
ഫിസ്റ്റ് ഓഫ് ഫ്യൂറി, ഡ്രങ്കൻ മാസ്റ്റർ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ | ഫോട്ടോ: IMDB
കുങ് ഫു പശ്ചാത്തലമായ പഴയ നൂറുചിത്രങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി ചൈന. കുങ്ഫു മൂവി ഹെറിറ്റേജ് പ്രോജക്റ്റ്: 100 ക്ലാസിക്സ് AI റിവൈറ്റലൈസേഷൻ പ്രോജക്റ്റ് എന്നാണ് പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ബ്രൂസ് ലീ, ജാക്കി ചാൻ, ജെറ്റ് ലി എന്നിവർ അഭിനയിച്ച ക്ലാസിക് സിനിമകൾ ഡിജിറ്റലായി പുനഃസ്ഥാപിക്കുകയും, ആധുനിക കാലത്തെ പ്രേക്ഷകർക്കായി പുതിയ ജീവനേകി നൽകുകയും ചെയ്യുന്നതാണ് പദ്ധതി.
കഥകളിലോ കഥാപാത്രങ്ങളിലോ മാറ്റം വരുത്താതെ ദൃശ്യങ്ങൾ, ശബ്ദം, മൊത്തത്തിലുള്ള ഗുണമേന്മ എന്നിവ മെച്ചപ്പെടുത്തുക എന്നതാണ് കുങ്ഫു മൂവി ഹെറിറ്റേജ് പ്രോജക്റ്റിന്റെ ലക്ഷ്യം. ഫിസ്റ്റ് ഓഫ് ഫ്യൂറി (1972), ഡ്രങ്കൺ മാസ്റ്റർ (1978), വൺസ് അപ്പോൺ എ ടൈം ഇൻ ചൈന (1991) പോലുള്ള ക്ലാസിക്കുകൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തും.
ഇതിന് പുറമേ ജോൺ വൂ 1986-ൽ ഒരുക്കിയ എ ബെറ്റർ ടുമോറോ എന്ന ചിത്രത്തിന് എഐ സഹായത്തോടെ ആനിമേറ്റഡ് റീമേക്ക് ഒരുക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്. ഇത് ലോകത്തിലെ ആദ്യത്തെ പൂർണ്ണമായും AI ജനറേറ്റഡ് ആനിമേറ്റഡ് ഫീച്ചർ ഫിലിം ആയിരിക്കുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.
സിനിമാ ചരിത്രത്തിനുള്ള ആദരവും ഭാവിയുടെ ഒരു കുതിച്ചുചാട്ടവുമായാണ് ചൈന ഫിലിം ഫൗണ്ടേഷൻ പ്രസിഡന്റ് ഷാങ് പിമിൻ ഈ ഉദ്യമത്തെ വിശേഷിപ്പിച്ചത്. "ഈ സിനിമകൾ രത്നങ്ങളാണ്. നിർമിതബുദ്ധി അവയെ ഇന്നത്തെ പ്രേക്ഷകർക്ക് പുതിയ രീതിയിൽ പ്രസക്തമാക്കും." അദ്ദേഹം പറഞ്ഞു. 100 മില്യൺ യുവാൻ (ഏകദേശം 13.9 മില്യൺ ഡോളർ) ബഡ്ജറ്റാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.
Content Highlights: China's Kung Fu Movie Heritage Project: Remastering Classics with Artificial Intelligence
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·