Published: December 04, 2025 05:48 PM IST
1 minute Read
കൊൽക്കത്ത∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ ബിഹാറിനെതിരെ ഗോവയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബിഹാർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തപ്പോൾ, 19.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഗോവ വിജയ റൺസ് കുറിച്ചു. 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുൾപ്പടെ മുൻനിര ബാറ്റർമാർ മികച്ച സ്കോർ സമ്മാനിച്ചിട്ടും, ഗോവയ്ക്കു മുന്നിൽ പ്രതിരോധിച്ചു നിൽക്കുന്നതിൽ ബിഹാർ ബോളർമാർ പരാജയപ്പെടുകയായിരുന്നു.
ബിഹാർ ക്യാപ്റ്റൻ സാക്കിബുൾ ഗനി അർധ സെഞ്ചറി നേടി പുറത്തായി. 41 പന്തിൽ 60 റൺസാണ് ഗനി നേടിയത്. പതിവു പോലെ തകർപ്പൻ തുടക്കം നൽകിയ വൈഭവ് സൂര്യവംശി 25 പന്തിൽ 46 റണ്‍സെടുത്തു. നാലു വീതം സിക്സുകളും ഫോറുകളുമാണു വൈഭവ് ബൗണ്ടറി കടത്തിയത്. 31 പന്തിൽ 40 റൺസെടുത്ത ആകാശ് ദീപും തിളങ്ങിയതോടെ മൂന്നിന് 130 എന്ന സുരക്ഷിത നിലയിലായിരുന്നു ബിഹാർ. എന്നാൽ 180 റൺസിലെത്തുന്നതിനിടെ ബിഹാറിന് നാലു വിക്കറ്റുകൾ കൂടി നഷ്ടമായി.
ഗോവയ്ക്കായി ദീപ്‍രാജ് ഗാവങ്കർ നാലു വിക്കറ്റുകളും അർജുൻ തെൻഡുൽക്കർ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ ഓപ്പണറായി ഇറങ്ങിയ അർജുൻ തെൻഡുൽക്കറെ (അഞ്ച് റൺസ്) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും കശ്യപ് ബക്‌ലെയുടേയും ക്യാപ്റ്റൻ സുയാഷ് പ്രഭുദേശായിയുടേയും അർധ സെഞ്ചറി പ്രകടനങ്ങളാണ് ഗോവയെ രക്ഷിച്ചത്. സുയാഷ് 46 പന്തില്‍ 79 റൺസും കശ്യപ് 49 പന്തിൽ 64 റൺസും നേടി പുറത്തായി. മധ്യനിരയിൽ ലളിത് യാദവും (12 പന്തിൽ 21), ദർശൻ മിസാലും (മൂന്നു പന്തിൽ നാല്) ചേർന്നാണ് ഗോവയ്ക്കായി വിജയ റൺസ് കുറിച്ചത്.
English Summary:








English (US) ·