Published: October 25, 2025 08:16 PM IST
1 minute Read
തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ദേവനന്ദ വി.ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമിച്ച് നൽകും. പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി താരത്തെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചാണ് പ്രഖ്യാപനം നടത്തിയത്.
ബാർബറായ അച്ഛൻ ബിജുവിനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയ്ക്കുമൊപ്പം താമസിക്കുന്ന ദേവനന്ദയുടെ കുടുംബസാഹചര്യം മനസിലാക്കിയ മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിനെ വീട് നിർമിക്കുന്നതിനായി ചുമതലപ്പെടുത്തി. ദേവനന്ദയ്ക്ക് എല്ലാവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.
ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്. 2017ൽ ആൻസി സോജൻ സ്ഥാപിച്ച 25.13 സെക്കൻഡിന്റെ റെക്കോർഡാണ് ദേവനന്ദ തിരുത്തിയെഴുതിയത്. 100 മീറ്റർ ഓട്ടത്തിലും ദേവനന്ദ സ്വർണ മെഡൽ നേടിയിരുന്നു.
ഒരു മാസം മുൻപ് അപ്പൻഡിസൈറ്റിസ് സ്ഥിരീകരിച്ചിട്ടും, ശസ്ത്രക്രിയ മാറ്റിവച്ച് കടുത്ത വേദന സഹിച്ചാണ് ദേവനന്ദ മത്സരങ്ങളിൽ പങ്കെടുത്തത്. സംസ്ഥാന ജൂനിയർ മീറ്റിൽ രണ്ടു സ്വർണം നേടിയെങ്കിലും കടുത്ത വയറുവേദന വന്നതോടെ ഡോക്ടറെ കണ്ടു മരുന്നു കഴിച്ചു. പക്ഷേ, വേദന കുറഞ്ഞില്ല.
തുടർ പരിശോധനകൾക്കായി മുക്കത്തിനടുത്തെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ‘അപ്പൻഡിസൈറ്റിസ്’ ആണെന്നു മനസ്സിലായത്. അടിയന്തര ശസ്ത്രക്രിയ വേണമെന്നായിരുന്നു നിർദേശം. എന്നാൽ സംസ്ഥാന മേള കഴിഞ്ഞതിനുശേഷം ചെയ്യാമെന്നു തീരുമാനിച്ച് തിരുവനന്തപുരത്തേക്കു വണ്ടികയറുകയായിരുന്നു.
English Summary:








English (US) ·