Published: December 24, 2025 01:24 PM IST
1 minute Read
റാഞ്ചി∙ വിജയ് ഹസാരെ ട്രോഫിയിൽ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ ഉയർത്തി റെക്കോർഡിട്ട് ബിഹാർ. അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബിഹാർ, നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 574 റൺസാണ് എടുത്തത്. 2022 വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ തന്നെ തമിഴ്നാട് കുറിച്ച 506/2 ആയിരുന്നു ഇതിനു മുൻപത്തെ ഉയർന്ന ടോട്ടൽ.
മൂന്നു സെഞ്ചറികളാണ് ബിഹാർ ഇന്നിങ്സിന് കരുത്ത് പകർന്നത്. ഓപ്പണർ വൈഭവ് സൂര്യവംശി (84 പന്തിൽ 190), ക്യാപ്റ്റൻ സാകിബുൾ ഗാനി (40 പന്തിൽ 128*), വിക്കറ്റ് കീപ്പർ ബാറ്റർ ആയുഷ് ലോഹരുക്ക (56 പന്തിൽ 116) എന്നിവരാണ് ബിഹാറിന്റെ സെഞ്ചറി വീരന്മാർ. മൂവരും ചേർന്നു മാത്രം 434 റൺസാണ് എടുത്തത്. ഓപ്പണറായി ഇറങ്ങിയ വൈഭവ് സൂര്യവംശി 36 പന്തിൽ സെഞ്ചറിയടിച്ചപ്പോൾ ക്യാപ്റ്റൻ സാകിബുൾ ഗാനി 32 പന്തിൽ സെഞ്ചറിയടിച്ചാണ് റെക്കോർഡിട്ടത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചറിയാണ് ഇത്. 12 സിക്സും 10 ഫോറുമടങ്ങുന്നതായിരുന്നു ഗാനിയുടെ ഇന്നിങ്സ്.
84 പന്തിൽ 190 റൺസെടുത്ത വൈഭവിന്, വെറും 10 റൺസ് അകലെയാണ് ഇരട്ട സെഞ്ചറി നഷ്ടമായത്. ആകെ 15 സിക്സും 16 ഫോറുമാണ് വൈഭവിന്റെ ബാറ്റിൽനിന്നു പിറന്നത്. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോർഡ് സ്വന്തമാക്കി പതിനാലുകാരൻ വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റണ്‍സിന്‍റെ ലോക റെക്കോര്‍ഡും സ്വന്തമാക്കി. 64 പന്തില്‍ 150 റണ്‍സടിച്ച ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡാണ് വൈഭവ് തകർത്തത്.
∙ തൊട്ടുപിന്നാലെ ഇഷാനുംവിജയ് ഹസാരെ ട്രോഫിയുടെ ഉദ്ഘാടന ദിനം ‘സെഞ്ചറിദിനം’ ആയപ്പോൾ ജാർഖണ്ഡ് ക്യാപ്റ്റൻ ഇഷാൻ കിഷനു ഒട്ടു കുറിച്ചില്ല. മുഷ്താഖ് അലി ട്രോഫി ഫൈനലിൽ നിർത്തിയിടത്തുനിന്നു തുടങ്ങിയ ഇഷാൻ, വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിലും സെഞ്ചറി തികച്ചു. കർണാടകയ്‌ക്കെതിരെ വെറും 33 പന്തിലാണ് ജാർഖണ്ഡ് ക്യാപ്റ്റന്റെ സെഞ്ചറി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയാണ് ഇത്. 14 സിക്സും ഏഴു ഫോറുമാണ് ഇഷാന്റെ ബാറ്റിൽനിന്നു പിറന്നത്. ഇഷാന്റെ സെഞ്ചറിക്കരുത്തിൽ കർണാടയ്‌ക്കെതിരെ ജാർഖണ്ഡ് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 412 റൺസെടുത്തു.
മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനയ്ക്കെതിരായ ഫൈനലിൽ, 45 പന്തിൽ സെഞ്ചറി നേടി ജാർഖണ്ഡിനു കിരീടം നേടിക്കൊടുത്തതോടെ 2026 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും ഇഷാൻ കിഷൻ ഇടം നേടിയിരുന്നു. സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ഫൈനലിൽ സെഞ്ചറി നേടുന്ന രണ്ടാമത്ത മാത്രം താരമാണ് ഇഷാൻ കിഷൻ. അഭിഷേക് ശർമയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ബാറ്റർ. രാജ്യാന്തര ഏകദിനത്തിലെ വേഗമേറിയ ഇരട്ടസെഞ്ചറിയും ഇഷാൻ കിഷന്റെ പേരിലാണ്. 2022ൽ ബംഗ്ലദേശിനെതിരെ 126 പന്തിലാണ് ഇഷാൻ ഇരട്ടസെഞ്ചറി നേടിയത്.
English Summary:








English (US) ·