Published: November 14, 2025 08:45 PM IST
1 minute Read
ദോഹ ∙ ജയിക്കാനായി യുഎഇ ഒന്നു ശ്രമിച്ചു പോലും നോക്കിയില്ല, അത് ആഗ്രഹിച്ചിട്ടും കാര്യമില്ലെന്ന് അവർക്കറിയാമായിരുന്നു. പക്ഷേ എങ്ങനെയും 20 ഓവർ പിടിച്ചുനിൽക്കാനുള്ള അവരുടെ ശ്രമം ഫലം കണ്ടു. ഇന്ത്യ ഉയർത്തിയ 298 റൺസെന്ന് കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന യുഎഇയുടെ ഇന്നിങ്സ്, 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 149 റൺസിൽ അവസാനിച്ചു. ഇന്ത്യ എയ്ക്ക് 148 റൺസിന്റെ വമ്പൻ ജയം. ഇതോടെ റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഞായറാഴ്ച, പാക്കിസ്ഥാൻ എയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
∙ ‘അടി’ വൈബ്
വൈഭവ് സൂര്യവംശിയുടെ (42 പന്തിൽ 144) അസാമാന്യ ഇന്നിങ്സും ഒപ്പത്തിനൊപ്പം നിന്ന ക്യാപ്റ്റൻ ജിതേഷ് ശർമയുടെ (32 പന്തിൽ 83*) വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ എ 297 റൺസെടുത്തത്. ഓപ്പണറായി ഇറങ്ങിയ വൈഭവ് സൂര്യവംശി, തുടക്കം മുതൽ യുഎഇ ബോളർമാർക്കെതിരെ കത്തിക്കയറിയതോടെ ഇന്ത്യൻ സ്കോർബോർഡും അതിവേഗം മുകളിലേക്ക് കുതിച്ചു.
നേരിട്ട, മൂന്നാം പന്തിൽ തന്നെ ഫോറടിച്ച തുടങ്ങിയ വൈഭവ്, പിന്നീട് യുഎഇ ബോളർമാരെയും ഫീൽഡർമാരെയും ഫുൾടൈം ‘എയറിൽ’ ആക്കി. 15 സിക്സറുകളും 11 ഫോറുകളുമടങ്ങുന്നതായിരുന്നു വൈഭവിന്റെ അസാമാന്യ ഇന്നിങ്സ്. പവര്‍പ്ലേയിലെ അവസാന ഓവറില്‍, 17 പന്തിലാണ് വൈഭവ് അര്‍ധസെഞ്ചറിയിലെത്തിയത്. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 82 എന്ന നിലയിലായിരുന്നു ഇന്ത്യ.
ഫിഫ്റ്റി അടിച്ചതിന് പിന്നാലെ വൈഭവ് നല്‍കിയ ക്യാച്ച് കൈവിട്ടത് യുഎഇക്ക് തിരിച്ചടിയായി. പവര്‍പ്ലേയ്ക്കു പിന്നാലെ മുഹമ്മദ് ഫര്‍സുദ്ദീനെ മൂന്നു സിക്സും രണ്ടു ഫോറും പറത്തിയ വൈഭവ്, ഏഴാം ഓവറിൽ ഇന്ത്യയെ 100 കടത്തി. പത്താം ഓവറിൽ, നേരിട്ട 32–ാം പന്തിലാണ് വൈഭവ് മൂന്നക്കം കടന്നത്. ഇതിനു ശേഷവും വൈഭവ് ‘അടങ്ങിയില്ല’. 9–ാം ഓവറിൽ തുടർച്ചയായ മൂന്നു പന്തും 11–ാം ഓവറിൽ തുടർച്ചയായ നാലു പന്തും വൈഭവ് സിക്സർ പറത്തി. 13–ാം ഓവറിൽ വൈഭവ് പുറത്തായപ്പോഴേയ്ക്കും ഇന്ത്യയുടെ സ്കോർ 195 റൺസിലെത്തിയിരുന്നു.
പിന്നീടെത്തിയ ക്യാപ്റ്റൻ ജിതേഷ് ശർമയും വൈഭവിന്റെ അതേ ‘വൈബിൽ’ ആയിരുന്നു. 32 പന്തിൽ ആറു പന്തും എട്ടു ഫോറും സഹിതം 83 റൺസാണ് ജിതേഷ് അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ സ്കോറിങ് ചെറുതായി കുറഞ്ഞതോടെയാണ് ഇന്ത്യൻ സ്കോർ 300 കടക്കാതെ പോയത്. പ്രിയാംശ് ആര്യ (10), നമാൻ ധിർ (34), നേഹൽ വധേര (14), രമൺദീപ് സിങ് (6*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ.
∙ ‘നിലനിൽപ്’മറുപടി ബാറ്റിങ്ങിൽ, വിക്കറ്റ് പോകാതെ മുഴുവൻ ഓവറുകളും കളിക്കാനായിരുന്നു യുഎഇയുടെ ശ്രമം. 41 പന്തിൽ 63 റൺസെടുത്ത സുഹൈബ് ഖാനാണ് അവരുടെ ടോപ് സ്കോറർ. ആറു സിക്സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു സുഹൈബിന്റെ ഇന്നിങ്സ്. മുഹമ്മദ് അർഫാൻ 26 റൺസും സയ്യിദ് ഹൈദർ 20 റൺസുമെടുത്തു. ഇന്ത്യയ്ക്കായി ഗുർജപ്നീത് സിങ് മൂന്നു വിക്കറ്റും ഹർഷ് ദുബെ രണ്ടു വിക്കറ്റും രമൺദീപ് സിങ്, യഷ് ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
English Summary:








English (US) ·