Published: July 03 , 2025 08:26 AM IST
1 minute Read
നോർതാംപ്ടൻ ∙ ഐപിഎലിലെ മിന്നും താരം വൈഭവ് സൂര്യവംശി വീണ്ടും തകർത്തടിച്ചപ്പോൾ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെ 4 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യൻ യുവനിര. ഇംഗ്ലണ്ട് ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം 33 പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടന്നു. 31 പന്തിൽ 9 സിക്സും 6 ഫോറുമുൾപ്പെടെ 86 റൺസെടുത്ത വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ പോരാട്ടം നയിച്ചത്. സ്കോർ: ഇംഗ്ലണ്ട് 40 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 268 റൺസ്. ഇന്ത്യ 34.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ്.
269 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രണ്ടാം വിക്കറ്റിൽ വിഹാൻ മൽഹോത്ര(34 പന്തിൽ 46)യും വൈഭവ് സൂര്യവംശിയും ചേർന്ന് 73 റൺസാണ് അടിച്ചുകൂട്ടിയത്. അണ്ടർ 19 ഏകദിന മത്സരത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവുമധികം സിക്സടിച്ച ഇന്ത്യൻ താരമെന്ന റെക്കോഡ് ഈ മത്സരത്തിൽ വൈഭവ് സൂര്യവംശി സ്വന്തമാക്കി. ഒൻപതു സിക്സാണ് ഈ മത്സരത്തിൽ വൈഭവ് നേടിയത്. എട്ടു സിക്സടിച്ച മൻദീപ് സിങ്ങിന്റെ റെക്കോഡാണ് വൈഭവ് മറികടന്നത്. പിന്നാലെ രാഹുൽ കുമാർ (35 പന്തിൽ 27), കനിഷ്ക് ചൗഹാൻ (42 പന്തിൽ പുറത്താകാതെ 43), ആർ.എസ്. അംബരീഷ് (30 പന്തിൽ പുറത്താകാതെ 31) എന്നിവരും മികച്ച പ്രകടനം നടത്തി.
നേരത്തെ, നായകൻ തോമസ് റ്യൂ (44 പന്തിൽ പുറത്താകാതെ 76), ബി.ജെ. ഡോകിൻസ് (61 പന്തിൽ 62) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് 268 റൺസെടുത്തത്. ഇസാക് മുഹമ്മദ് (41 റൺസ്), ബെൻ മയേസ് (31 റൺസ്) എന്നിവർ മികച്ച പിന്തുണ നൽകി. ആൻഡ്രൂ ഫ്ലിന്റോഫിന്റെ മകൻ റോക്കി ഫ്ലിന്റോഫ് 16 റൺസെടുത്തു പുറത്തായി. ഇന്ത്യയ്‌ക്കു വേണ്ടി കനിഷ്ക് ചൗഹാൻ മൂന്നു വിക്കറ്റും ദീപേഷ് ദേവേന്ദ്രൻ, വിഹാൻ മൽഹോത്ര, നമൻ പുഷ്‌പക് എന്നിവർ ഓരോ വിക്കറ്റും നേടി.
English Summary:








English (US) ·