Published: November 22, 2025 11:09 AM IST
1 minute Read
ദോഹ∙ റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിലെ ഇന്ത്യ– ബംഗ്ലദേശ് സെമി ഫൈനലിൽ സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടപ്പോൾ വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിന് ഇറക്കേണ്ടെന്നു തീരുമാനിച്ചത് താനായിരുന്നെന്ന് ക്യാപ്റ്റൻ ജിതേഷ് ശർമ. സൂപ്പർ ഓവറിൽ ഇന്ത്യ ദയനീയ തോൽവി വഴങ്ങിയതിനു പിന്നാലെ വൈഭവിനെ കളിപ്പിക്കാത്തതിന്റെ കാരണങ്ങളും ജിതേഷ് വിശദീകരിച്ചു. സൂപ്പർ ഓവറിൽ ജിതേഷ് ശർമയും രമൺദീപ് സിങ്ങുമായിരുന്നു ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ആദ്യ പന്തിൽ ജിതേഷ് ശർമ പുറത്തായപ്പോൾ അശുതോഷ് ശർമ പിന്നാലെയിറങ്ങി. രണ്ടാം പന്തിൽ അശുതോഷും ഔട്ടായതോടെ ഇന്ത്യ ‘പൂജ്യത്തിന്’ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു.
സെമി ഫൈനലിൽ 15 പന്തിൽ 38 റൺസെടുത്ത വൈഭവ്, പവർപ്ലേയിലാണ് കൂടുതൽ തിളങ്ങുന്നതെന്നാണ് ജിതേഷിന്റെ ന്യായീകരണം. ഡെത്ത് ഓവറിൽ മികച്ചുനിൽക്കുന്ന അശുതോഷിനെയും രമൺദീപിനെയും വിശ്വസിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ജിതേഷ് ശർമ പ്രതികരിച്ചു. ‘‘ഇന്ത്യൻ ടീമിൽ വൈഭവും പ്രിയൻഷുമാണ് പവർപ്ലേ ഓവറുകളിലെ വിദഗ്ധർ. ഡെത്ത് ഓവറുകളുടെ കാര്യമെടുത്താൽ അശുതോഷും രമൺദീപുമാണു തകർത്തടിക്കുന്നത്. സൂപ്പർ ഓവറിലെ ലൈനപ്പ് ടീമിന്റെ തീരുമാനമാണ്. അതിൽ അന്തിമ തീരുമാനം എടുത്തത് ഞാൻ തന്നെയാണ്.’’ ജിതേഷ് ശർമ പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 194 റണ്‍സാണു നേടിയത്. സൂപ്പർ ഓവറിലെ മോശം പ്രകടനം ഇന്ത്യയെ തോൽവിയിലേക്കു തള്ളി വിടുകയായിരുന്നു.അവസാന രണ്ടോവറുകളിൽ 21 റൺസാണ് ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. പത്തൊൻപതാം ഓവറിൽ അഞ്ചു റൺസ് മാത്രമാണ് ഇന്ത്യൻ ബാറ്റർമാർ നേടിയത്. 20–ാം ഓവറിൽ ഒരു സിക്സും ഫോറും ബൗണ്ടറി കടത്തിയ അശുതോഷ് ശർമ ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി. എന്നാൽ റാക്കിബുൽ ഹസന്റെ അഞ്ചാം പന്തിൽ അശുതോഷ് പുറത്തായി. ഇതോടെ അവസാന പന്തിൽ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടത് നാലു റൺസ്. ഹർഷ് ദുബെ നേരിട്ട അവസാന പന്തിൽ മൂന്ന് റൺസ് ഓടിയെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടു.
എന്നാല്‍ സൂപ്പർ ഓവറിൽ ഇതേ പ്രകടനം ആവർത്തിക്കാൻ ഇന്ത്യയ്ക്കു സാധിച്ചില്ല. റിപ്പോൺ മൊണ്ടലിന്റെ ആദ്യ രണ്ടു പന്തുകളിൽ ക്യാപ്റ്റൻ ജിതേഷ് ശർമയും അശുതോഷ് ശർമയും പുറത്തായി. ഇതോടെ സൂപ്പർ ഓവറിൽ ബംഗ്ലദേശിന് ജയിക്കാൻ വേണ്ടത് ഒരു റൺ. മറുപടി ബാറ്റിങ്ങിൽ സുയാഷ് ശർമയുടെ ആദ്യ പന്തിൽ ബംഗ്ലദേശ് ബാറ്റർ യാസിർ അലി പുറത്തായെങ്കിലും രണ്ടാം പന്ത് സുയാഷ് വൈഡെറിഞ്ഞു. ഇതോടെ ബംഗ്ലദേശ് ഫൈനൽ ഉറപ്പിച്ചു.
English Summary:








English (US) ·