
സംവിധായകൻ സുദീപ്തോ സെൻ, ദി കേരളാ സ്റ്റോറി എന്ന ചിത്രത്തിൽ ആദാ ശർമ | ഫോട്ടോ: AFP, X
ദി കേരളാ സ്റ്റോറി എന്ന ചിത്രത്തിന് രണ്ട് ദേശീയ പുരസ്കാരങ്ങൾ കിട്ടിയെങ്കിലും താൻ വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെന്ന പരിഭവവുമായി സംവിധായകൻ സുദീപ്തോ സെൻ. ചിത്രത്തിന് കൂടുതൽ അവാർഡുകൾ കിട്ടാൻ അർഹതയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മികച്ച സംവിധായകനുള്ള പുരസ്കാരം തനിക്ക് ലഭിച്ചത് അപ്രതീക്ഷിത നേട്ടമായിരുന്നുവെന്നും സാങ്കേതിക വിഭാഗങ്ങളിലെ പുരസ്കാരമായിരുന്നു താൻ പ്രതീക്ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സംവിധായകൻ, മികച്ച ഛായാഗ്രഹണം എന്നീ രണ്ട് വിഭാഗങ്ങളിലാണ് ദി കേരളാ സ്റ്റോറി പുരസ്കാരങ്ങൾ നേടിയത്.
തന്റെ സാങ്കേതിക പ്രവർത്തകരുടെ പ്രയത്നം അംഗീകരിക്കപ്പെടണമെന്ന ആഗ്രഹമായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് സുദീപ്തോ സെൻ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു സിനിമ പുറത്തിറങ്ങി രണ്ട് വർഷത്തിന് ശേഷവും ഇത്രയധികം ചർച്ച ചെയ്യപ്പെടുമ്പോൾ, അത് തീർച്ചയായും സാങ്കേതികമായി മികച്ചതായിരിക്കും. അതുകൊണ്ടാണ് സാങ്കേതിക പ്രവർത്തകർക്ക് അവാർഡ് ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചത്. ഛായാഗ്രാഹകന് അത് ലഭിച്ചു, പക്ഷേ സിനിമയുടെ എഴുത്തുകാരനും, മേക്കപ്പ് ആർട്ടിസ്റ്റിനും, ശാലിനി ഉണ്ണിക്കൃഷ്ണൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടി അദാ ശർമ്മയ്ക്കും പുരസ്കാരം ലഭിച്ചിരുന്നെങ്കിൽ കൂടുതൽ സന്തോഷിക്കുമായിരുന്നു. എന്നാൽ അതുണ്ടായില്ല, അതിൽ ചെറിയ ദുഃഖമുണ്ടെന്നും സെൻ പറഞ്ഞു.
എങ്കിലും, ഈ സിനിമയിലൂടെ തനിക്ക് ലഭിച്ച പുരസ്കാരങ്ങളിൽ താൻ സന്തുഷ്ടനാണെന്ന് സുദീപ്തോ പറയുന്നു. "ഒരു സാധാരണ പശ്ചാത്തലത്തിൽ നിന്ന് വന്ന് 20-25 വർഷം കഷ്ടപ്പെട്ടതിന് ശേഷം, സിനിമ സംവിധാനം ചെയ്തതിന് രാജ്യത്തെ പരമോന്നത പുരസ്കാരം ലഭിക്കുന്നത് ഒരു വലിയ ബഹുമതിയാണ്. അത് അതിയായ സന്തോഷം നൽകുന്ന ഒന്നായിരുന്നു. ഞാൻ ഏകദേശം 25 വർഷമായി മുംബൈയിലാണ് താമസിക്കുന്നത്, പക്ഷേ ബോളിവുഡുമായി എനിക്കൊരിക്കലും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല.
മുംബൈ സിനിമാ വ്യവസായം നിർമ്മിക്കുന്ന തരം സിനിമകളുടേതല്ല എൻ്റെ ശൈലി. ഞാനിവിടെ ഇപ്പോഴും ഒരു പുറത്തുനിന്നുള്ളയാളാണ്. ഇവിടെയുള്ളവർക്ക് എന്നെ കാര്യമായി അറിയില്ല. അവരുടെ അംഗീകാരം എൻ്റെ സിനിമാ യാത്രയിൽ ഒരിക്കലും ഒരു വലിയ ഘടകമായിരുന്നില്ല. എൻ്റെ പ്രേക്ഷകരുടെ അംഗീകാരമായിരുന്നു പ്രധാനം," അദ്ദേഹം കൂട്ടിച്ചേർത്തു.
ആദാ ശർമ്മയാണ് 'ദി കേരള സ്റ്റോറി'യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സിനിമയെന്നും കേരളത്തിൽ നിന്ന് 32,000 പെൺകുട്ടികൾക്ക് ഈ വിധി സംഭവിച്ചുവെന്നും അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദത്തെ കേരള സർക്കാർ കോടതിയിൽ ചോദ്യം ചെയ്യുകയും തുടർന്ന് നിർമ്മാതാക്കൾക്ക് സിനിമയിൽ നിന്ന് ഈ സംഖ്യ ഒഴിവാക്കേണ്ടിയും വന്നിരുന്നു.
Content Highlights: Sudipto Sen, manager of The Kerala Story, reacts to his National Award win
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·