വൈരമുത്തു നല്ല കവിയായിരിക്കും, പക്ഷേ അത്ര നല്ല മനുഷ്യനല്ല; ചിന്മയിയെ പിന്തുണച്ച് ​ഗം​ഗൈ അമരൻ

7 months ago 6

11 June 2025, 10:08 AM IST

Chinmayi and Gangai Amaran

വൈരമുത്തു, ​ഗം​ഗൈ അമരൻ, ചിന്മയി | ഫോട്ടോ: വി. രമേഷ്, ജെയ്‌വിൻ ടി. സേവ്യർ | മാതൃഭൂമി

​2018-ൽ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ മീടൂ ആരോപണം ഉന്നയിച്ചത് തമിഴ് ചലച്ചിത്രമേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. തുടർന്ന് വലിയതോതിലുള്ള സൈബർ ആക്രമണങ്ങളും സിനിമയിൽനിന്നുള്ള വിലക്കും ചിന്മയിക്ക് നേരിടേണ്ടിവന്നു. ഇപ്പോൾ വൈരമുത്തുവിനെ വിമർശിച്ചും ചിന്മയിക്ക് പിന്തുണയർപ്പിച്ചും രം​ഗത്തെത്തിയിരിക്കുകയാണ് ഇളയരാജയുടെ സഹോദരൻകൂടിയായ ​ഗാനരചയിതാവ് ​ഗം​ഗൈ അമരൻ.

തന്റെ സുഹൃത്തായ വൈരമുത്തു അത്ര നല്ല മനുഷ്യനല്ല എന്നാണ് അദ്ദേഹം ​ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ചിന്മയിക്കുവേണ്ടി സംഘടിപ്പിച്ച ഒരു പരിപാടിയേക്കുറിച്ച് കേട്ടപ്പോൾ ഒട്ടും അമാന്തിക്കാതെ അതിൽ പങ്കെടുക്കണമെന്ന് തോന്നി. ഇന്ന് കാണുന്ന പിന്നണി ​ഗായികയാവാൻ ചിന്മയി ജീവിതത്തിൽ വളരെയധികം കഷ്ടപ്പെട്ടു. വൈരമുത്തു നല്ല മനുഷ്യനായി ചിത്രീകരിക്കപ്പെടുകയും കാര്യങ്ങൾ തുറന്നുപറഞ്ഞതിന് ചിന്മയി എല്ലാവർക്കുംമുന്നിൽ വില്ലത്തിയുമായി. ഈ സമയത്ത് ​ഗായികയെ ആരും പിന്തുണച്ചില്ലെന്നും ​ഗം​ഗൈ അമരൻ പറഞ്ഞു.

അനീതി തുറന്നുകാട്ടുന്ന ഒരു സ്ത്രീക്കൊപ്പം നിൽക്കേണ്ടത് പ്രധാനമാണെന്നും ഗംഗൈ അമരൻ ഊന്നിപ്പറഞ്ഞു. "ഒരു സ്ത്രീ തനിക്ക് സംഭവിക്കുന്ന അനീതിയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നമ്മൾ അവളോടൊപ്പം നിൽക്കണം. അങ്ങനെ ചെയ്യാത്തവരെയും ആ മനുഷ്യനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളെയും ഞാൻ അപലപിക്കുന്നു. ഞങ്ങൾ സുഹൃത്തുക്കളാണെന്ന് കരുതി. അദ്ദേഹം തെറ്റ് ചെയ്യുമ്പോൾ ചോദ്യം ചെയ്യാൻ പാടില്ല എന്നതിനർത്ഥമില്ല. അദ്ദേഹം എന്റെ സുഹൃത്താണെന്ന് കരുതി അദ്ദേഹത്തിനെതിരെ സംസാരിക്കരുതെന്ന് എനിക്ക് ചിന്മയിയോട് പറയാൻ കഴിയുമോ? അദ്ദേഹം ഒരു നല്ല കവിയാണ്, അതിൽ സംശയമില്ല, പക്ഷേ അദ്ദേഹം നല്ല മനുഷ്യനല്ല." അദ്ദേഹം കൂട്ടിച്ചേർത്തു.

2005-ൽ വൈരമുത്തു തന്നോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നായിരുന്നു ചിന്മയിയുടെ ആരോപണം. തമിഴ് സിനിമയിൽ #മീടൂ ആരോപണങ്ങൾ ഉയർന്നുവന്നതിനിടെയാണ് ​ഗായിക ഇക്കാര്യം ഉന്നയിച്ചത്. വൈരമുത്തു ആരോപണങ്ങൾ നിഷേധിച്ചെങ്കിലും, തമിഴ് ചലച്ചിത്രമേഖലയിൽ ചിന്മയി വിലക്ക് നേരിടുകയാണ്. ഈയിടെ ആടുജീവിതം എന്ന ചിത്രത്തിലെ ഒരു ​ഗാനം ചിന്മയി ആലപിച്ചിരുന്നു.

Content Highlights: Gangai Amaran, a seasoned composer, supports Chinmayi Sripada`s #MeToo allegations against Vairamuthu

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article