വൺ സ്കൂൾ, വൺ ഗെയിം പദ്ധതി: സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കാൻ റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

8 months ago 8

ഓൺലൈൻ ഡെസ്ക്

Published: May 23 , 2025 10:03 PM IST

1 minute Read

 KCA
Photo: KCA

കൽപറ്റ ∙ വയനാട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഹൈസ്കൂളുകളിൽ ഒരു വർഷം മുൻപ് നടപ്പാക്കിയ ‘വൺ സ്കൂൾ, വൺ ഗെയിം’  പദ്ധതി സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കാൻ ഒരുങ്ങി കായിക വകുപ്പ്. ആദ്യഘട്ടത്തിൽ ജില്ലയിലെ 39 സ്‌കൂളുകളിൽ നടപ്പാക്കി മികച്ച അഭിപ്രായം നേടിയ പദ്ധതിക്ക് സംസ്ഥാന അംഗീകാരം ലഭിച്ചു. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും പദ്ധതി വ്യാപിപ്പിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട്‌ തേടി.

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് മികച്ച പരിശീലനം നൽകുക, സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുക, വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം നിർമാർജനം ചെയ്യുക എന്നീ ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം തുടക്കത്തിൽ ഒരു ഗെയിം എന്നാണ് വിഭാവനം ചെയ്തതെങ്കിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യപ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി പല സ്‌കൂളുകളിലും രണ്ട് ഗെയിം നടപ്പാക്കിയിട്ടുണ്ട്.

ഫുട്ബോളിനും ക്രിക്കറ്റിനും പുറമെ സൈക്കിൾ പോളോ, നെറ്റ് ബോൾ, സെറ്റ് ബാക്ക് ത്രോ, ടേബിൾ ടെന്നീസ്, കബഡി, റെസ്‌ലിങ്, ആർച്ചറി തുടങ്ങിയ ഇനങ്ങളാണ് സ്കൂളുകൾ ആവശ്യപ്പെട്ടതനുസരിച്ചു പദ്ധതിയിലുള്ളത്. വിദ്യാർഥികൾക്ക് നൽകുന്ന കായിക പരിശീലനം കൃത്യമായി നിരീക്ഷിക്കുക, അവരെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുക, വർഷാവസാനം വിദ്യാർത്ഥികൾ തമ്മിൽ മത്സരിക്കുന്നതിന് വേദി ഒരുക്കുക തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കിയിരുന്നത്.

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ സ്കൂളുകൾക്ക് ആവശ്യമായ കായിക ഉപകരണങ്ങൾ വിതരണം ചെയ്യൽ, കിറ്റുകളും ജേഴ്സികളും ലഭ്യമാക്കൽ, ടീം ഇല്ലാത്ത ഇടങ്ങളിൽ ടീമുകൾ രൂപീകരിക്കൽ തുടങ്ങിയവയും നടപ്പാക്കി. ആദ്യഘട്ടം പൂർത്തിയായ വയനാട് ജില്ലയിൽ പദ്ധതിയുടെ രണ്ടാംഘട്ടം ജൂൺ രണ്ടിന് തുടങ്ങും. കായികാധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ കായികാധ്യാപകരെ നിയമിക്കലാണ് രണ്ടാം ഘട്ടത്തിൽ മുഖ്യമായും നടപ്പാക്കുക.

സ്കൂളിൽ ഒരു ഗെയിംസും അടിച്ചേൽപ്പിക്കുന്നില്ല എന്നതാണ് പദ്ധതിയുടെ സവിശേഷത. പ്രാദേശിക പ്രാധാന്യമുള്ള ഗെയിം സ്കൂളിന്റെ പ്രധാനാധ്യാപകൻ, പിടിഎ, കായിക അധ്യാപകൻ എന്നിവർ ചേർന്ന് തീരുമാനിച്ചശേഷം ഗ്രാമപഞ്ചായത്തിനെ ഔദ്യോഗികമായി അറിയിക്കുകയാണു ചെയ്യുന്നത്.

English Summary:

One School, One Game scheme: Education Department seeks study to grow it to authorities level

Read Entire Article