04 August 2025, 10:02 AM IST
.jpg?%24p=5be71b1&f=16x10&w=852&q=0.8)
സിനിമാ ജീവനക്കാർ | പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് തെലുങ്ക് സിനിമകളുടെ ചിത്രീകരണം നിർത്തിവച്ചു. തെലുങ്ക് ഫിലിം ഇൻഡസ്ട്രി എംപ്ലോയീസ് ഫെഡറേഷൻ ആണ് പണിമുടക്കുന്നത്. 30 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഇതോടെ, തിങ്കളാഴ്ച മുതൽ തെലുങ്ക് സിനിമാവ്യവസായത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു. പണിമുടക്ക് ആരംഭിച്ചതോടെ തെലുങ്ക് സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലായി. ഈ നീക്കം വരും ദിവസങ്ങളിൽ ടോളിവുഡിലെ വിവിധ പ്രോജക്റ്റുകളെ സാരമായി ബാധിക്കുകയും സിനിമകളുടെ ചിത്രീകരണം നിർത്തിവയ്ക്കുന്നതിനും കാരണമാകും.
ജീവനക്കാരുടെ ശമ്പളത്തിൽ വർദ്ധനവ് ആവശ്യപ്പെട്ടുള്ള ദീർഘകാലമായുള്ള ആവശ്യം ഇതുവരെ അംഗീകരിക്കാത്തതിനെ തുടർന്നാണ് ഫെഡറേഷൻ പണിമുടക്കിന് ആഹ്വനം ചെയ്തത്. അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച്, തിങ്കളാഴ്ച മുതൽ അനശ്ചിതകാല പണിമുടക്കിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്നാണ് നിർദേശം. ഉയർന്ന ബഡ്ജറ്റിലും ഇടത്തരം ബഡ്ജറ്റിലുമുള്ള സിനിമകളെയും, വെബ് സീരീസുകൾ, മറ്റ് ഭാഷാ സിനിമകളുടെ ചിത്രീകരണം എന്നിവയുൾപ്പെടെയുള്ള ചെറിയ നിർമ്മാണങ്ങളെയും സമരം ബാധിക്കും. കൂടുതൽ കാലതാമസം ഒഴിവാക്കാൻ ഫെഡറേഷന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർമ്മാതാക്കളുടെ മേൽ സമ്മർദ്ദമുണ്ട്.
മുപ്പത് ശതമാനം ശമ്പള വർദ്ധനവ് എന്ന ആവശ്യം അംഗീകരിക്കുന്ന നിർമ്മാതാക്കളുടെ ചിത്രീകരണത്തിൽ മാത്രമേ പങ്കെടുക്കൂ എന്ന നിലപാടിലാണ് സിനിമാ തൊഴിലാളികൾ. ചർച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ പ്രതിസന്ധിക്ക് വേഗത്തിൽ ഒരു പരിഹാരം കാണാനാകുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. സിനിമാ വ്യവസായത്തിന്റെ മുന്നേറ്റത്തെ കാര്യമായി ബാധിക്കാതെ ഒരു ഒത്തുതീർപ്പിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ.
Content Highlights: Telugu movie manufacture workers halt operations demanding 30 percent wage hike
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·