Published: November 07, 2026 03:22 PM IST
1 minute Read
കുന്നംകുളം ( തൃശൂർ) ∙ ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ കഴിഞ്ഞ തവണ സ്വന്തമാക്കിയ കിരീടം നിലനിർത്താൻ കേരളത്തിന്റെ കൗമാര താരങ്ങൾ തയാറെടുക്കുന്നു. ദേശീയ മീറ്റിനുള്ള കേരള ടീമിന്റെ പരിശീലന ക്യാംപ് കുന്നംകുളം ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസ് സ്റ്റേഡിയത്തിൽ തുടങ്ങി.
മധ്യപ്രദേശിലെ ശിവപുരി മാധവറാവു സിന്ധ്യ ഖേൽ പരിസർ ഗ്രൗണ്ടിലാണ് കായികമേള. 12 മുതൽ 16 വരെ ജൂനിയർ ആൺകുട്ടികളുടെയും 19 മുതൽ 23 വരെ പെൺകുട്ടികളുടെയും മത്സരങ്ങൾ നടക്കും.
29 ആൺകുട്ടികളും 32 പെൺകുട്ടികളും 9 ഒഫിഷ്യലുകളും അടക്കം 70 അംഗ കേരള ടീമാണ് ദേശീയ മീറ്റിനു തയാറെടുക്കുന്നത്. ആൺകുട്ടികളുടെ സംഘം നാളെ മംഗള എക്സ്പ്രസിൽ മധ്യപ്രദേശിലേക്കു യാത്ര തിരിക്കും.
സ്കൂൾ മീറ്റിൽ ഇരട്ട റെക്കോർഡ് നേടിയ ശ്രീഹരി കരിക്കൻ (400 മീറ്റർ, 400 മീറ്റർ ഹർഡിൽസ്), വ്യക്തിഗത ചാംപ്യൻ പട്ടം നേടിയ അൽക്ക ഷിനോജ് (800, 1500), വിഷാനു യാദവ് (ലോങ് ജംപ്), ഇരട്ട സ്വർണം നേടിയ അബിയ ആൻ ജിജി (ഹൈജംപ്, ട്രിപ്പിൾ ജംപ്), ഇവാന ടോമി (200 മീറ്റർ, 400 മീറ്റർ), സ്വർണം നേടിയ മുഹമ്മദ് റബീഹ് (ഹൈജംപ്), ഗൗരേഷ് ബിനോയ് (110 മീറ്റർ ഹർഡിൽസ്), ജിൽഷ ജിനിൽ (100 മീറ്റർ), ആർ.ലയനകൃഷ്ണ (3000 മീറ്റർ), വെള്ളി നേടിയ അർച്ചിത് എസ്.നായർ (400 ഹർഡിൽസ്) എന്നിവരാണു ടീമിലെ മുന്നണിപ്പോരാളികൾ.
കഴിഞ്ഞ വർഷം (2025–26) ലക്നൗവിൽ നടന്ന ദേശീയ ജൂനിയർ ചാംപ്യൻഷിപ് സ്വന്തമാക്കിയ കേരളം സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലും കിരീടം നേടിയിരുന്നു. മൂന്നു പ്രായ വിഭാഗങ്ങളിലായി ദേശീയ സ്കൂൾ മീറ്റ് വിഭജിച്ച ശേഷം കേരളം സമ്പൂർണ അത്‌ലറ്റിക്സ് കിരീടം നേടിയതും കഴിഞ്ഞ തവണയാണ്.
കഴിഞ്ഞ ജൂനിയർ മീറ്റിൽ ആൺ–പെൺ വിഭാഗങ്ങളിലെ 4x100, 4x400 റിലേ മത്സരങ്ങളിൽ കേരളം നാലു സ്വർണം നേടിയിരുന്നു. ഇത്തവണയും ഈ നാലു റിലേ മത്സരങ്ങളിലും മെഡൽ പ്രതീക്ഷയുണ്ട്.
കെ.നന്ദഗോപാലനാണ് ചീഫ് കോച്ച്. കായികാധ്യാപകരായ എം.അരവിന്ദാക്ഷൻ, അജിത് ഇട്ടി വർഗീസ്, കെ.സൂര്യമോൾ, എസ്.ശാന്തി, സെയ്ബി ബേബി, പി.എം. ശ്രീനിഷ് എന്നിവരും ഒപ്പമുണ്ട്. ജിക്കു സി.ചെറിയാനാണ് ടീം ജനറൽ മാനേജർ. സി.ലക്ഷ്മണൻ മാനേജരും. രണ്ടു ഡോക്ടർമാർ, ഫിസിയോ, പാചകസംഘം എന്നിവരും ടീമിനൊപ്പമുണ്ടാകും.
English Summary:






English (US) ·