Published: August 11, 2026 09:27 AM IST
2 minute Read
ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ പന്തുപോലെയാണ് ഇന്ത്യൻ ക്രിക്കറ്റർ സർഫറാസ് ഖാന്റെ കരിയർ. എപ്പോൾ, എങ്ങോട്ടു തിരിയുമെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല! 17–ാം വയസ്സിൽ ഐപിഎലിൽ അരങ്ങേറ്റം നടത്തി റെക്കോർഡിട്ട സർഫറാസ്, പിന്നാലെ ഐപിഎലിൽനിന്നു തന്നെ പുറത്തായി. ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികവുകാട്ടിയിട്ടും ദേശീയ ടീമിന്റെ വാതിൽ തുറന്നില്ല. ഒടുവിൽ ടെസ്റ്റ് ടീമിൽ അവസരം ലഭിച്ചപ്പോൾ അരങ്ങേറ്റ മത്സരത്തിൽ വേഗമേറിയ അർധ സെഞ്ചറി നേടുന്ന ഇന്ത്യൻ താരം, അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും അർധ സെഞ്ചറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരം എന്നീ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടും തുടർന്നുള്ള പരമ്പരകളിലേക്ക് പരിഗണിച്ചില്ല.
What you should work next
ഇടവേളയ്ക്കു ശേഷം ടീമിൽ തിരിച്ചെത്തിയപ്പോൾ സെഞ്ചറി നേടിയെങ്കിലും വീണ്ടും അവഗണന. ഒടുവിൽ, ഏകദേശം 20 മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ഇരുപത്തിയെട്ടുകാരൻ സർഫറാസ് തിരിച്ചെത്തുകയാണ്. പരുക്കേറ്റ ബാറ്റർ സായ് സുദർശനു പകരമാണ്, ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മുംബൈ താരം സർഫറാസിനെ ഉൾപ്പെടുത്തിയത്.
ദ് വണ്ടർ കിഡ്വൈഭവ് സൂര്യവംശിക്കും എത്രയോ മുൻപ് ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ കിഡായി വാഴ്ത്തപ്പെട്ട താരമാണ് സർഫറാസ്. 2015ൽ, 17–ാം വയസ്സിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിലൂടെ ഐപിഎലിൽ അരങ്ങേറിയ സർഫറാസ് അൺഓർത്തഡോക്സ് ബാറ്റിങ് ശൈലിയിലൂടെ സ്റ്റാറായി. വലിയ ഇന്നിങ്സുകൾ കളിക്കാൻ സാധിച്ചില്ലെങ്കിലും ടീമിന്റെ വിജയത്തിൽ നിർണായകമായ പല പ്രകടനങ്ങളും സർഫറാസ് നടത്തി. സ്കൂപ് ഷോട്ടുകളിലെ വൈദഗ്ധ്യവും സർഫറാസിനെ ശ്രദ്ധേയനാക്കി. എന്നാൽ തുടർന്നുള്ള സീസണുകളിൽ മികവു തുടരാൻ സാധിച്ചില്ല.
ഇതോടെ, 2018ൽ ബെംഗളൂരു ടീം സർഫറാസിനെ കൈവിട്ടു. പിന്നാലെ പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകളുടെ ഭാഗമായെങ്കിലും കാര്യമായി തിളങ്ങിയില്ല. 2024ലും 2025ലും ഐപിഎലിൽ അൺസോൾഡായ സർഫറാസിനെ, പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ ചെന്നൈയ്ക്കായി 8 മത്സരങ്ങളിൽ 169.47 സ്ട്രൈക്ക് റേറ്റിൽ 161 റൺസ് നേടിയ സർഫറാസ് ട്വന്റി20 ക്രിക്കറ്റിലെ തന്റെ മികവ് നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16 സെഞ്ചറിയും 5 ഇരട്ട സെഞ്ചറിയുമടക്കം 64 ശരാശരിയിൽ 5000ൽ അധികം റൺസ് നേടിയ സർഫറാസ്, കഴിഞ്ഞ ഏതാനും സീസണുകളായി രഞ്ജി ട്രോഫിയിലെ ടോപ് 3 ബാറ്റർമാരിൽ ഒരാളാണ്.
കുറച്ചു, 17 കിലോആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോം തുടരുമ്പോഴും ദേശീയ ടീമിൽനിന്ന് മുംബൈ താരത്തെ മാറ്റിനിർത്താൻ സിലക്ടർമാർ കണ്ടുപിടിച്ച ന്യായം സർഫറാസിന് ഭാരക്കൂടുതലാണെന്നും ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടെന്നുമായിരുന്നു. മികച്ച പ്രകടനങ്ങൾ നടത്തുമ്പോഴും വണ്ണത്തിന്റെ പേരിലും ശരീരഭാരത്തിന്റെ പേരിലും സർഫറാസ് നിരന്തരം പഴികേട്ടു. ഇതോടെ സർഫറാസിനും വാശിയായി. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 17 കിലോ ഭാരം കുറച്ചാണ് സർഫറാസ് വിമർശകരുടെ വായടപ്പിച്ചത്.
പരിശീലനം പലവിധംഓഫ് സീസൺ ഇല്ലാത്ത ക്രിക്കറ്റ് ജീവിതമാണ് സർഫറാസിന്റേത്. ആഭ്യന്തര മത്സരങ്ങളും ഐപിഎലും ഇല്ലാത്തപ്പോൾ മുംബൈയിലെ ആസാദ് മൈതാനത്തു പിതാവ് നൗഷാദിനൊപ്പം സർഫറാസും അനിയൻ മുഷീറും പരിശീലനത്തിനെത്തും. മുംബൈയിൽ മഴക്കാലമായാൽ പരിശീലനം നേരേ കശ്മീരിലേക്കു മാറ്റും. കശ്മീരിലെ തണുത്ത കാലാവസ്ഥയിൽ നടത്തുന്ന പരിശീലനം റെഡ് ബോൾ ക്രിക്കറ്റിന് കൂടുതൽ സഹായകരമാകുമെന്നതിനാൽ നൗഷാദിന്റെ നിർബന്ധപ്രകാരമാണ് എല്ലാ സീസണിലും സർഫറാസ് കിറ്റ് ബാഗുമെടുത്ത് കശ്മീരിനു പോകുന്നത്.
സ്പിൻ സ്പെഷലിസ്റ്റ്സ്പിന്നർമാർക്കെതിരായ മികവാണ് ലങ്കൻ പരമ്പരയിൽ സർഫറാസിന് അവസരം ഉറപ്പാക്കിയത്. മികച്ച രീതിയിൽ സ്വീപ് ഷോട്ടും റിവേഴ്സ് സ്വീപ്പും കളിക്കുന്ന സർഫറാസിന് ഇന്ത്യയിലെ സ്പിൻ വിക്കറ്റുകളിൽ മികച്ച ബാറ്റിങ് ശരാശരിയുണ്ട്. ബാക്ക് ഫൂട്ടിലും സ്റ്റെപ് ഔട്ട് ചെയ്ത് ഫ്രണ്ട് ഫൂട്ടിലും ഒരേ മികവോടെ കളിക്കാൻ സർഫറാസിനു സാധിക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സ്പിന്നർമാർക്കെതിരെ 100നു മുകളിലാണ് സർഫറാസിന്റെ ബാറ്റിങ് ശരാശരി. 80നു മുകളിൽ ബാറ്റിങ് സ്ട്രൈക്ക് റേറ്റുമായി സ്പിന്നർമാരെ നേടുന്ന സർഫറാസ്, രാജ്യാന്തര ക്രിക്കറ്റിലും ഇതേ മികവു തുടരുന്നു. ലങ്കയിലെ സ്പിൻ വിക്കറ്റുകളിലും ഈ പ്രകടനം സർഫറാസ് ആവർത്തിക്കുമെന്നാണ് സിലക്ടർമാരുടെ പ്രതീക്ഷ.
English Summary:
Sarfaraz Khan's vocation trajectory has been unpredictable, mirroring the rotation of Shane Warne. Despite a promising commencement and accordant home form, helium faced galore setbacks and criticisms regarding his fittingness and weight.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·