വൈഭവിനെ കാണാൻ ആറ് മണിക്കൂർ വാഹനമോടിച്ചെത്തി ആരാധികമാർ; ഇംഗ്ലണ്ടിലും സ്റ്റാർ സൂര്യവംശിയാണ്

6 months ago 6

10 July 2025, 11:43 AM IST

vaibhav fans

വൈഭവ് ആരാധകർക്കൊപ്പം | X.com/@rajasthanroyals

ലണ്ടന്‍: ഇന്ത്യ അണ്ടര്‍ 19 ടീമിനായും ചരിത്രം കുറിക്കുകയാണ് വൈഭവ് സൂര്യവംശി എന്ന പതിന്നാലുകാരന്‍. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ പരമ്പരയിൽ അതിവേഗ സെഞ്ചുറി കുറിച്ച വൈഭവ് റെക്കോഡുകള്‍ തിരുത്തിയെഴുതിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യൻ കൗമാരപ്പട സ്വന്തമാക്കുകയും ചെയ്തു. തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇം​ഗ്ലണ്ടിലും തരം​ഗമാവുകയാണ് വൈഭവ്. വൈഭവിനെ കാണാനായി ഒട്ടേറെ ആരാധകരാണ് സ്റ്റേഡിയത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം രണ്ട് ആരാധികമാർ വൈഭവിനെ കാണാനായി ഇംഗ്ലണ്ടിലെ സ്റ്റേഡിയത്തിലെത്തി. മണിക്കൂറുകളോളം യാത്രചെയ്താണ് ഇവർ താരത്തെ കാണാനായെത്തിയത്.

ആന്യ, റിവാ എന്നീ പെണ്‍കുട്ടികളാണ് വൈഭവിനെ കാണാനായി സ്റ്റേഡിയത്തിലെത്തിയത്. ആറുമണിക്കൂര്‍ യാത്രചെയ്താണ് ഇരുവരും സ്റ്റേഡിയത്തിലെത്തിയത്. അതും ഇന്ത്യന്‍ അണ്ടര്‍ 19 താരത്തെ കാണാനായി മാത്രം. രാജസ്ഥാന്‍ റോയല്‍സിന്റെ ജേഴ്‌സിയണിഞ്ഞ ഇരുവരും വൈഭവിനൊപ്പം ചിത്രമെടുക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയൽസ് ഈ ചിത്രം അവരുടെ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്.

ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലാണ് വൈഭവ് സെഞ്ചുറിയുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 78 പന്തില്‍ നിന്ന് 143 റണ്‍സെടുത്താണ് താരം പുറത്തായത്. 13 ഫോറുകളും 10 സിക്‌സറുകളുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്. സെഞ്ചുറി പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരന്‍ പുതുചരിത്രമെഴുതി. യൂത്ത് ഏകദിന ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കി. 52 പന്തില്‍ മൂന്നക്കം തൊട്ട താരം പാക് താരമായ കമ്രാന്‍ ഖുലാമിന്റെ റെക്കോഡാണ് മറികടന്നത്. 2013-ല്‍ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേയാണ് അന്ന് പാക് കൗമാരതാരം സെഞ്ചുറി തികച്ചത്.

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അര്‍ധസെഞ്ചുറി തികച്ചിരുന്നു. 20 പന്തില്‍ നിന്ന് താരം അര്‍ധസെഞ്ചുറിയും നേടിയതോടെ അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായും മാറി. ഋഷഭ് പന്താണ് അണ്ടര്‍ 19 ഏകദിനത്തില്‍ ഏറ്റവും വേഗം അര്‍ധസെഞ്ചുറി തികച്ച ഇന്ത്യന്‍ താരം. 2016-ല്‍ നേപ്പാളിനെതിരേ 18 പന്തില്‍ നിന്ന് താരം അര്‍ധസഞ്ചുറി നേടിയിരുന്നു.

Content Highlights: 2 Fan Girls Drive 6 Hours Just To Meet Vaibhav Suryavanshi

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article