Published: October 02, 2025 07:53 PM IST
1 minute Read
ബ്രിസ്ബേൻ∙ ഓസ്ട്രേലിയയ്ക്കെതിരായ യൂത്ത് ടെസ്റ്റിൽ ഇന്ത്യ അണ്ടർ 19 ടീമിനു വമ്പന്‍ വിജയം. ഇന്നിങ്സിനും 58 റൺസിനുമാണ് ഇന്ത്യൻ യുവതാരങ്ങൾ ഓസ്ട്രേലിയയെ തകർത്തെറിഞ്ഞത്. 185 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 127ന് ചുരുട്ടിക്കെട്ടി. രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റുകൾ വീതം സ്വന്തമാക്കിയ ഖിലാൻ പട്ടേൽ– ദീപേഷ് ദേവേന്ദ്രന്‍ സഖ്യമാണ് ഓസ്ട്രേലിയയുടെ തകർച്ചയ്ക്ക് വഴിയൊരുക്കിയത്.
കിഷൻ കുമാറും അൻമോൽജീത് സിങ്ങും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. സ്കോർ– ഓസ്ട്രേലിയ– 243,127, ഇന്ത്യ– 428. 44 പന്തിൽ 43 റൺസടിച്ച ആര്യൻ ശർമയാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. വിൽ മലജുക് (49 പന്തിൽ 22), ഹെയ്ഡൻ ഷില്ലർ (31 പന്തിൽ 16) എന്നിവർ പ്രതിരോധിച്ചു നോക്കിയെങ്കിലും ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ സാധിച്ചില്ല.
‘ട്വന്റി20’ ശൈലിയിൽ തകർത്തടിച്ച വൈഭവ് സൂര്യവംശിയുടെയും വേദാന്ത് ത്രിവേദിയുടെയും സെഞ്ചറികളുടെ കരുത്തിലാണ് ഇന്ത്യ അണ്ടർ 19 ടീമിന് ഒന്നാം ഇന്നിങ്സ് ലീഡുയർത്തിയത്. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 243 റൺസിന് പുറത്തായപ്പോൾ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 428 റൺസ് നേടി പുറത്തായി.
സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സി– ഫോഴ്സ കൊച്ചി മത്സരം സ്റ്റേഡിയത്തിൽ കാണാം
ഓപ്പണറായി ഇറങ്ങിയ, വൈഭവ് സൂര്യവംശി (86 പന്തിൽ 113), ട്വന്റി20 ശൈലിയിൽ തന്നെയാണ് ബാറ്റുവീശിയത്. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഫോറടിച്ച്. ആകെ എട്ടു സിക്സും ഒൻപതു ഫോറുമാണ് വൈഭവിന്റെ പന്തിൽനിന്നു പിറന്നത്. 78 പന്തിലാണ് വൈഭവ് സെഞ്ചറി തികച്ചത്. ഇതോടെ യൂത്ത് ടെസ്റ്റിൽ 100 പന്തിൽ താഴെ രണ്ടു സെഞ്ചറി തികച്ച രണ്ടാമത്തെ മാത്രം താരമായി വൈഭവ്. കഴിഞ്ഞവർഷം, ഓസ്ട്രേലിയയ്ക്കെതിരെ തന്നെ 58 പന്തിൽ വൈഭവ് സെഞ്ചറി തികച്ചിരുന്നു.
192 പന്തിൽ വേദാന്ത് ത്രിവേദി 140 റൺസെടുത്തത്. 19 ഫോറാണ് വേദാന്തിന്റെ ബാറ്റിൽനിന്നു പിറന്നത്. ഖിലാൻ പട്ടേലും (49 പന്തിൽ 49) ബാറ്റിങ്ങിൽ തിളങ്ങി. വൈഭവിനൊപ്പം ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെ 21 റൺസെടുത്ത് പുറത്തായി. ഓസ്ട്രേലിയയ്‌ക്കായി ക്യാപ്റ്റൻ വിൽ മലാജ്ചുക്, ഹെയ്ഡൻ ഷില്ലർ എന്നിവർ മൂന്നു വിക്കറ്റ് വീതവും ആര്യൻ ശർമ രണ്ടു വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ, 45 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ പേസർ ദീപേഷ് ദേവേന്ദ്രനാണ് ഓസീസിനെ വീഴ്ത്തിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനായി സ്റ്റീവ് ഹോഗൻ (92) മാത്രമാണ് തിളങ്ങിയത്. ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പര ഇന്ത്യൻ യൂത്ത് ടീം 3-0ന് ജയിച്ചിരുന്നു.
English Summary:








English (US) ·