ശക്തിവേലിന്റെ സാമ്രാജ്യത്തിലെ അമരന്‍, തഗ് ലൈഫ് അരങ്ങ് വാഴുമ്പോള്‍

7 months ago 7

Thug Life

ത​ഗ് ലൈഫ് എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: X

37 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ രണ്ട് അതികായർ, മണിരത്‌നവും ഉലകനായകന്‍ കമല്‍ഹാസനും, ഒന്നിക്കുന്നു ചിത്രം...., തഗ് ലൈഫ് എന്ന് ചിത്രം പ്രഖ്യാപിക്കുമ്പോള്‍ സാമാന്യ സിനിമാമോഹികളെ ആവേശത്തിലാക്കാന്‍ ഇത് തന്നെ ധാരാളമായിരുന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ തഗ്‌ലൈഫ് പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. രംഗരായ ശക്തിവേലായി കമല്‍ഹാസന്‍ പരകായ പ്രവേശം നടത്തിയപ്പോള്‍ ചങ്കുറപ്പുള്ള അമരനായി ചിമ്പു ജീവിച്ചു കാണിച്ചു. മണിരത്‌നത്തിന്റെ സംവിധാനമികവാകട്ടെ വാക്കുകള്‍ക്ക് അതീതമായി നില്‍ക്കുന്നു. കമല്‍ഹാസനും മണിരത്‌നവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ട്രെയ്​ലറിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ ഡല്‍ഹി പശ്ചാത്തലമാക്കിയിട്ടുള്ള ഗ്യാങ്സ്റ്റര്‍ മൂവിയാണ് തഗ്‌ലൈഫ്. അടിയും വെട്ടും എന്നതിലുപരി വൈകാരികതലങ്ങളില്‍ കൂടിയാണ് ചിത്രം കടന്നുപോവുന്നത്. രംഗരായ ശക്തിവേല്‍ എന്ന ഡോണിനും മകനെ പോലെ കൊണ്ടുനടന്ന അമരനും എന്തുസംഭവിക്കുന്നു എന്നതാണ് കഥയുടെ മൂലതന്തു.

നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ സംവിധായകന്‍ മണിരത്നത്തിന്റെ മാത്രം എന്നവകാശപ്പെടാവുന്ന സ്റ്റേറ്റ്‌മെന്റ് ഫ്രെയിമുകളാല്‍ സമ്പുഷ്ടമാണ് ചിത്രം. സിനിമയുടെ നെടുതൂണ്‍ മണിരത്‌നം എന്ന സംവിധായകൻ തന്നെ.

വാര്‍ദ്ധ്യകത്തിലേക്ക് എത്തിയിട്ടും തന്റെ മികവും കൈവഴക്കവും കൈവിടാത്ത ഗ്യാങ്ങ്‌സ്റ്ററായി മികച്ച രീതിയില്‍ തന്നെ ശക്തിവേല്‍ രംഗരായനെ കമൽ അവതരിപ്പിച്ചു. എന്നാൽ, സിനിമ കഴിഞ്ഞാലും മനസില്‍ ഉറച്ച് നില്‍ക്കുന്നത് ചിമ്പുവാണ്. അത്ര മെയ്‌വഴക്കത്തിലാണ് ചിത്രത്തില്‍ സിമ്പു നിറഞ്ഞാടിയത്. വൈകാരികമായും ഏറെ ആഴമുള്ള കഥാപാത്രമാണ് സിമ്പു ഇതില്‍ അവതരിപ്പിച്ചത്. ജോജു ജോര്‍ജ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായിരുന്നു. ജോജുവിന്റെ പ്രകടനം പലയിടത്തും എഴുന്നേറ്റ് നിന്ന് കൈയടിക്കാന്‍ തോന്നിപ്പിക്കുന്നതാണ്. ചെറിയ സ്‌ക്രീന്‍ ടൈമേ ഉള്ളുവെങ്കിലും ഐശ്വര്യ ലക്ഷ്മിയും ബാബുരാജും തങ്ങള്‍ക്ക് തന്ന കഥാപാത്രങ്ങള്‍ ശക്തവും മികച്ചതുമാക്കിയിട്ടുണ്ട്.

എആര്‍ റഹ്‌മാന്റെ സംഗീതം ചിത്രത്തിന്റെ നെടുതൂണുകളിലൊന്നായിരുന്നു. പലയിടങ്ങളിലും തന്റെ സംഗീതം കൊണ്ട് സിനിമയുടെ മൊത്തം ഗ്രാഫിനെയും മാറ്റിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.

1987ല്‍ പുറത്തിറങ്ങിയ മണിരത്‌നം- കമല്‍ഹാസന്‍ ചിത്രം നായകന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ക്ലാസിക്കുകളിലൊന്നായിരുന്നു. വീണ്ടും അത്തരമൊരു സിനിമ ഒരുങ്ങുമ്പോള്‍ പ്രേക്ഷകര്‍ നായകന് മുകളിലുള്ള ചിത്രമാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ അതിന് മുകളിലേക്ക് പ്രതീക്ഷിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും ചിത്രം വഴങ്ങണമെന്നില്ല. ഓരോ ചിത്രത്തിനും ഒരോ ഷെയ്ഡുകളാണെന്ന് മനസിലാക്കിയാല്‍ ഈ അസംതൃപ്തി മാറ്റിയെടുക്കാവുന്നതാണ്. എന്നാല്‍, മുന്‍വിധികളില്ലാതെ പോയി ചിത്രം കാണുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ സംതൃപ്തനാക്കിയിരിക്കും.

Content Highlights: Mani Ratnam & Kamal Haasan`s Gangster Epic

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article