സ്വന്തം ലേഖിക
22 June 2025, 03:11 PM IST

'അമ്മ' ജനറൽ ബോഡി യോഗത്തിനെത്തിയ ജഗതി ശ്രീകുമാർ നടൻ മോഹൻലാലിനെ കണ്ടപ്പോൾ പുഞ്ചിരിക്കുന്നു
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി നടന്‍ ജഗതി ശ്രീകുമാര്‍. നീണ്ട 13 വര്‍ഷത്തിനു ശേഷമാണ് അദ്ദേഹം അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിനെത്തുന്നത്. മകനൊപ്പം വീല്‍ ചെയറിലാണ് കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യോഗത്തിന് ജഗതി എത്തിയത്. മീറ്റിങ്ങിനെത്തിയ ജഗതി സഹപ്രവര്‍ത്തകരായ താരങ്ങളുടെ കുശലാന്വേഷണങ്ങള്‍ക്ക് ചിരിച്ചും തലകുലുക്കിയും പ്രതികരണം അറിയിച്ചു. പ്രിയപ്പെട്ട കൂട്ടുകാരന്‍ മോഹന്‍ലാല്‍ എത്തി ചേര്‍ത്തുപിടിച്ചപ്പോള്‍ ആ പുഞ്ചിരിക്ക് മാറ്റേറി. ശേഷം ലാലിന്റെ കയ്യില്‍ കൈകോര്‍ത്ത് ആ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു.
അമ്മയുടെ 31-ാമത് ജനറല്‍ ബോഡി യോഗമാണ് കൊച്ചിയില്‍ നടക്കുന്നത്. മലയാള സിനിമയിലെ താരങ്ങളെല്ലാം മീറ്റിങ്ങിനെത്തിയിട്ടുണ്ട്. എങ്കിലും മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ അഭാവം ചടങ്ങിനുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് പുതിയ ഭാരവാഹികളെ കണ്ടെത്താനും കൂടിയാണ് ഇത്തവണത്തെ ജനറല്‍ ബോഡി യോഗം നടക്കുന്നത്. വോട്ടെടുപ്പ് ഒഴിവാക്കിയേക്കുമെന്നും പ്രസിഡന്റായി മോഹന്‍ലാല്‍ തന്നെ എത്തുമെന്നുമാണ് സൂചന. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് എത്താനാണ് സാധ്യത. നിലവില്‍ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്.

പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് അഡ്‌ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നാണ് വിവരം. അഡ്‌ഹോക്ക് കമ്മിറ്റിയുടെ അവസാന യോഗത്തില്‍ എടുത്ത തീരുമാനങ്ങളും ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറി സിദ്ദിഖും ട്രഷറര്‍ ഉണ്ണി മുകുന്ദനും രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും.
അവസാന വാര്‍ഷിക ജനറല്‍ബോഡിയില്‍ തെരഞ്ഞെടുപ്പിലൂടെ സ്ഥാനമേറ്റ കമ്മിറ്റി വിവാദങ്ങളെ തുടര്‍ന്ന് ഒന്നടങ്കം രാജിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27-നാണ് 'അമ്മ'യില്‍ കൂട്ടരാജി നടന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വിവാദ വെളിപ്പെടുത്തലുകള്‍ക്കും പിന്നാലെയാണ് പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ രാജി വെച്ച് ഭരണസമിതി പിരിച്ചുവിട്ടത്.

Content Highlights: Jagathy Sreekumar comes AMMA wide assemblage meetin,
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·