വൈഭവ് മറ്റൊരു പൃഥ്വി ഷായോ കാംബ്ലിയോ ആകാൻ ‘സമ്മതിക്കില്ല’; ദ്രാവിഡിന്റെ നേതൃത്വത്തിൽ ‘കളത്തിനു പുറത്തും’ പ്രത്യേക പരിശീലനം!

8 months ago 8

മനോരമ ലേഖകൻ

Published: April 30 , 2025 07:23 AM IST

1 minute Read

rahul-dravid-vaibhav-suryavanshi
വൈഭവ് സൂര്യവംശി രാഹുൽ ദ്രാവിഡിനൊപ്പം (ഫയൽ ചിത്രം)

ജയ്പുർ ∙ അളവറ്റ പ്രശസ്തിയും കൈനിറയെ പണവും നന്നേ ചെറുപ്പത്തിൽ തുറന്നുകിട്ടുന്ന രാജ്യാന്തര വേദിയും ഒരു പതിനാലുകാരൻ എങ്ങനെ കൈകാര്യം ചെയ്യും? വിനോദ് കാംബ്ലി മുതൽ പൃഥ്വി ഷാ വരെയുള്ള ‘വണ്ടർ കിഡ്സിന്’ പിന്നീട് എന്താണു സംഭവിച്ചതെന്നുള്ള ഉദാഹരണം മുന്നിലുള്ളതിനാൽ വൈഭവ് സൂര്യവംശിയെന്ന സൂപ്പർ കിഡിന്  കവചമൊരുക്കുന്ന തിരക്കിലാണ് ബിസിസിഐയും രാജസ്ഥാൻ റോയൽസ് ടീമും പരിശീലകൻ രാഹുൽ ദ്രാവിഡും.

ഇതിന്റെ ഭാഗമായി സാമ്പത്തിക അച്ചടക്കം മുതൽ സ്വഭാവ രൂപീകരണം വരെയുള്ള കാര്യങ്ങളി‍ൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ വൈഭവിനു പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ഐപിഎൽ കഴിഞ്ഞാലും വൈഭവിനു കൃത്യമായ പരിശീലനവും മാർഗനിർദേശങ്ങളും നൽകാൻ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഐപിഎലിനു ശേഷം വൈഭവിനെ ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസിലേക്കു മാറ്റും. തുടർന്നുള്ള പഠനവും പരിശീലനവും അവിടെയായിരിക്കും.

∙ ‘ദ്രാവിഡിനു നന്ദി’

അതിനിടെ, ഐപിഎലിലെ മകന്റെ വിസ്മയ പ്രകടനത്തിനു പിന്നാലെ രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡിനു നന്ദി പറഞ്ഞ് വൈഭവിന്റെ അച്ഛൻ സഞ്ജീവ് സൂര്യവംശി രംഗത്തെത്തി. ദ്രാവിഡിനും മറ്റു സപ്പോർട്ടിങ് സ്റ്റാഫിനുമൊപ്പമുള്ള കഴിഞ്ഞ 3 മാസക്കാലത്തെ പരിശീലനം വൈഭവിന്റെ മികവ് ഏറെ മെച്ചപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

വൈഭവിന്റെ കഠിനാധ്വാനത്തിന്റെ തിളക്കവും ആ സെഞ്ചറിക്കു പിന്നിലുണ്ട്. വളരെ ചെറുപ്രായത്തിൽതന്നെ വൈഭവിനു സംസ്ഥാന സീനിയർ ടീമിൽ അവസരം നൽകിയ ബിഹാർ ക്രിക്കറ്റ് അസോസിയേഷനും സഞ്ജീവ് നന്ദി അറിയിച്ചു.

English Summary:

Vaibhav Suryavanshi: Vaibhav Suryavanshi's meteoric emergence is being cautiously managed. The Rajasthan Royals, Rahul Dravid, and the BCCI are providing him with exceptional guidance and enactment to guarantee his semipermanent success.

Read Entire Article