Published: June 11, 2026 09:09 PM IST Updated: June 12, 2026 10:29 AM IST
1 minute Read
മെക്സിക്കോ സിറ്റി ∙ വർണവിസ്മയങ്ങളോടെ മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ അസ്ടെക്ക സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോളിന്റെ 23 ാം പതിപ്പിന് തുടക്കം. ഇനിയുള്ള നാൽപതു നാൾ ലോകമെമ്പാടും ഫുട്ബോൾ ആവേശം പടരും. കാൽപന്തു കളിയുടെ ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷിയായ അസ്ടെക്ക മൈതാനത്തിന്റെ മധ്യത്തിൽ സ്ഥാപിച്ച സ്വർണക്കിരീടത്തിന്റെ വലിയ മാതൃകയുടെ പശ്ചാത്തലത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ലോകത്തിന്റെ വിവിധ കോണിൽനിന്നുള്ള കലാകാരന്മാർ അണിനിരന്ന ഉദ്ഘാടന ചടങ്ങിൽ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ കൊളംബിയൻ പോപ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണ ബോയും ചേർന്ന് ആലപിച്ചു. 1986ലെ ലോകകപ്പ് മത്സരങ്ങളുടെ ദൃശ്യങ്ങൾ വലിയ സ്ക്രീനുകളിൽ മിന്നിമറഞ്ഞു. മെക്സിക്കോയുടെ വേരുകളെ പ്രതിനിധാനം ചെയ്യുന്ന നൃത്തരൂപങ്ങൾ വേദിയിലെത്തിയപ്പോൾ ഗാലറിയിൽ കയ്യടി നിറഞ്ഞു. ടൈല, ജെ ബാൽവിൻ, മാന, അലക്സാന്ദ്രോ ഫെർണാണ്ടസ്, ബെലിൻഡ, ഡാനി ഓഷ്യൻ, ലീല ഡൗൺസ് തുടങ്ങിയവരും സംഗീതവിരുന്നിൽ പങ്കാളികളായി.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഫൈനൽ ഉൾപ്പെടെ ആകെ 104 മത്സരങ്ങളാണുള്ളത്. നാലു ടീമുകളെ വീതം 12 ഗ്രൂപ്പുകളിലായി തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. നോക്കൗട്ട് മത്സരങ്ങൾക്ക് 29 ന് തുടക്കമാകും. ജൂലൈ 4 മുതൽ 8 വരെ പ്രീക്വാർട്ടർ മത്സരങ്ങൾ, 10 മുതൽ 12 വരെ ക്വാർട്ടർ, 15, 16 തീയതികളിൽ സെമി ഫൈനൽ. ജൂലൈ 19ന് ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ന്യൂയോർക്ക്/ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
English Summary:





English (US) ·