ശരീരത്തിന്റെ ബാലൻസ് കുറഞ്ഞു, വീണേക്കാം, ഇരുന്നുകൊണ്ട് പാന്റ്സിടാൻ ഡോക്ടർ പറഞ്ഞു -അമിതാഭ് ബച്ചൻ

5 months ago 5

Amitabh Bachchan

അമിതാഭ് ബച്ചൻ | ഫോട്ടോ: PTI

വാർധക്യത്തിന്റെ അനിവാര്യതയെക്കുറിച്ച് പറഞ്ഞ് അമിതാഭ് ബച്ചൻ. ഒരുകാലത്ത് അനായാസം ചെയ്തിരുന്ന ദൈനംദിന കാര്യങ്ങൾക്കുപോലും ഇപ്പോൾ ബോധപൂർവമായ ശ്രമവും ശ്രദ്ധാപൂർവമായ ക്രമീകരണങ്ങളും ആവശ്യമായി വരുന്നതിനെക്കുറിച്ച് അദ്ദേഹം പുതിയ ബ്ലോ​ഗിൽ ഓർത്തെടുത്തു. ആരോഗ്യപരമായ കാര്യങ്ങൾ തൻ്റെ ദിനചര്യയെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് ബച്ചൻ വെളിപ്പെടുത്തി. ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ വീട്ടിൽ സപ്പോർട്ട് ബാറുകൾ സ്ഥാപിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർധക്യത്തിൽ ശരീരത്തിന് പതുക്കെ ബാലൻസ് നഷ്ടപ്പെട്ടു തുടങ്ങുമെന്നും, അത് പരിശോധിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അമിതാഭ് ബച്ചൻ ബ്ലോ​ഗിൽ എഴുതി. മുൻപ് ചെയ്തിരുന്ന ചില കാര്യങ്ങൾ, വർഷങ്ങൾക്കുമുമ്പ് ചെയ്തതുകൊണ്ട് വീണ്ടും തുടങ്ങാൻ വളരെ എളുപ്പമായിരിക്കുമെന്ന് തോന്നും. എന്നാൽ അങ്ങനെയല്ല. ഒരു ദിവസത്തെ ഇടവേള മതി, വേദനകളും ചലനശേഷിക്കുറവും നമ്മളെ വിട്ടുപോകില്ല. ഒരുകാലത്ത് അനായാസം ചെയ്തിരുന്ന സാധാരണ കാര്യങ്ങൾ പോലും ഇപ്പോൾ ചെയ്യുന്നതിന് മുൻപ് മനസ്സിനെക്കൊണ്ട് ചിന്തിപ്പിക്കേണ്ടി വരുന്നത് ഒരു അത്ഭുതമാണ്. ദയവായി ഇരുന്നുകൊണ്ട് പാന്റ്സ് ധരിക്കുക. നിന്നുകൊണ്ട് ധരിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർ പറഞ്ഞതെന്നും ബച്ചൻ പറഞ്ഞു.

“ഉള്ളിൽ, ഞാൻ അവിശ്വസനീയതയോടെ പുഞ്ചിരിക്കും, അവർ പറഞ്ഞതാണ് ശരിയെന്ന് തിരിച്ചറിയുന്നതുവരെ. ഒരുകാലത്ത് സ്വാഭാവികമായി ചെയ്തിരുന്ന ആ ലളിതമായ പ്രവൃത്തിക്ക് ഇപ്പോൾ ഒരു പ്രത്യേക ചിട്ട ആവശ്യമാണ്. ഹാൻഡിൽ ബാറുകൾ! ഏത് ശാരീരിക പ്രവർത്തിക്ക് മുൻപും ശരീരത്തെ താങ്ങിനിർത്താൻ അവ എല്ലായിടത്തും വേണം. കാറ്റിൽ മേശപ്പുറത്തുനിന്ന് താഴെപ്പോയ ഒരു കടലാസ് കഷണം കുനിഞ്ഞെടുക്കുന്നത് പോലുള്ള ഏറ്റവും ലളിതമായ കാര്യങ്ങൾക്കുപോലും. അതൊരു വലിയ പ്രശ്നമാണെന്ന് നിങ്ങൾ തിരിച്ചറിയുന്ന നിമിഷം വരും. അത്തരം പ്രവൃത്തികൾ ചെയ്യാനുള്ള വേഗത കുറഞ്ഞിരിക്കുന്നു, ഒപ്പം ഒരുതരം അനിശ്ചിതത്വവും.” അദ്ദേഹം വിശദീകരിച്ചു.

ഇത് നമുക്കെല്ലാവർക്കും സംഭവിക്കും. അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നു. പക്ഷേ കാലക്രമേണ അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും അമിതാഭ് ബച്ചൻ കൂട്ടിച്ചേർത്തു.

രിഭു ദാസ്​ഗുപ്തയുടെ സെക്ഷൻ 84 ആണ് അമിതാഭ് ബച്ചൻ അടുത്തതായി വേഷമിടുന്ന ചിത്രം. നാഗ് അശ്വിൻ്റെ 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിലും അദ്ദേഹം തൻ്റെ വേഷം വീണ്ടും അവതരിപ്പിക്കും. 'കോൻ ബനേഗ ക്രോർപതി'യുടെ അവതാരകനായി ടെലിവിഷൻ സ്ക്രീനുകളിലും അദ്ദേഹം നിറഞ്ഞുനിൽക്കുന്നു.

Content Highlights: Amitabh Bachchan Reflects connected Ageing Gracefully While Embracing New Challenges

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article