
ജോൺ എബ്രഹാം, സംവിധായകൻ വിവേക് അഗ്നിഹോത്രി | ഫോട്ടോ: AFP
നടൻ ജോൺ എബ്രഹാമിനെതിരെ രൂക്ഷമായ പരിഹാസവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. ശരീരം സംരക്ഷിക്കുന്നതിലും ബൈക്ക് ഓടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനും സിനിമകളിൽനിന്ന് വിട്ടുനിൽക്കാനും വിവേക് അഗിനഹോത്രി ജോണിനോട് ആവശ്യപ്പെട്ടു. ജോൺ എബ്രഹാം ഒരു ചരിത്രകാരനോ ബുദ്ധിജീവിയോ അല്ലാത്തതിനാൽ തനിക്കെതിരെയോ തൻ്റെ സിനിമകൾക്കെതിരെയോ ഉള്ള അദ്ദേഹത്തിൻ്റെ പ്രസ്താവനയെ താൻ കാര്യമാക്കില്ലെന്നും അഗ്നിഹോത്രി പറഞ്ഞു.
ആളുകളെ സ്വാധീനിക്കാൻ" 'ദ കശ്മീർ ഫയൽസ്' അല്ലെങ്കിൽ 'ഛാവ' പോലുള്ള ഒരു സിനിമ താൻ ഒരിക്കലും ചെയ്യില്ലെന്ന് ജോൺ എബ്രഹാം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് 'ദ കശ്മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹോത്രി രംഗത്തെത്തിയത്. ജോൺ എബ്രഹാം അദ്ദേഹത്തിൻ്റേതായ ശൈലിക്ക് പേരുകേട്ടവനാണെന്നും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരണമെന്നും വിവേക് അഗ്നിഹോത്രി എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജോൺ ഒരു ചരിത്രകാരനോ, ബുദ്ധിജീവിയോ, ചിന്തകനോ, എഴുത്തുകാരനോ അല്ല. 'സത്യമേവ ജയതേ' പോലുള്ള തീവ്രദേശീയ സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്. 'ദ ഡിപ്ലോമാറ്റ്' പോലുള്ള സിനിമകളും അദ്ദേഹം ചെയ്തു. ജോൺ എബ്രഹാം പല കാരണങ്ങൾകൊണ്ടാവാം അങ്ങനെ പറഞ്ഞതെന്ന് അഗ്നിഹോത്രി അഭിപ്രായപ്പെട്ടു.
"ഏതെങ്കിലും വലിയ ചരിത്രകാരനാണ് ഇത് പറഞ്ഞതെങ്കിൽ എനിക്ക് മനസ്സിലാക്കാമായിരുന്നു. ജോൺ എബ്രഹാം പറയുന്നത് ഞാൻ കാര്യമാക്കുന്നില്ല. എപ്പോഴാണ് ഇന്ത്യയിലെ അന്തരീക്ഷം അതിരാഷ്ട്രീയപരമല്ലാതിരുന്നത്? അദ്ദേഹം ബൈക്ക് ഓടിക്കുന്നതിനും ശരീരം കാണിക്കുന്നതിനും പ്രോട്ടീൻ കഴിക്കുന്നതിനും പേരുകേട്ടയാളാണ്. ജോൺ ആ കാര്യങ്ങളിൽ ശ്രദ്ധിക്കണം. സിനിമയിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലത്." വിവേക് അഗ്നിഹോത്രി പരിഹസിച്ചു.
"ഛാവ എന്ന ചിത്രം ഞാൻ കണ്ടിട്ടില്ല, പക്ഷേ ആളുകൾക്ക് അത് ഇഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം, 'ദ കശ്മീർ ഫയൽസും' അതുപോലെ തന്നെ. എന്നാൽ അതിരാഷ്ട്രീയപരമായ ഒരു സാഹചര്യത്തിൽ ആളുകളെ സ്വാധീനിക്കാൻ ഉദ്ദേശിച്ച് സിനിമകൾ നിർമ്മിക്കുകയും അത്തരം സിനിമകൾക്ക് പ്രേക്ഷകരെ ലഭിക്കുകയും ചെയ്യുമ്പോൾ, അത് എന്നെ ഭയപ്പെടുത്തുന്നു. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുകയാണെങ്കിൽ, ഇല്ല, എനിക്ക് അത്തരം പ്രലോഭനങ്ങൾ ഉണ്ടായിട്ടില്ല, അത്തരം സിനിമകൾ ഞാൻ ഒരിക്കലും ചെയ്യില്ല," ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ജോൺ എബ്രഹാം പറഞ്ഞതിങ്ങനെയായിരുന്നു.
അതേസമയം, 'ദ ബെംഗാൾ ഫയൽസ്' എന്ന ചിത്രത്തിൻ്റെ പ്രചാരണ തിരക്കിലാണ് അഗ്നിഹോത്രി. ബംഗാളിനെ പശ്ചിമ ബംഗാളായും ബംഗ്ലാദേശായും വിഭജിച്ച സംഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ഈ മാസം ആദ്യം, കൊൽക്കത്തയിൽ വെച്ച് സിനിമയുടെ ട്രെയിലർ ലോഞ്ച് റദ്ദാക്കിയിരുന്നു. അനുപം ഖേർ, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, സിമ്രത് കൗർ, നമോഷി ചക്രവർത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം സെപ്റ്റംബർ 5-ന് തിയേറ്ററുകളിലെത്തും.
Content Highlights: Vivek Agnihotri Dismisses John Abraham's Critique of 'The Kashmir Files'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·