
അനയ ബംഗാർ | Instagram.com/anayabangar
കഴിഞ്ഞവർഷമാണ് ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി വഴി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അനയ എന്ന പേരിലേക്ക് മാറിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെ പറ്റി ചിന്തിക്കേണ്ട സാഹചര്യത്തിൽ എത്തിനിൽക്കുകയാണെന്നും അനയ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡര്‍ താരങ്ങളെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അനയ. വിഷയത്തില്‍ ഐസിസിയും ബിസിസിഐയും ഉചിതമായ തീരുമാനമെടുക്കണമെന്നാണ് അനയ ആവശ്യപ്പെടുന്നത്.
വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ താന്‍ യോഗ്യയാണെന്നാണ് അനയ പറയുന്നത്. വിവിധ പരിശോധനകള്‍ നടത്തിയതിന്റെ ഫലങ്ങള്‍ അനയ പങ്കുവെച്ചിട്ടുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അനയ ഈ ആവശ്യവുമായി എത്തിയിരിക്കുന്നത്.
ഞാന്‍ ഇത് ബിസിസിഐക്കും ഐസിസിക്കും സമര്‍പ്പിക്കുകയാണ്. സുതാര്യതയോടെയും പ്രതീക്ഷയോടെയും. വസ്തുതകള്‍ മുൻനിര്‍ത്തി സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് അനയ വീഡിയോയില്‍ പറഞ്ഞു. ഞാന്‍ വനിതാ ക്രിക്കറ്റ് കളിക്കാന്‍ യോഗ്യയാണെന്നാണ് ശാസ്ത്രം പറയുന്നത്. ലോകം ഈ സത്യം അംഗീകരിക്കാന്‍ തയ്യാറാണോ എന്നാണ് ഉയരുന്ന ചോദ്യം? -അനയ പറഞ്ഞു.
ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ക്രിക്കറ്റില്‍ ശരിയായ ചട്ടങ്ങളില്ലെന്നും ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും അടുത്തിടെ അനയ പറഞ്ഞിരുന്നു. 'ക്രിക്കറ്റില്‍ ട്രാന്‍സ് വുമണിന് കൃത്യമായ ചട്ടങ്ങളില്ലാത്തതാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്. ഈ സംവിധാനം എന്നെ പുറത്താക്കുന്നതുപോലെയാണ് തോന്നുന്നത്. കഴിവില്ലാത്തതുകൊണ്ടല്ല, മറിച്ച് നിയമങ്ങളാണെന്ന് പ്രശ്‌നമെന്നും' അവര്‍ അന്ന് വ്യക്തമാക്കിയിരുന്നു.
നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വനിതാ ക്രിക്കറ്റില്‍ കളിക്കാനാവില്ല. അനയയുടെ ആവശ്യം ഐസിസി പരിഗണിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അനയ നേരത്തെ പ്രാദേശിക ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ചിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്ററിലാണ് താമസിക്കുന്നത്. അനയയുടെ പിതാവ് സഞ്ജയ് ബംഗാര്‍ ഇന്ത്യയ്ക്കുവേണ്ടി 12 ടെസ്റ്റുകളും 15 ഏകദിനമത്സരങ്ങളും കളിച്ചിട്ടുണ്ട്.
Content Highlights: Anaya Bangar To Approach ICC, BCCI For Inclusion Of Transgender Athletes








English (US) ·