Published: December 13, 2025 10:09 PM IST
1 minute Read
മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഓപ്പണിങ് ബാറ്ററായി സഞ്ജു സാംസണെ പരിഗണിക്കണമെന്ന് വാദിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ബാറ്റിങ്ങിൽ നിരാശപ്പെടുത്തുന്ന ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റൻ ആയതിന്റെ പേരിൽ ടീമിൽ നിർത്തിയിട്ടു കാര്യമില്ലെന്ന് മുഹമ്മദ് കൈഫ് തുറന്നടിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിലെ ഗില്ലിന്റെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങൾക്കു പിന്നാലെയാണ് കൈഫ് നിലപാടു വ്യക്തമാക്കിയത്. വൈസ് ക്യാപ്റ്റൻമാരെ മുൻപും ഇന്ത്യൻ ടീമിൽനിന്നു പുറത്താക്കിയിട്ടുണ്ടെന്നും കൈഫ് പ്രതികരിച്ചു.
2024 ൽ ട്വന്റി20യിൽ ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചറികൾ അടിച്ച സഞ്ജുവിനെ ഗില്ലിന് വഴിയൊരുക്കാനാണ് ബിസിസിഐ ബാറ്റിങ് ക്രമത്തിൽ താഴേക്കു തട്ടിയത്. പിന്നീട് ജിതേഷ് ശർമയെ വിക്കറ്റ് കീപ്പറാക്കിയപ്പോൾ സഞ്ജു പ്ലേയിങ് ഇലവനിൽനിന്നു പുറത്തായി. ട്വന്റി20 ലോകകപ്പിന് ആറു മാസം മാത്രം ശേഷിക്കെയാണ് ഗിൽ ട്വന്റി20 ഫോർമാറ്റിലേക്കു മടങ്ങിയെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരങ്ങളിൽ ഗിൽ പുറത്തായ രീതികളെയും കൈഫ് വിമർശിച്ചു.
‘‘ശുഭ്മൻ ഗിൽ എങ്ങനെയാണു പുറത്താകുന്നതെന്നു നോക്കുക. സ്ലിപ്പിൽ ക്യാച്ച് പോയിട്ട്, സ്റ്റെപ് ഔട്ട് ചെയ്ത് ഇറങ്ങിയ ശേഷം ടൈമിങ് തെറ്റി ഒക്കെയാണ്. ഗിൽ അഭിഷേക് ശർമയെപ്പോലെ കളിക്കാൻ നോക്കി വിക്കറ്റ് വലിച്ചെറിഞ്ഞു. ഗിൽ എല്ലാ രീതിയിലും ശ്രമിച്ചു കഴിഞ്ഞു. ഗില്ലിന് വിശ്രമം നൽകി കഴിവുള്ള താരങ്ങളെ എടുക്കേണ്ട സമയമായെന്നാണ് എനിക്കു തോന്നുന്നത്. മികച്ച താരമായ സഞ്ജു സാംസണ് ആവശ്യത്തിന് അവസരങ്ങൾ ലഭിച്ചിട്ടില്ല. ഇരട്ട നീതി ഒരിക്കലും സംഭവിക്കാൻ പാടില്ല. വൈസ് ക്യാപ്റ്റൻമാരെ നേരത്തേ ടീമിൽനിന്നു പുറത്താക്കിയിട്ടുണ്ട്. ടീമിന്റെ താൽപര്യം നോക്കി ഗില്ലിനെ പുറത്തിരുത്തി, മറ്റാരെയെങ്കിലും കളിപ്പിക്കണം.’’– മുഹമ്മദ് കൈഫ് യുട്യൂബ് ചാനലിൽ പ്രതികരിച്ചു.
‘‘ഇത് മാറ്റങ്ങൾക്കു വേണ്ടിയുള്ള സമയമാണ്. നിങ്ങൾ യശസ്വി ജയ്സ്വാളിനെപ്പോലുള്ളവരെ ഒഴിവാക്കി. സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ നൽകാതെ ബെഞ്ചിലിരുത്തി. അഞ്ച് ട്വന്റി20 ഇന്നിങ്സുകളിൽ മൂന്ന് സെഞ്ചറികളടിച്ച ബാറ്ററാണ് അദ്ദേഹം. ചരിത്രത്തിൽ തന്നെ മറ്റാരും അതു ചെയ്തിട്ടില്ല. ചിലര്‍ക്കു വളരെ കുറച്ച് അവസരങ്ങളാണ് ലഭിക്കുന്നത്. മറ്റു ചിലരെ ടീമിൽ പിടിച്ചുനിര്‍ത്താൻ വേണ്ടി ഒരുപാട് അവസരങ്ങളും കിട്ടും. അതു വ്യക്തമാണ്.’’
‘‘ശുഭ്മൻ ഗില്ലിന് മുകളിൽ ഒരു സമയത്തു തന്നെ ഒരുപാടു ചുമതലകളുണ്ട്. ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻസിക്കു പുറമേയാണ് ട്വന്റി20യിലും വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയത്. ഒരു താരത്തിനും ഇത്രയും ചുമതലകൾ ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കില്ല. പടിപടിയായാണ് ഉത്തരവാദിത്തങ്ങൾ നൽകേണ്ടത്.’’– കൈഫ് വ്യക്തമാക്കി.
English Summary:








English (US) ·