍ സംഘാടകര്‍ക്കെതിരെ പൊരുതാന്‍ സഹകളിക്കാരെ പ്രേരിപ്പിക്കുന്നു. മത്സരത്തിന്റെ പകുതിക്കിടെ നടന്ന കലാപശ്രമം അടിച്ചമര്‍ത്തപ്പെടുന്നിടത്താണ് രണ്ടാം സീസണ്‍ അവസാനിക്കുന്നത്. ഇരുഭാഗത്തും കനത്ത ആള്‍നാശമുണ്ടാവുന്നു. കലാപത്തിനു ശേഷം ബാക്കിയായത് 60 കളിക്കാര്‍ മാത്രം.

മൂന്നാം സീസണ്‍ തുടങ്ങുമ്പോള്‍ നിസ്സംഗമായ ക്രൂരതയ്ക്ക് പര്യായമായ ചില കളികളാണ് മത്സരത്തില്‍ അവശേഷിച്ചിട്ടുള്ളത്. അതിലൊന്ന് നമ്മുടെ ഒളിച്ചുകളി പോലെയാണ്. കളിക്കാരെ രണ്ടു ഗ്രൂപ്പുകളായി തിരിക്കുന്നു. നീല, ചുവപ്പു സംഘങ്ങള്‍. ചുവപ്പുകളിക്കാര്‍ക്ക് ഓരോ കത്തി നല്‍കിയിട്ടുണ്ട്. നീല വേഷക്കാര്‍ ഒളിച്ചിരിക്കണം. നീല ടീമിലെ ഒരാളെയെങ്കിലും കൊന്നാലേ ചുവപ്പു ടീമിലുള്ള ഓരോരുത്തര്‍ക്കും അടുത്ത ഘട്ടത്തിലേക്കു കടക്കാനാവൂ (ജീവനോടെ).

ആ കളി ജയിച്ചാല്‍ ഒരുതരം സ്‌കിപ്പിങ് റോപ്പാണ്. ഇടുങ്ങിയ ഒരു പാലത്തിനു മുകളിലൂടെ കറങ്ങുന്ന കയര്‍. അതിനു മുകളിയൂടെയാണ് സ്‌കിപ്പിങ്. അല്‍പ്പം തെറ്റിയാല്‍ അഗാധമായ താഴ്ചയിലേക്കു വീഴും. നമ്മുടെ നായകന്‍ സങ് മത്സരത്തിനിടെ ഒരു യുവതി പ്രസവിച്ച കൈക്കുഞ്ഞുമായി മറുകരയെത്തുന്നു. അമ്മയെ കൊണ്ടുപോകാന്‍ തിരിച്ചുവരണമെന്നുണ്ടെങ്കിലും അവര്‍ സമ്മതിക്കുന്നില്ല. സ്‌കൈ സ്‌ക്വിഡ് ഗെയിം എന്നു പേരായ അവസാനഗെയിമില്‍ ഒരു ജേതാവിനേ സാധ്യതയുള്ളൂ. ചതുര, ത്രികോണ, വൃത്ത രൂപങ്ങളില്‍ വളരെ ഉയരത്തില്‍ കെട്ടിപ്പൊക്കിയ മൂന്നു സ്തംഭങ്ങള്‍. നിശ്ചതസമയത്തിനുളളില്‍ നിശ്ചിത എണ്ണം എതിരാളികളെ തള്ളി'പ്പുറത്താക്കണം.' ഒടുവില്‍ വൃത്തമെത്തുമ്പോള്‍ സങ് ജി ഹനും മറ്റൊരു എതിരാളിയും മാത്രം. ആരാണു ജയിക്കുക? സങ് ജി ഹുനിന്റെ റോളില്‍ ലീ ജുങ് ജേ ഉജ്ജ്വലപ്രകടനമാണ് കാഴ്ച വെക്കുന്നത്. തീര്‍ത്തും അവിശ്വസനീയമായ ഭൗതിക, വൈകാരിക പരിസരങ്ങളെ തികച്ചും വിശ്വസനീയമാക്കി മാറ്റുന്ന കറതീര്‍ന്ന അഭിനയം.

ഈ മത്സരങ്ങള്‍ അരങ്ങേറുന്നതിനിടെ സമാന്തരമായി ഈ ദ്വീപ് കണ്ടെത്താന്‍ ഡിറ്റക്ടീവ് ജൂണ്‍ ഹോ ശ്രമം തുടരുകയാണ്. അദ്ദേഹത്തിന് ദ്വീപിലെ മരണക്കളി നിര്‍ത്തുന്നതുപോലെ പ്രധാനമാണ് മത്സരത്തിന്റെ പ്രധാനസംഘാടകനായ തന്റെ സഹോദരന്‍ ഫ്രണ്ട്മാനെ കണ്ടെത്തുന്നതും. സഹോദരനെ കാണാന്‍ ജൂണിന് ആയെങ്കിലും അതു കൊണ്ട് യാതൊരു ഗുണവുമില്ല! ഫ്രണ്ട്മാനായി ലീ ബ്യുങ് ഹുന്‍ വെട്ടിത്തിളങ്ങുന്നു. ആത്മവിശ്വാസക്കുറവുള്ള, ഭീരുവായ മിന്‍ സൂവിന്റെ റോളില്‍ ലീ ഡേവിഡും ശ്രദ്ധേയമായി.

ഇതു നോക്കുക. ജീവന്‍ പണയം വെച്ച മത്സരത്തിനൊടുവില്‍ 'മരണക്കിണര്‍' മറികടന്നെത്തുന്നവരെ കൊല്ലാന്‍ കാത്തിരിക്കുകയാണ് മറ്റൊരു മത്സരാര്‍ത്ഥി. കൊല്ലുന്തോറും അന്തിമവിജയത്തിലേക്കുള്ള ദൂരം കുറയുകയാണല്ലോ! അതുപോലെ, കൈക്കുഞ്ഞ് ജീവിച്ചിരുന്നാല്‍ സമ്മാനപ്പണത്തിന് അവകാശികള്‍ കൂടുമെന്നു കരുതി ഭൂരിഭാഗം കളിക്കാരും അതിനെ കൊന്നു കളയാന്‍ മുറവിളി കൂട്ടുന്നതും നമ്മെ ഞെട്ടിക്കും. ഓരോ മത്സരം തുടങ്ങും മുമ്പും കളി മതിയാക്കണോ, തുടരണോ എന്നു തീരുമാനിക്കാന്‍ വോട്ടെടുപ്പുണ്ടെങ്കിലും ഒരിക്കലും കളിയവസാനിപ്പിക്കാനുള്ള തീരുമാനത്തിന് ഭൂരിപക്ഷം കിട്ടില്ല. ഭൂരിപക്ഷതീരുമാനത്തെ സ്വാധീനിക്കാന്‍ കൈക്കരുത്ത് ഉള്ളവനാകും. ജനാധിപത്യത്തിന്റെ ഈ പാളിച്ചയെ ഇതിലും ഭംഗിയായി ചിത്രീകരിക്കാനാവില്ല.

പരമ്പര വൈകാരികതലത്തില്‍ നമ്മെ ഞെട്ടിക്കുന്നു. ഒട്ടേറെ സങ്കീര്‍ണ കഥാപാത്രങ്ങളിലൂടെ, അവരുടെ കെട്ടുപിണഞ്ഞ ബന്ധങ്ങളിലൂടെ പ്രേക്ഷകരെ ഒപ്പം നടത്താന്‍ പരമ്പരയ്ക്കാവുന്നു. കളിക്കാരുമായി പ്രേക്ഷകര്‍ അറിയാതെ തന്‍മയീഭവിച്ചു പോവും. പണത്തിനും അതിജീവനത്തിനുമായുള്ള ശ്വാസം പിടിച്ചുള്ള പോരാട്ടത്തിനിടയില്‍ അമ്മയും മകനും, കാമുകീ കാമുകന്‍മാരും സഹോദരങ്ങളുമൊന്നും പ്രശ്നമല്ലാതാവുന്നു. ജീവിച്ചിരിക്കണമെങ്കില്‍ മറ്റൊരാളെ കൊല്ലണമെന്നു വന്നാല്‍ അതു ചെയ്യുന്നവരാവും ബഹുഭൂരിഭാഗവുമെന്ന് പരമ്പര പറഞ്ഞുവെക്കുന്നു. അതിജീവനം വെല്ലുവിളിയാവുമ്പോള്‍ മൃഗവാസനകളുണരും. അടക്കിയും കൊന്നും ജയിക്കാന്‍ മനുഷ്യന്‍ സ്വയം തയ്യാറെടുക്കും!

എങ്കിലും എത്രതന്നെ വിപരീതസാഹചര്യമായാലും മനുഷ്യപ്പറ്റും ആര്‍ദ്രതയും പൂര്‍ണമായും വറ്റിപ്പോവുകയില്ലെന്ന സന്ദേശവും പരമ്പര ഒളിപ്പിച്ചുവെക്കുന്നുണ്ട്. സങ് ജി ഹുന്‍, മത്സരത്തിനിടെ അമ്മയാവുന്ന ജൂണ്‍ ഹീ, മാതൃസ്നേഹത്തേക്കാള്‍ മനുഷ്യസ്നേഹത്തിനു വിലകൊടുക്കുന്ന മ്യുങ് ജി എന്ന വയോധിക, ഉത്തരകൊറിയയില്‍ നിന്നെത്തിയ വനിതാപോരാളി നോവുള്‍- ഇവരിലൂടെ സംവിധായകന്‍ ഹോങ് ഡോങ് ഹ്യുക് പറയാനുദ്ദേശിക്കുന്നത് അതാണെന്നു തോന്നും.

ആദ്യ രണ്ടു സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി വി.ഐ.പികള്‍ക്ക് വേണ്ടതിലധികം സ്‌ക്രീന്‍ സ്പെയ്സ് കൊടുത്തിട്ടുണ്ട്. അവരെ സംബന്ധിച്ച നിഗൂഢത നിലനിര്‍ത്തേണ്ടതായിരുന്നു എന്ന് ഇപ്പോള്‍ സംവിധായകനു തോന്നുന്നുണ്ടാവും! മൃഗരൂപങ്ങളില്‍ സ്വര്‍ണത്തില്‍ നിര്‍മിച്ച മുഖാവരണങ്ങള്‍ ധരിച്ചാണ് അവര്‍ പ്രത്യക്ഷപ്പെടുന്നത്. അത്യാഡംബര ഹോട്ടലില്‍ ഒരുമിച്ചിരുന്ന് മത്സരം തല്‍സമയം വീക്ഷിക്കുന്ന ഇവരുടെ സംഭാഷണം അരോചകമാണ്. എങ്കിലും മത്സരത്തില്‍ ചില ട്വിസ്റ്റുകള്‍ കൊണ്ടു വരാന്‍- കൈക്കുഞ്ഞ് മത്സരാര്‍ത്ഥിയായതടക്കം- അവരുടെ നിര്‍ദ്ദേശങ്ങള്‍ കാരണമാവുന്നു.

ഇതോടെ സ്‌ക്വിഡ് ഗെയിംസ് അവസാനിച്ചാലും ഇല്ലെങ്കിലും പരമ്പര വിനോദവ്യവസായത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ പെട്ടെന്നൊന്നും വിസ്മൃതിയിലാവില്ല. സാധാരണമനുഷ്യന്റെ ജീവിതദുരന്തങ്ങളെയും അതിജീവനത്തിനുള്ള അവിശ്വസനീയമായ വെപ്രാളത്തെയും ഇതിനേക്കാള്‍ നന്നായി പ്രതീകവത്കരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. സ്‌ക്വിഡ് ഗെയിംസിന്റെ ലോകം, അതിന്റെ രൂപകല്‍പ്പനയും വര്‍ണവിന്യാസവും, കളിക്കാരുടെയും ഭടന്‍മാരുടെയും ഫ്രണ്ട്മാന്റെയും വിഐപികളുടെയും വേഷവിധാനങ്ങളും മുഖാവരണങ്ങളും-- ഓര്‍മയില്‍ ഒട്ടിനില്‍ക്കുന്ന നിരവധി ഘടകങ്ങളുണ്ട് ഈ പരമ്പരയില്‍. ജുങ് ജേ ഇല്‍ കവ്പോസ് ചെയ്ത സംഗീതമാണ് പരമ്പരയുടെ മറ്റൊരു ഹൈലൈറ്റ്. പ്രത്യേകിച്ച്, വൈകാരിക രംഗങ്ങളില്‍, കടുത്ത ഹിംസ നടക്കുമ്പോള്‍ കേള്‍ക്കുന്ന വളരെ നിഷ്‌കളങ്കതയും ഗൃഹാതുരത്വവും ഉണര്‍ത്തുന്ന നഴ്സറിപ്പാട്ടു പോലുള്ള സംഗീതം.

ഇത് അവസാന സീസണായിരിക്കുമെന്നായിരുന്നു സ്രഷ്ടാക്കള്‍ പറഞ്ഞിരുന്നത്. പക്ഷേ, സീസണ്‍ അവസാനിക്കുന്നത് അമേരിക്കയിലാണ്. അവിടെ ഒരു തെരുവില്‍ മത്സരാര്‍ത്ഥിയെ കണ്ടെത്താനുള്ള ഡീഡാക്ജി കളി (ഒരു കൊറിയന്‍ കുട്ടിക്കളി) നടക്കുകയാണ്. റിക്രൂട്ടറുടെ റോളില്‍ പ്രമുഖ ഹോളിവുഡ് നടി കെയ്റ്റ് ബ്ലാന്‍ചെറ്റും. പരമ്പര അമേരിക്കയിലേക്ക് പറിച്ചുനടുകയാണോ? തികച്ചും കൊറിയനായ ഈ സങ്കല്‍പ്പം മറ്റൊരിടത്ത് 'വര്‍ക്കാ'വില്ലെന്നു വാദിക്കുന്നവരുണ്ട്. പക്ഷേ, മുതലാളിത്തത്തിന്റെ സര്‍വവിധ പ്രലോഭനങ്ങളും ദുരിതങ്ങളും നടമാടുന്ന അമേരിക്കയല്ലേ സ്‌ക്വിഡ് ഗെയിംസിനു കൂടുതല്‍ ചേരുക?

Content Highlights: A gripping reappraisal of Squid Game play 3 exploring its affectional depth, aggravated games, shocking end

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article