12 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിന് രോഹിത് ശര്‍മ ഒടുവില്‍ വിരാമമിട്ടു. സമീപകാലത്ത് ടെസ്റ്റിലെ മോശം ഫോമും സെലക്ഷന്‍ കമ്മിറ്റിയുടെ സമ്മര്‍ദവുമാണ് താരത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് വ്യക്തം. 2013-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിരമിക്കല്‍ പരമ്പരയിലായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം. ആദ്യ രണ്ട് ടെസ്റ്റുകളിലും സെഞ്ചുറിയുമായി സ്വപ്‌നതുല്യമായ തുടക്കമായിരുന്നു രോഹിത്തിന്റേത്. എന്നാല്‍ അതിനും മൂന്നു വര്‍ഷം മുമ്പേ രോഹിത് ടെസ്റ്റില്‍ അരങ്ങേറേണ്ടതായിരുന്നു. 2010-ല്‍ നാഗ്പുരില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ രോഹിത് അരങ്ങേറേണ്ടതായിരുന്നു. എന്നാല്‍ ആയിടയ്ക്ക് കണങ്കാലിനേറ്റ പരിക്ക് രോഹിത്തിന് തിരിച്ചടിയായി. അന്ന് സ്വന്തം മൈതാനത്ത് അരങ്ങേറ്റം കുറിക്കാനുള്ള അവസരമാണ് പരിക്ക് കാരണം രോഹിത്തിന് നഷ്ടമായത്. രോഹിത്തിന്റെ നഷ്ടം പക്ഷേ വൃദ്ധിമാന്‍ സാഹയ്ക്ക് അനുഗ്രഹമായി. ആ ടെസ്റ്റില്‍ രോഹിത്തിന് പകരം അരങ്ങേറ്റം കുറിച്ചത് സാഹയായിരുന്നു.
രണ്ടു വര്‍ഷത്തിനു ശേഷം 2011-12 ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ പെര്‍ത്ത് ടെസ്റ്റില്‍ രോഹിത്തിന് അരങ്ങേറ്റം ഒരുങ്ങുമെന്ന് പ്രതീക്ഷിച്ചതാണ്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും വിരാട് കോലി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ പരാജയപ്പെട്ടതോടെയായിരുന്നു ഇത്. മൂന്നാം ടെസ്റ്റില്‍ കോലിക്ക് പകരം ഇന്ത്യ രോഹിത്തിന് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്ന സെലക്ടര്‍മാരുടെ സമ്മര്‍ദം വകവെയ്ക്കാതെ ക്യാപ്റ്റനായിരുന്ന എം.എസ് ധോനി, കോലിയെ പ്ലേയിങ് ഇലവനില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഒടുവില്‍ കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു രോഹിത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി രോഹിത് വരവറിയിച്ചു. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മാന്‍ ഓഫ് ദ മാച്ചായിതും രോഹിത് തന്നെ. മാത്രമല്ല വാങ്കഡെയില്‍ നടന്ന പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിലും സെഞ്ചുറി നേടിയ രോഹിത് അരങ്ങേറ്റ പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദ സീരീസ് ആകുകയും ചെയ്തു. വാങ്കഡെയില്‍ നടന്ന മത്സരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റ്റായിരുന്നു.
പക്ഷേ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ടെസ്റ്റില്‍ കാര്യമായി തിളങ്ങാന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല. സ്വിങ്ങും ബൗണ്‍സും നിറഞ്ഞ സാഹചര്യങ്ങള്‍ താരത്തെ നന്നായി ബുദ്ധിമുട്ടിച്ചു. ഇക്കാരണത്താല്‍ തന്നെ അടുത്ത 16 ഇന്നിങ്‌സുകളില്‍ രണ്ടു തവണ മാത്രമാണ് രോഹിത്തിന് 50-ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്. വൈകാതെ അദ്ദേഹം ടീമില്‍ വന്നും പോയുമിരുന്നു. പിന്നാലെ 2018-ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായി.
.jpg?$p=53b1ef5&w=852&q=0.8)
എന്നാല്‍ 2019 ഒക്ടോബറില്‍ ടെസ്റ്റില്‍ ഓപ്പണറായി തകര്‍പ്പന്‍ തിരിച്ചുവരവ് തന്നെ രോഹിത് നടത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിശാഖപട്ടണത്ത് നടന്ന ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിക്കൊണ്ടായിരുന്നു ആ തിരിച്ചുവരവ്. ടെസ്റ്റ് ചരിത്രത്തില്‍ ഓപ്പണറായി തന്റെ ആദ്യ മത്സരത്തില്‍ തന്നെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടവും രോഹിത്തിന് സ്വന്തമായി. അതേ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ കന്നി ഇരട്ട സെഞ്ചുറിയും താരം കുറിച്ചു. അന്ന് 212 റണ്‍സ് നേടിയ രോഹിത്തിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോറും ഇതു തന്നെ. ആ പരമ്പരയിലെ രണ്ടു മത്സരങ്ങളിലും കളിയിലെ താരവും പരമ്പരയുടെ താരവും രോഹിത്തായിരുന്നു.
രണ്ടാം വരവില്‍ വിദേശ പിച്ചുകളിലും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ രോഹിത്തിനായിരുന്നു. 2020-21ലെ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയില്‍ ന്യൂ ബോളില്‍ അച്ചടക്കത്തോടെും ക്ഷമയോടെയും ബാറ്റുവീശിയ രോഹിത് സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം നിര്‍ണായക കൂട്ടുകെട്ടുകളിലും പങ്കാളിയായി. ഇന്ത്യ വിജയിച്ച ചരിത്ര പ്രസിദ്ധമായ ഗാബ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 44 റണ്‍സെടുത്ത് ലഭിച്ച മികച്ച തുടക്കം മുതലാക്കാന്‍ സാധിക്കാതെ പോയതാണ് നിരാശ നിറഞ്ഞ ഒരു സന്ദര്‍ഭം. പിന്നാലെ നാട്ടില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും രോഹിത് മികച്ച ഫോം തുടര്‍ന്നു. ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ 161 റണ്‍സെടുത്ത് ടീമിന്റെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. ആദ്യ ടെസ്റ്റ് തോറ്റ് പരമ്പരയില്‍ പിന്നിലായ ഇന്ത്യ പിന്നീട് 3-1ന് പരമ്പര സ്വന്തമാക്കിയപ്പോള്‍ മികച്ച ഇന്നിങ്‌സുകളുമായി രോഹിത് കളംനിറഞ്ഞു. പരമ്പര ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇന്ത്യ യോഗ്യത നേടി.
തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ നടന്ന പരമ്പരയിലും രോഹിത് മികവ് തുടര്‍ന്നു. ലോര്‍ഡ്‌സ് ടെസ്റ്റില്‍ 83 റണ്‍സ് നേടിയ രോഹിത് ലീഡ്‌സില്‍ രണ്ടാം ഇന്നിങ്‌സ് 59 റണ്‍സെടുത്തു. പിന്നാലെ ഓവല്‍ ടെസ്റ്റില്‍ വിദേശ പിച്ചിലെ കന്നി സെഞ്ചുറിയും രോഹിത് കുറിച്ചു. ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 99 റണ്‍സിന് പിന്നിലായ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത് രോഹിത്തിന്റെ സെഞ്ചുറി (127) മികവിലായിരുന്നു. ഇന്ത്യ 157 റണ്‍സിന് ജയിച്ച ആ ടെസ്റ്റില്‍ കളിയിലെ താരവും രോഹിത്തായിരുന്നു. പരമ്പരയിലെ അഞ്ചാം മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കോവിഡ് ബാധയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. മാറ്റിവെച്ച ഈ ടെസ്റ്റില്‍ പങ്കെടുത്തില്ലെങ്കിലും പരമ്പരയില്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് 368 റണ്‍സുമായി ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍ രോഹിത്തായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയ്ക്കു ശേഷമാണ് വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുന്നത്. പിന്നാലെ ബിസിസിഐ ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിച്ചത് രോഹിത്തിനെയായിരുന്നു. തുടര്‍ന്ന് 2023 ഫെബ്രുവരിയില്‍ നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ സെഞ്ചുറി നേടിയ രോഹിത് ടീമിനെ ഇന്നിങ്‌സ് വിജയത്തിലേക്കും നയിച്ചു.
കോച്ച് ബ്രണ്ടന്‍ മക്കല്ലത്തിന്റെ 'ബാസ് ബോള്‍' പെരുമയുമായി എത്തിയ ഇംഗ്ലണ്ടിന് അവരുടെ ആദ്യ ടെസ്റ്റ് പരമ്പര തോല്‍വി സമ്മാനിക്കുന്നത് രോഹിത്തിന്റെ ഇന്ത്യന്‍ ടീമാണ്. പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ രോഹിത് ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് തള്ളിയിടുന്നതില്‍ നിര്‍ണായക സാന്നിധ്യമായി. പക്ഷേ നിര്‍ഭാഗ്യവശാല്‍ അടുത്ത ടെസ്റ്റ് സീസണില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ രോഹിത്തിനായില്ല. എങ്കിലും ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരാന്‍ മഴ തടസപ്പെടുത്തിയ കാണ്‍പുര്‍ ടെസ്റ്റില്‍ വെറും 173.2 ഓവറുകളില്‍ വിജയം നേടാന്‍ മുന്നില്‍ നിന്നത് രോഹിത്തായിരുന്നു.
പക്ഷേ, പിന്നീട് ന്യൂസീലന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ പരാജയം രോഹിത്തിന് വലിയ തിരിച്ചടിയായി. ശേഷം ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പര കൂടി അടിയറവ് വെച്ചതോടെ രോഹിത്തിനു നേരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങി. രോഹിത് നയിച്ച അവസാന ആറു ടെസ്റ്റുകളില്‍ അഞ്ചിലും ഇന്ത്യ തോറ്റിരുന്നു.
ടെസ്റ്റ് കരിയര്‍ അവസാനിക്കുമ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലേതു പോലെ എന്നും ഓര്‍ക്കാന്‍ സാധിക്കുന്ന നേട്ടങ്ങളൊന്നും രോഹിത് അടയാളപ്പെടുത്തിയിട്ടില്ല. എങ്കിലും അദ്ദേഹം ടെസ്റ്റില്‍ നേടിയ 12 സെഞ്ചുറികളും ഇന്ത്യയുടെ വിജയത്തിലാണ് കലാശിച്ചതെന്നത് ശ്രദ്ധേയമാണ്. വൈകി ടെസ്റ്റ് കരിയര്‍ ആരംഭിച്ച ഒരാളാണ് രോഹിത്. സെവാഗിനും ഗൗതം ഗംഭീറിനും ശേഷം ഇന്ത്യ പെട്ടെന്നു തന്നെ ശിഖര്‍ ധവാനെയും മുരളി വിജയിയേയും പകരക്കാരായി കണ്ടെത്തിയിതും രോഹിത്തിന്റെ കരിയര്‍ വൈകാനുള്ള കാരണങ്ങളിലൊന്നായി.
Content Highlights: Rohit Sharma`s Test vocation ends aft a precocious commencement marked by grounds centuries and overseas struggles








English (US) ·