പടം ചിത്രീകരിച്ചുതീര്‍ന്നപ്പോള്‍ പ്രൊഡ്യൂസര്‍ക്ക് ആശങ്ക: ഉദ്ദേശിച്ച ബഡ്ജറ്റില്‍ നില്‍ക്കുമോ നിര്‍മ്മാണച്ചെലവ്? ചെലവ് ചുരുക്കാന്‍ ഉടനടി ഒരു പോംവഴി കണ്ടെത്തി അദ്ദേഹം. സംഗീത സംവിധായകനെ രായ്ക്കുരാമാനം 'പിരിച്ചുവിട്ടു'. പാട്ടുകള്‍ എല്ലാം റെക്കോര്‍ഡ് ചെയ്തുകഴിഞ്ഞല്ലോ. ഇനി റീറെക്കോര്‍ഡിംഗേ ബാക്കിയുള്ളൂ. 'നമുക്ക് തന്നെ ചെയ്യാവുന്ന കാര്യം. അതിനൊരാളെ പ്രത്യേകിച്ചു നിയോഗിക്കേണ്ടതില്ല'- സംവിധായകനോട് അദ്ദേഹം പറഞ്ഞു.
പടങ്ങളേറെ ചെയ്തിട്ടുള്ള സംവിധായകന് സംശയം: 'അതെങ്ങനെ? പശ്ചാത്തല സംഗീതമല്ലേ സിനിമയുടെ ആത്മാവ്? സംഗീത സംവിധായകന്‍ വേണ്ടേ അത് നിര്‍വഹിക്കാന്‍?' നിര്‍മ്മാതാവ് ചിരിച്ചു. 'ഏയ് അങ്ങനെയൊന്നുമില്ല. ആര്‍ക്കും ചെയ്യാം. ഞാന്‍ കാണിച്ചുതരാം.'
താന്‍ തന്നെ മുന്‍പ് നിര്‍മിച്ച പടങ്ങള്‍ മൂവിയോളയിലിട്ട് ഓടിച്ചു കണ്ടു നിര്‍മാതാവ്. തൊട്ടടുത്ത് തുറന്നുവെച്ച നോട്ട് ബുക്കില്‍ ആ സിനിമകളിലെ പ്രധാന സിറ്റുവേഷനുകളും അവയുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ച സംഗീതവും രേഖപ്പെടുത്തിവെച്ചു. ഒരു ടെക്‌നിഷ്യന്റെ സഹായത്തോടെ ഇതേ സംഗീതശകലങ്ങള്‍ പുതിയ സിനിമയുടെ സൗണ്ട് ട്രാക്കില്‍ അനുയോജ്യമായ ഇടങ്ങളില്‍ കൂട്ടിച്ചേര്‍ത്തു. ദുഃഖത്തിന് വയലിന്‍, വിവാഹത്തിന് ഷഹനായ്, കോമഡിക്ക് മുഖര്‍ശംഖ്, സ്റ്റണ്ടിന് തബല എന്നിങ്ങനെ... പല സിനിമകളിലെ സംഗീതശകലങ്ങള്‍ ഏച്ചുകൂട്ടി പുതിയൊരു സിനിമ.
'റീറെക്കോര്‍ഡിംഗ്' കഴിഞ്ഞു പടം കണ്ടുനോക്കിയപ്പോള്‍ സംഗതി ഓക്കേ. ആര്‍ക്കുമില്ല പരാതി. പ്രേക്ഷകര്‍ക്ക് പോലും. 'നയാപൈസ ചെലവില്ലാതെ സ്വന്തം സിനിമക്ക് റീറെക്കോര്‍ഡിംഗ് നിര്‍വഹിച്ച ലോകത്തെ ആദ്യത്തെയാളാകും ഞാന്‍....' പിന്നീട്, വര്‍ഷങ്ങള്‍ക്കു ശേഷം ഒരഭിമുഖത്തില്‍ വന്ദ്യവയോധികനായ ആ നിര്‍മ്മാതാവ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ ഇന്നുമുണ്ട് ഓര്‍മയില്‍. പടം നൂറു ദിവസം ഓടിയതും മലയാളത്തിലെ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയതും ചരിത്രം.
അത്ഭുതപ്പെടേണ്ട. സംഗീതത്തോടുള്ള അന്നത്തെ സിനിമാക്കാരുടെ പൊതുസമീപനം അതായിരുന്നു. സിനിമാസംഗീതമെന്നാല്‍ പാട്ടുകളെന്നു വിശ്വസിച്ചിരുന്നവരാണ് ഏറെയും. പശ്ചാത്തലസംഗീതം എങ്ങനേയും തട്ടിക്കൂട്ടാം. കാലാതിവര്‍ത്തിയായ ഗാനങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള പ്രതിഭാശാലികളായ സംഗീത സംവിധായകര്‍ യഥേഷ്ടമുണ്ടായിരുന്നെങ്കിലും പശ്ചാത്തല സംഗീതനിര്‍മിതിയില്‍ ആ പ്രാഗല്‍ഭ്യം അവകാശപ്പെടാനാവില്ലായിരുന്നു പലര്‍ക്കും. നാടക സംഗീതത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു അവര്‍ക്ക് സിനിമയുടെ ബിജിഎം.
ശബ്ദത്തെ മാത്രമല്ല ശബ്ദരാഹിത്യത്തേയും ഔചിത്യപൂര്‍വം പശ്ചാത്തലത്തില്‍ ഉപയോഗിക്കാനറിയുന്ന സംവിധായകരും സംഗീതസംവിധായകരും കടന്നുവന്നതോടെയാണ് ഒരര്‍ത്ഥത്തില്‍ മലയാളസിനിമയുടെ 'സൗണ്ടിംഗ്' തന്നെ മാറിയത്. സംഗീതം അതോടെ സിനിമയുടെ ജീവശ്വാസമായി മാറുന്നു. എം.ബി. ശ്രീനിവാസനും ജോണ്‍സണുമൊക്കെ വെട്ടിത്തെളിച്ച പാതയിലൂടെ കടന്നുവന്ന് ശബ്ദങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തുകയും സിനിമയുമായി ബുദ്ധിപൂര്‍വം വിളക്കിച്ചേര്‍ക്കുകയും ചെയ്ത പ്രഗത്ഭര്‍ നിരവധി. സൗണ്ട് ഡിസൈനിലും മിക്‌സിംഗിലുമെല്ലാം വൈദഗ്ദ്യമുള്ളവര്‍ സിനിമയുടെ അവിഭാജ്യ ഘടകമാണിന്ന്. പ്രേക്ഷകര്‍ കേള്‍ക്കേണ്ടതും കേള്‍ക്കരുതാത്തതും ഏതൊക്കെ ശബ്ദങ്ങള്‍ എന്ന് നിശ്ചയിക്കുന്നവര്‍.
പ്രതിഭകളുടെ ആ തിളക്കമാര്‍ന്ന നിരയില്‍ നമ്മുടെ എം.ആര്‍. രാജകൃഷ്ണനുമുണ്ട്. മലയാളിയുടെ ലളിതഗാനാസ്വാദന സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സാക്ഷാല്‍ എം.ജി. രാധാകൃഷ്ണന്റെ മകന്‍.
ശബ്ദത്തിനൊപ്പമാണ് രണ്ടു പതിറ്റാണ്ടായി രാജകൃഷ്ണന്റെ സഞ്ചാരം. ഒറ്റയ്ക്കല്ല ആ യാത്ര. ലക്ഷക്കണക്കിന് സിനിമാ പ്രേക്ഷകരുമുണ്ട് ഒപ്പം; തുറന്നുവെച്ച കാതുകളുമായി.
സിനിമയുടെ സൗണ്ട്‌സ്‌കേപ്പ് രൂപപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്ന് പറയും രാജകൃഷ്ണന്‍. 'ലാഘവത്തോടെ കാണേണ്ട ജോലിയല്ല പുതുകാല സിനിമയില്‍ സൗണ്ട് മിക്‌സിങ്. പ്രേക്ഷകന്റെ കാതായി മാറണം നമ്മള്‍. ശബ്ദങ്ങള്‍ പുനഃസൃഷ്ടിക്കണം. ആളുകള്‍ എന്തൊക്കെ കേള്‍ക്കണം, ഏതെല്ലാം അളവില്‍ കേള്‍ക്കണം എന്ന് നിശ്ചയിക്കണം. ആസ്വാദ്യകരമായ തിയേറ്ററിക്കല്‍ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പ്രധാനം. അങ്ങനെ നോക്കുമ്പോള്‍ നല്ല ഒരു സൗണ്ട് പ്രസന്ററുടെ റോളാണ് നമുക്ക്.'
ഓഡിയോഗ്രാഫി, ശബ്ദമിശ്രണം, സൗണ്ട് ഡിസൈനിംഗ്, സംഗീത സംവിധാനം തുടങ്ങി രാജകൃഷ്ണന്‍ കൈവെക്കാത്ത മേഖലകള്‍ കുറവ്. കണ്ണുകള്‍ കൊണ്ട് നാം കാണുന്നത് കാതുകള്‍ കൊണ്ട് 'കാണുന്നു' രാജകൃഷ്ണന്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും 'വിലപിടിപ്പുള്ള' സൗണ്ട് ഡിസൈനര്‍മാരിലൊരാളാണ് ഇന്ന് ഈ തിരുവനന്തപുരത്തുകാരന്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും നിറ സാന്നിധ്യം. കാന്താര, ജിഗര്‍തണ്ട, എമ്പുരാന്‍, വിക്രം വേദ, രംഗസ്ഥലം, ടേക്ക് ഓഫ്, കാഞ്ചിവരം, കാക്കമുട്ടൈ, ബാംഗ്ലൂര്‍ ഡേയ്‌സ്, പുഷ്പ- 2, ആനിമല്‍, എ.ആര്‍.എം, ഭ്രമയുഗം, പാര്‍ക്കിംഗ്, കബീര്‍ സിംഗ്, ആക്ഷന്‍ ഹീറോ ബിജു തുടങ്ങി എണ്ണമറ്റ വിജയചിത്രങ്ങള്‍.
ദേശീയ സിനിമാ പുരസ്‌കാരങ്ങളില്‍ റീറെക്കോര്‍ഡിംഗ് മിക്‌സര്‍ക്കുള്ള പ്രത്യേക പരാമര്‍ശമാണ് എം.ആര്‍. രാജകൃഷ്ണനെ തേടി വന്ന ഏറ്റവും പുതിയ അംഗീകാരം. ചിത്രം: ആനിമല്‍ (ഹിന്ദി). രാജകൃഷ്ണന്റെ രണ്ടാമത്തെ ദേശീയ അംഗീകാരമാണിത്. ആദ്യത്തേത് രംഗസ്ഥലം എന്ന തെലുങ്ക് സിനിമയിലെ മിക്‌സിംഗിനായിരുന്നു. ഉറുമി, മഞ്ചാടിക്കുരു, ചാപ്പാകുരിശ്, ചാര്‍ളി എന്ന സിനിമകളിലെ ശബ്ദസംവിധാനത്തിനുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ ഇതിന് പുറമെ. ജൈത്രയാത്ര തുടരുകയാണ് രാജകൃഷ്ണന്‍.
അകലെയെങ്ങോ അദൃശ്യരായിരുന്ന് മകന്റെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നുണ്ടാവണം രാധാകൃഷ്ണന്‍ ചേട്ടനും പത്മജ ചേച്ചിയും. അവരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നല്ലോ ഈ ഉയര്‍ച്ച. അഭിനന്ദനങ്ങള്‍, പ്രിയ സുഹൃത്ത് കൂടിയായ രാജകൃഷ്ണന്...
Content Highlights: MR Rajakrishnan: Award-Winning Sound Designer
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·