
'പ്രിൻസ് ആൻഡ് ഫാമിലി' പോസ്റ്ററുകൾ | Photos: facebook.com/ActorDileep
സാധാരണ ഒരു ദിലീപ് സിനിമ എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് ഒരു ധാരണയുണ്ട്. പ്രേക്ഷകരെ രസിപ്പിക്കുന്ന ചേരുവകളെല്ലാം ചേര്‍ത്തൊരുക്കുന്ന ആസ്വാദ്യകരമായ വിഭവമായിരിക്കും അത്. എന്നാല്‍ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലേക്ക് വരുമ്പോള്‍ ദിലീപ് അതിനെ ചെറുതായി പൊളിച്ചെഴുതുകയാണ്. കോമഡി, റൊമാന്‍സ് തുടങ്ങിയ സ്ഥിരം ചേരുവകള്‍ക്കൊപ്പം പുതിയ കാലത്തിന്റെ 'വൈബ്' കൂടി ഉള്‍ക്കൊള്ളിച്ചതോടെ വ്യത്യസ്തമായ ചലച്ചിത്രാനുഭവമാകുന്നു പ്രിന്‍സ് ആന്‍ഡ് ഫാമിലി.
അണിയറക്കാര്‍ നേരത്തേ തന്നെ പറഞ്ഞതുപോലെ പൂര്‍ണമായും ഒരു ഫീല്‍ ഗുഡ് കുടുംബ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. അതിനൊപ്പം സോഷ്യല്‍ മീഡിയാ കാലത്ത് പുതുതലമുറയെ ഉത്തരവാദിത്തങ്ങള്‍ ഓര്‍പ്പിക്കുന്ന ശക്തമായ സന്ദേശവും ചിത്രം നല്‍കുന്നു. സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ് പട്ടികയില്‍ ഇടംപിടിക്കാന്‍ മത്സരിക്കുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ കണ്ടിരിക്കേണ്ട ചിത്രമാണിതെന്ന് നിസ്സംശയം പറയാം.
സ്വാഭാവിക നര്‍മ്മത്താല്‍ സമ്പന്നമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ആദ്യപകുതി പൂര്‍ണമായും കോമഡിയുടെ മേമ്പൊടിയിലാണ് മുന്നോട്ട് പോകുന്നത്. ഇന്റര്‍വെല്‍ 'പഞ്ച്' പോലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍, ജോണി ആന്റണി, മഞ്ജു പിള്ള തുടങ്ങിയ താരങ്ങളും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
രണ്ടാം പകുതിയിലും കോമഡിയുണ്ടെങ്കിലും ക്രമേണ ചിത്രം സീരിയസ് ട്രാക്കിലേക്ക് നീങ്ങുന്നു. ക്ലൈമാക്‌സിനോടടുക്കുമ്പോഴേക്കും പ്രേക്ഷകരെ അസ്വസ്ഥരാക്കുന്ന ചിത്രം അവസാനിക്കുമ്പോള്‍ നിറചിരിയും അവര്‍ക്ക് സമ്മാനിക്കുന്നുണ്ട്.
വിവാഹവേദിയിലേക്ക് കിടിലന്‍ ചുവടുകള്‍ വെച്ചുകൊണ്ട് കടന്നുവരുന്ന വധുവിന്റെ വീഡിയോ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തരംഗമായിരുന്നു. ആ വീഡിയോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള 'ബ്രൈഡ് എന്‍ട്രി' വളരെ നന്നായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ബിന്ദു പണിക്കരെ അനുകരിച്ച് സുരാജ് വെഞ്ഞാറമ്മൂട് മിമിക്രി വേദികളില്‍ നിരവധി തവണ പറഞ്ഞ് നമ്മളെ പൊട്ടിച്ചിരിപ്പിച്ച ആ പ്രസിദ്ധമായ ഡയലോഗ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതും രസകരമായിരുന്നു.
നവാഗതനായ ബിന്റോ സ്റ്റീഫന്റെ സംവിധാനം കൈയടി അര്‍ഹിക്കുന്നു. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്. മാജിക് ഫ്രെയിംസിന്റെ 30-ാമത്തെ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി.
ദിലീപിന്റെ 150-ാമത്തെ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ദിലീപിന്റെ പഴയ കഥാപാത്രങ്ങളുടെ മൊണ്ടാഷ് കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. മണ്‍മറഞ്ഞ സംവിധായകന്‍ സച്ചി സംവിധായകനെ എത്രമാത്രം പ്രചോദിപ്പിച്ചുവെന്ന് ചിത്രത്തില്‍ പ്രകടമായി കാണാം. തുടക്കത്തില്‍ സച്ചിയുടെ ചിത്രം കാണിച്ചുകൊണ്ടാണ് അദ്ദേഹത്തിന് നന്ദി പറയുന്നത്. ഒപ്പം ചിത്രത്തിന്റെ ടെയില്‍ എന്‍ഡിന് തൊട്ടുമുമ്പായി സച്ചി പറഞ്ഞ ഒരു വാചകവും കാണിക്കുന്നുണ്ട്.
Content Highlights: Prince and Family movie review
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·