വൈഭവ് സൂര്യവംശി ‘തോറ്റിടത്ത്’ കരുത്തുകാട്ടി മറ്റൊരു ഐപിഎൽ യുവതാരം; ഇംഗ്ലിഷ് മണ്ണിൽ 107 പന്തിൽ സെഞ്ചറി, 450 കടന്ന് ഇന്ത്യൻ കുതിപ്പ്

6 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 12 , 2025 04:41 PM IST Updated: July 13, 2025 12:51 AM IST

2 minute Read

ayush-mhatre-century
ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെ സെഞ്ചറി പൂർത്തിയാക്കിയപ്പോൾ (Photo: Screen Grab, ECB Video)

ലണ്ടൻ∙ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ യൂത്ത് ടെസ്റ്റിൽ (ചതുർദിന മത്സരം) തകർപ്പൻ സെഞ്ചറിയുമായി വരവറിയിച്ച് ഇന്ത്യ അണ്ടർ 19 ടീമിന്റെ നായകൻ ആയുഷ് മാത്രെ. ഏകദിന പരമ്പരയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച പുത്തൻ താരോദയം വൈഭവ് സൂര്യവംശി ഇത്തവണ ബാറ്റിങ്ങിൽ പരാജയപ്പെട്ടെങ്കിലും, തകർപ്പൻ സെഞ്ചറിയുമായി ആയുഷ് മാത്രെ മുന്നിൽനിന്ന് നയിച്ചതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ആയുഷ് മാത്രെ സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ 102 റൺസുമായി പുറത്തായി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 450 റൺസെന്ന നിലയിലാണ് ഇന്ത്യ. ആർ.എസ്. അംബരീഷ് (31*), ഹെനിൽ പട്ടേൽ (6*) എന്നിവർ ക്രീസിൽ.

ഇന്ത്യൻ നിരയിൽ ആയുഷ് മാത്രെയ്‌ക്കു പുറമേ മൂന്നു പേർ അർധസെഞ്ചറി നേടി. ഇതിൽ ഒരാൾക്ക് സെഞ്ചറി നഷ്ടമായത് വെറും 10 റണ്‍സിനാണ്. മറ്റൊരാൾക്ക് 15 റൺസിനും. 115 പന്തുകൾ നേരിട്ട ആയുഷ് മാത്രെ, 14 ഫോറും രണ്ടു സിക്സും സഹിതമാണ് 102 റൺസെടുത്തത്.

95 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 90 റൺസെടുത്ത അഭിഗ്യാൻ കുണ്ഡുവാണ് 10 റൺസിനു സെഞ്ചറി നഷ്ടമായ താരം. 81 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതം 85 റൺസെടുത്ത രാഹുൽ കുമാറിനു 15 റൺസിനും സെഞ്ചറി നഷ്ടമായി. അതേസമയം, ഇരുവരും ചേർന്നുള്ള സെഞ്ചറി കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. ഏകദിനശൈലിയിൽ തകർത്തടിച്ച ഇരുവരും അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 179 റൺസാണ്.

99 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതം 67 റൺസെടുത്ത വിഹാൻ മൽഹോത്രയും തിളങ്ങി. ഏകദിന പരമ്പരയിൽ മിന്നുന്ന ഫോമിലായിരുന്ന വൈഭവ് സൂര്യവംശി, 13 പന്തിൽ മൂന്നു ഫോറുകൾ സഹിതം 14 റൺസെടുത്തും പുറത്തായി. മലയാളി താരം മുഹമ്മദ് ഇനാൻ 33 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്തു. എട്ടു പന്തിൽ രണ്ടു ഫോറുകൾ സഹിതം 11 റൺസെടുത്ത മൗല്യരാജ്സിംഹാണ് പുറത്തായ മറ്റൊരു താരം. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനായി അലക്സ് ഗ്രീനും ആർക്കി വോനും ജാക്ക് ഹോമും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. റാൽഫി ആൽബർട്ടിനാണ് ഒരു വിക്കറ്റ്.

കെന്റ് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഓപ്പണറായി എത്തിയ വൈഭവ്, മത്സരത്തിലെ ആദ്യ പന്തിൽത്തന്നെ ബൗണ്ടറിയടിച്ചാണ് ബാറ്റിങ് തുടങ്ങിയത്. ജയിംസ് മിന്റോ എറിഞ്ഞ ആദ്യ ഓവറിൽ ഇത് ഉൾപ്പെടെ നേടിയത് മൂന്നു ഫോർ. സ്വതസിദ്ധമായ ട്വന്റി20 ശൈലിയിൽ തകർത്തടിച്ചു തുടങ്ങിയ ശേഷമാണ് വൈഭവ് വിക്കറ്റ് കളഞ്ഞത്. വൈഭവ് സൂര്യവംശിക്ക് ടെസ്റ്റ് ഫോർമാറ്റിൽ തിളങ്ങാനാകില്ലെന്നും അദ്ദേഹത്തിന്റെ ശൈലി ട്വന്റി20ക്ക് അനുയോജ്യമാണെന്നും മുൻ താരങ്ങൾ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് റെഡ് ബോൾ ക്രിക്കറ്റിലേക്കുള്ള വരവിൽ ആദ്യ പരീക്ഷണത്തിൽ വൈഭവ് പരാജയപ്പെട്ടത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അണ്ടർ 19 നായകൻ ആയുഷ് മാത്രെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വൈഭവ് പുറത്തായ ശേഷം ക്രീസിൽ ഒരുമിച്ച ആയുഷ് മാത്രെ – വിഹാൻ മൽഹോത്ര സഖ്യം സെഞ്ചറി കൂട്ടുകെട്ടുമായി ഇന്ത്യയെ കരകയറ്റി. രണ്ടാം വിക്കറ്റിൽ ഇരുവരും 173 റൺസ് കൂട്ടിച്ചേർത്തതോടെ, വൈഭവ് സൂര്യവംശി നേരത്തേ പുറത്തായതിന്റെ ക്ഷീണം ഇന്ത്യ മറികടന്നു.

ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ ആകെ അഞ്ച് ഏകദിനങ്ങളും രണ്ട് യൂത്ത് ടെസ്റ്റുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ആദ്യ ടെസ്റ്റാണ് കെന്റ് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്നത്. രണ്ടാം ടെസ്റ്റ് ജൂലൈ 20 മുതൽ ചെംസ്ഫോഡ് കൗണ്ടി ഗ്രൗണ്ടിൽ നടക്കും. നേരത്തെ, തകർത്തപ്പൻ ഫോമിലായിരുന്ന വൈഭവ് സൂര്യവംശിയുടെ മികവിൽ ഏകദിന പരമ്പര ഇന്ത്യൻ യുവനിര 3–2ന് ജയിച്ചിരുന്നു. അഞ്ച് കളികളിൽനിന്ന് 71 ശരാശരിയിൽ 355 റൺസെടുത്ത വൈഭവ് ആയിരുന്നു പരമ്പരയിലെ ടോപ് സ്കോറർ. 174 സ്ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ റൺവേട്ട. 30 ഫോറുകളും 29 സിക്സറുകളും സഹിതമാണ് വൈഭവ് 355 റൺസെടുത്തത്.

English Summary:

India U19 Star Vaibhav Suryavanshi Struggles successful First Youth Test Innings

Read Entire Article