Published: October 07, 2025 08:03 AM IST
1 minute Read
ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക് മൂന്നാമതും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. പാക്ക് നടി സനാ ജാവേദുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് മാലിക്ക് ഒരുങ്ങുന്നതെന്നാണ് വിവരം. എന്നാൽ ഇക്കാര്യം മാലിക്കോ സനയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഒരു പൊതു പരിപാടിയിൽനിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഊഹാപോഹങ്ങൾ പ്രചരിച്ചത്. വിഡിയോയിൽ, മാലിക്കും സനയും അടുത്തടുത്തായി ഇരിക്കുന്നതും എന്നാൽ പരസ്പരം ഒന്നും സംസാരിക്കാതിരിക്കുന്നതുമാണുള്ളത്. ഒരാൾ വന്ന് ക്രിക്കറ്റ് ബാറ്റിൽ മാലിക്കിന്റെ ഓട്ടോഗ്രഫ് വാങ്ങിക്കുമ്പോൾ മുഖം തിരിഞ്ഞിരിക്കുന്ന സനയെയും ദൃശ്യങ്ങളിൽ കാണാം. വിഡിയോ വൈറലായതോടെയാണ് വിവാഹമോചന വാർത്തകളും പരന്നത്.
ഇന്ത്യൻ ടെന്നിസ് സൂപ്പര്‍താരം സാനിയ മിര്‍സയുമായുള്ള വിവാഹബന്ധം പിരിഞ്ഞതിന് പിന്നാലെയാണ് പാക്ക് ടെലിവിഷൻ നടിയായ സനാ ജാവേദിനെ ശുഐബ് വിവാഹം കഴിച്ചത്. 2024 ജനുവരിയിലായിരുന്നു വിവാഹം. ജനുവരി ആദ്യം ശുഐബുമായുള്ള ബന്ധം വേർപ്പെടുത്തിയെന്ന് സാനിയയുടെ കുടുംബം സ്ഥിരികരിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു വിവാഹം.
ഇതോടെ സനയുമായുള്ള ബന്ധമാണ് സാനിയയുമായുള്ള ബന്ധം തകരാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പരന്നു. തീര്‍ത്തും സ്വകാര്യമായാണ് ശുഐബും സനയും വിവാഹിതരായത്. ഇതില്‍ വലിയ വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. പ്രമുഖ പാക്ക് നടിയായ സനയുടെ രണ്ടാം വിവാഹമായിരുന്നു ശുഐബുമായുള്ളത്. നടനും ഗായകനുമായ ഉമെയ്ര്‍ ജയ്‌സ്വാൾ ആയിരുന്നു സനയുടെ ആദ്യഭര്‍ത്താവ്.
2010 ഏപ്രിലിലാണ് ശുഐബ് മാലിക്കും സാനിയ മിർസയും തമ്മിൽ വിവാഹിതരായത്. മാതാചാരങ്ങൾ പ്രകാരം ഹൈദരാബാദിൽവച്ചായിരുന്നു വിവാഹം. പിന്നീട് ഇരുവരും ദുബായിൽ താമസമാക്കിയിരുന്നു. 2018ൽ ഇരുവർക്കും മകനായ ഇഷാൻ ജനിച്ചു. 2022 മുതൽ ഇരുവരും തമ്മിൽ അകൽച്ചയിലാണെന്നും വിവാഹ മോചനത്തിന് തയാറെടുക്കുന്നതായും അഭ്യൂഹമുയർന്നു. മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽനിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുല’ ആണ് സാനിയ ചെയ്തതെന്നു സാനിയയുടെ പിതാവ് ഇമ്രാൻ മിര്‍സ 2024ൽ സ്ഥിരീകരിക്കുകയായിരുന്നു. മകനൊപ്പം ദുബായിലാണ് ഇപ്പോൾ സാനിയ.
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ആദ്യം വിവാഹം ചെയ്തതും ഒരു ഇന്ത്യക്കാരിയെയായിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ ഐഷ സിദ്ദീഖിയാണ് മാലിക്കിന്റെ ആദ്യ ഭാര്യ. അധ്യാപികയായ ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാതെയാണ് മാലിക്ക് സാനിയ മിർസയെ വിവാഹം ചെയ്യാൻ ഒരുങ്ങിയതെന്ന് അക്കാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. ശുഐബിനെതിരെ ഐഷ പൊലീസിൽ പരാതി നൽകിയതോടെ സംഭവം വിവാദമായി.
ശുഐബ് മാലിക്കുമായുള്ള വിവാഹത്തിന്റെ വിഡിയോയും ഐഷ പുറത്തുവിട്ടിരുന്നു. 2002 ലായിരുന്നു ഈ വിവാഹമെന്നും, തനിക്ക് വിവാഹമോചനം വേണമെന്നും ഐഷ പരാതിയിൽ വ്യക്തമാക്കി. എന്നാൽ ഐഷയെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നായിരുന്നു മാലിക്കിന്റെ വാദം. ഏകദേശം 15 കോടിയോളം രൂപ ഐഷയ്ക്കു നൽകി മാലിക്ക് വിവാഹ മോചനം നേടിയതായി പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നു
English Summary:








English (US) ·