Published: December 27, 2025 08:09 PM IST
1 minute Read
മുംബൈ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ പരിഗണിച്ചതുപോലെ, 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെയും പെട്ടെന്നുതന്നെ ഇന്ത്യൻ സീനിയർ ടീമിൽ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. പ്രായത്തിൽ കവിഞ്ഞ പ്രതിഭയുള്ള വൈഭവിനെ കളിപ്പിക്കാൻ ഇന്ത്യന്‍ ടീം സിലക്ഷൻ കമ്മിറ്റി ധൈര്യം കാണിക്കണമെന്നും ശ്രീകാന്ത് യുട്യൂബ് ചാനലിൽ പറഞ്ഞു. 16–ാം വയസ്സിലാണ് സച്ചിൻ ഇന്ത്യൻ ടീമിൽ കളിച്ചുതുടങ്ങുന്നത്. 14–ാം വയസ്സിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി കളിച്ച വൈഭവ്, ഐപിഎൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി ടൂർണമെന്റുകളിലും ബിഹാറിനായി തകർത്തുകളിച്ചതോടെയാണ് വൈഭവിനു വേണ്ടി മുൻ ഇന്ത്യൻ താരം രംഗത്തെത്തിയത്. ‘‘കളിച്ച ഇടങ്ങളിലെല്ലാം വൈഭവ് സെഞ്ചറി അടിക്കുകയാണ്. ഐപിഎൽ, അണ്ടർ 19 എല്ലായിടത്തും ഗംഭീര പ്രകടനം. എല്ലാ മത്സരങ്ങളിലും എതിരെ വരുന്നവരെ ഈ കുട്ടി അടിച്ചു തകർക്കുകയാണ്. ട്വന്റി20 ലോകകപ്പിനായി വൈഭവിനെ തയാറാക്കണമെന്നു കഴിഞ്ഞ വർഷവും ഞാൻ പറഞ്ഞിരുന്നു. വൈഭവിനെ ടീമിലേക്കു കൊണ്ടുവരുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കണം. കാരണം വൈഭവിന് അത്രയും കഴിവുണ്ട്.’’
‘‘വൈഭവിന് കുറച്ചു കൂടി സമയം വേണമെന്നൊക്കെ ആളുകൾ പറയുന്നുണ്ട്. സച്ചിന്‍ ചെറിയ പ്രായത്തിൽ തന്നെ ഇവിടെ കളിച്ചു തുടങ്ങിയിരുന്നു. തീർച്ചയായും സെഞ്ചറികൾ നേടിയ ശേഷമാണു അദ്ദേഹം ഇന്ത്യൻ സീനിയർ ടീമിലെത്തിയത്. വൈറ്റ് ബോൾ ക്രിക്കറ്റില്‍ അതേ പ്രകടനം തന്നെയാണ് വൈഭവും നടത്തുന്നത്.’’– ശ്രീകാന്ത് വ്യക്തമാക്കി. അണ്ടർ 19 ഇന്ത്യൻ ടീമിലാണു വൈഭവ് നിലവിൽ കളിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ബിഹാറിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണു താരം.
English Summary:








English (US) ·