Published: December 16, 2025 02:29 PM IST Updated: December 16, 2025 09:14 PM IST
2 minute Read
ദുബായ് ∙ അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 315 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 408 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മലേഷ്യ 93 റൺസിന് പുറത്തായി. മലേഷ്യൻ നിരയിൽ 52 പന്തിൽ 35 റൺസെടുത്ത ഹംസ പങ്ഗി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഹംസയെ കൂടാതെ ഡീയാസ് പാട്രോ (13 റൺസ്), മുഹമ്മദ് അഫിനിദ് (12), ജാഷ്വിൻ കൃഷ്ണമൂർത്തി (10) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. 36 റൺസുമായി ഹംസ പങ്ഗി – ജാഷ്വിൻ കൃഷ്ണമൂർത്തി കൂട്ടുകെട്ടും 19 റൺസുമായി ഡീയാസ് പാട്രോ – ഹംസ പങ്ഗി കൂട്ടുകെട്ടും മാത്രമാണ് മലേഷ്യൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യൻ നിരയിൽ ദീപേഷ് ദേവേന്ദ്രൻ 5 വിക്കറ്റും ഉദ്ധവ് മോഹൻ 2 വിക്കറ്റും കിഷൻ സിങ്, ഖിലാൻ പട്ടേൽ, കനിഷ്ക് ചൗഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ, തകർപ്പൻ വെറും 125 പന്തിൽ 209* റൺസ് നേടി പുറത്താകാതെനിന്ന അഭിജ്ഞാൻ കുണ്ടുവിന്റെ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ മലേഷ്യയ്‌ക്കെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ കുറിച്ചത് 7ന് 408 എന്ന കൂറ്റൻ ടോട്ടൽ. മലേഷ്യയ്ക്കു 409 റൺസ് വിജയലക്ഷ്യം. ഇന്ത്യയ്ക്കായി വേദാന്ത് ത്രിവേദി (106 പന്തിൽ 90), വൈഭവ് സൂര്യവംശി (26 പന്തിൽ 50) എന്നിവർ അർധസെഞ്ചറി നേടി.
ടോസ് നേടിയ മലേഷ്യ, ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഓപ്പണർമാരായി ഇറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെയും (7 പന്തിൽ 14) വൈഭവ് സൂര്യവംശിയും മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്. എന്നാൽ നന്നായി തുടങ്ങിയ മാത്രെയ്ക്ക് ഇന്നും നീണ്ട ഇന്നിങ്സ് കളിക്കാനായില്ല. രണ്ടാം ഓവറിൽ തന്നെ മാത്രെ പുറത്തായി. മൂന്നാമനായി ക്രീസിലെത്തിയത് വിഹാൻ മൽഹോത്രയാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മൂന്നാമനായി ഇറങ്ങി അർധസെഞ്ചറി നേടിയ മലയാളി ആരോൺ ജോർജ് ഇന്നു പ്ലേയിങ് ഇലവനിലുണ്ടായിരുന്നില്ല. 14 പന്തിൽ 7 റൺസെടുത്ത വിഹാൻ, െപട്ടെന്നു തന്നെ മടങ്ങി.
മൂന്നൂ സിക്സും അഞ്ചു ഫോറും സഹിതം തനതുശൈലിയിൽ അടിച്ചു കളിച്ച വൈഭ് സൂര്യവംശിയും പവർപ്ലേ അവസാനിച്ചതിനു തൊട്ടടുത്ത ഓവറിൽ തന്നെ പുറത്തായി. പിന്നീടാണ് നാലാം വിക്കറ്റിൽ ഒന്നിച്ച വേദാന്ത ത്രിവേദി– അഭിജ്ഞാൻ കുണ്ടു സഖ്യം ഇന്ത്യ ഇന്നിങ്സിന്റെ ചുക്കാൻ ഏറ്റെടുത്തത്. ഇരുവരും ചേർന്ന് 209 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. വേദാന്ത് ത്രിവേദി, തനത് ഏകദിന ശൈലിയിൽ കളിച്ചപ്പോൾ, ട്വന്റി20 ശൈലിയിലാണ് കുണ്ടു ബാറ്റു വീശിയത്.
9 സിക്സും 17 ഫോറുമടങ്ങുന്നതായിരുന്നു കുണ്ടുവിന്റെ ഇന്നിങ്സ്. 44 പന്തിൽ അർധസെഞ്ചറി തികച്ച താരം, 80 പന്തിലാണ് സെഞ്ചറിയിലേക്ക് എത്തിയത്. 121 പന്തിലാണ് താരം ഇരട്ട സെഞ്ചറി തികച്ചത്. അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ ഇരട്ടസെഞ്ചറിയാണിത്. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും യൂത്ത് ഏകദിനങ്ങളിൽ ഒരു ഇന്ത്യക്കാരന്റെ ഉയർന്ന വ്യക്തിഗത സ്കോറുമാണിത്.
ഏഴു ഫോറാണ് വേദാന്ത് ത്രിവേദിയുടെ ബാറ്റിൽനിന്നു പിറന്നത്. 41–ാം ഓവറിൽ വേദാന്ത് പുറത്തായതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. അപ്പോഴേയ്ക്കും ഇന്ത്യൻ സ്കോർ 294ൽ എത്തിയിരുന്നു. പിന്നീടെത്തിയ, ഹർവൻഷ് പങ്കാലിയ (5), കനിഷ്ക് ചൗഹാൻ (14), ഖിലാൻ പട്ടേൽ (2), ദീപേഷ് ദേവേന്ദ്രൻ (4*) എന്നിവർ കാര്യമായ സംഭാവന നൽകിയില്ലെങ്കിലും കുണ്ടു ഒറ്റയ്ക്ക് സ്കോർ 400 കടത്തുകയായിരുന്നു.
English Summary:








English (US) ·