Published: September 27, 2025 05:23 PM IST Updated: September 27, 2025 05:33 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പ് ഫൈനലിസ്റ്റുകൾ തീരുമാനിക്കപ്പെട്ടതിനാൽ പ്രസക്തി നഷ്ടപ്പെട്ട സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ സൂപ്പർ ഓവറിലാണ് ഇന്ത്യ ജയിച്ചുകയറിയത്. ബാറ്റിങ്ങിൽ ഇരു ടീമുകളുടെയും സ്കോർ തുല്യമായതോടെയാണ് കളി സൂപ്പർ ഓവറിലേക്ക് നീണ്ടത്. സ്കോർ: ഇന്ത്യ – 20 ഓവറിൽ 5ന് 202; ശ്രീലങ്ക– 20 ഓവറിൽ 5ന് 202. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 2 റൺസെടുക്കുന്നതിനിടെ 2 വിക്കറ്റുകളും നഷ്ടമാക്കി. വിജയലക്ഷ്യമായ 3 റൺസ് ആദ്യ പന്തിൽ തന്നെ നേടി സൂര്യകുമാർ യാദവ് ടൂർണമെന്റിലെ ഇന്ത്യയുടെ അപരാജിത റെക്കോർഡ് തകരാതെ നോക്കി.
എന്നാൽ ലങ്കയുടെ മറുപടി ബാറ്റിങ്ങിലെ അവസാന പന്തിൽ ഓള്‍റൗണ്ടര്‍ ദസുന്‍ ശനകയുടെ അബദ്ധമാണ് മത്സരം സൂപ്പർ ഓവറിലേക്കു നീട്ടിയതും ലങ്ക തോൽവി വഴങ്ങിയതും. അവസാന ഓവറിൽ 12 റൺസായിരുന്നു ശ്രീലങ്കയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റതിനാൽ ഇന്നലെ ഏറ്റവുമധികം റൺസ് വഴങ്ങിയ ഹർഷിത് റാണയെയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പന്തെറിയാൻ ഏൽപ്പിച്ചത്. പാത്തും നിസ്സംഗയും ദസുൻ ശനകയുമായിരുന്നു ക്രീസിൽ. ആദ്യ പന്തിൽ തന്നെ സെഞ്ചറിനേട്ടക്കാരൻ പാത്തും നിസ്സംഗയുടെ വിക്കറ്റ് വീണതോടെ പകരം ജനിത് ലിയാനെഗെ എത്തി. എന്നാൽ പിന്നീടുള്ള പന്തുകളിൽ താളം കണ്ടെത്താൻ ഹർഷിതിനായില്ല. അവസാന പന്തിൽ മൂന്നു റൺസായിരുന്നു ലങ്കയ്ക്കു ജയത്തിലേക്കു വേണ്ടത്.
ഹര്‍ഷിത് എറിഞ്ഞ അവസാന പന്ത് ലോങ് ഓണിലേക്ക് വീശിയടിച്ച ശനക, റണ്‍സിനായി ഓടി. ആദ്യ റണ്‍ അതിവേഗം പൂര്‍ത്തിയാക്കിയ ശനക, മത്സരം ടൈ ആക്കാനായി രണ്ടാം റണ്ണിനായി സ്ട്രൈക്കിങ് എന്‍ഡിലേക്ക് പാഞ്ഞു. പന്ത് പിടിക്കാന്‍ ശ്രമിച്ച അര്‍ഷ്ദീപ് സിങ്ങിനു പിഴച്ചത് ശ്രീലങ്കയ്ക്കു തുണയായി. അര്‍ഷ്ദീപ് വിക്കറ്റ് കീപ്പര്‍ എന്‍ഡിലേക്ക് ത്രോ ചെയ്യുമെന്ന് കരുതി റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശനക ക്രീസിലേക്ക് ഡൈവ് ചെയ്തു. എന്നാല്‍ കയ്യില്‍ നിന്ന് നഷ്ടമായ പന്തെടുത്ത് അര്‍ഷ്ദീപ് എറിഞ്ഞുകൊടുത്തത് നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ ഹര്‍ഷിത് റാണയ്‌ക്കായിരുന്നു.
ഹര്‍ഷിതിനാകട്ടെ ആ ത്രോ കയ്യിലൊതുക്കാനായില്ല. ഇതു കണ്ട് വിജയറണ്ണിനായി ഓടാന്‍ ശനകയെ ജനിത് ലിയാനെഗെ വിളിച്ചെങ്കിലും വീണിടത്തുനിന്ന് എഴുന്നേറ്റ് ഓടാൻ ശനകയ്ക്കായില്ല. മിസ് ഫീൽഡിന്റെ കാര്യ ശനക ശ്രദ്ധിച്ചതുമില്ല. ഇതുകണ്ട് ശ്രീലങ്കന്‍ പരിശീലകന്‍ സനത് ജയസൂര്യയും സഹതാരങ്ങളും ഡഗൗട്ടിലിരുന്ന ശനകയോട് ദേഷ്യപ്പെടുന്നതു കാണാമായിരുന്നു. ശനകയുടെ ശ്രദ്ധക്കുറവും അനാവശ്യ ഡൈവുമാണ് നിശ്ചിത ഓവറില്‍ ജയിക്കാനുള്ള അവസരം ലങ്കയ്ക്ക് നഷ്ടമാക്കിയത്. സൂപ്പർ ഓവറിലും ഒരു ‘ലൈഫ്’ വീണുകിട്ടിയ ശനക, തൊട്ടടുത്ത പന്തിൽ പുറത്തായിരുന്നു. ഇതോടെയാണ് സൂപ്പർ ഓവറിൽ അവർ വെറും രണ്ടു റൺസിൽ ഒതുങ്ങിയത്.
English Summary:








English (US) ·