ശുഭ സൂചന: ക്രിസ്റ്റ്യാനോ വരുന്നു; മെസ്സിക്കു മുൻപേ

3 months ago 4

ഫിറോസ് അലി

ഫിറോസ് അലി

Published: October 05, 2025 10:28 AM IST

1 minute Read

  • എഎഫ്സി ചാംപ്യൻസ് ലീഗ് 2: എഫ്സി ഗോവ– അൽ നസ്ർ മത്സരം 22ന് ഗോവയിൽ

  • അൽ നസ്റിന്റെ സാധ്യതാ ലൈനപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും

ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോ

മലപ്പുറം∙ ഇന്ത്യൻ മൈതാനങ്ങളെ ഫുട്ബോൾ നക്ഷത്രങ്ങളുടെ താരാപഥമാക്കി മാറ്റി ലയണൽ മെസ്സിക്കു മുൻപേ ക്രിസ്റ്റ്യാനോ റൊണാൾഡോയും വരുന്നു. ഏഷ്യൻ ചാംപ്യൻസ് ലീഗ് 2–ന്റെ ഗ്രൂപ്പ് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്റും എഫ്സി ഗോവയും 22ന് ഫറ്റോർദ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഗോവയുമായുള്ള മത്സരത്തിനുള്ള അൽ നസ്റിന്റെ സാധ്യതാ ലൈനപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരുമുണ്ട്. യാത്രയ്ക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീസ രേഖകൾ അൽ നസ്‌ർ കൈമാറിയതായി എഫ്സി ഗോവ അധികൃതർ സ്ഥിരീകരിച്ചു.

എഎഫ്സി ചാംപ്യൻസ് ലീഗ് 2–ൽ അൽ നസ്ർ ഇതുവരെ 2 മത്സരങ്ങൾ കളിച്ചെങ്കിലും ക്രിസ്റ്റ്യാനോ ടീമിലില്ലായിരുന്നു. അതുകൊണ്ട് സൂപ്പർതാരത്തിന്റെ ഗോവയിലേക്കുള്ള വരവും ഇതുവരെ അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ, സാധ്യതാ ലൈനപ്പിൽ അൽ നസ്ർ ടീം ഇത്തവണ ക്രിസ്റ്റ്യാനോയുടെ പേര് ഉൾപ്പെടുത്തിയത് ശുഭ സൂചനയാണ്. ലിവർപൂളിനായി മിന്നിത്തിളങ്ങിയ സെനഗൽ താരം സാദിയോ മാനെ, ക്രിസ്റ്റ്യാനോയുടെ നാട്ടുകാരനായ ജോവ ഫെലിക്സ് ബാർസിലോനയുടെയും സ്പെയിനിന്റെ പ്രതിരോധം കാത്ത ഇനിഗോ മാർട്ടിനെസ്, ബയൺ മ്യൂണിക്കിനായി ഗോളടിമേളം തീർത്ത ഫ്രഞ്ച് താരം കിങ്സ്‌ലെ കോമാൻ എന്നിവരും അൽ നസ്‌ർ ടീമിലുണ്ട്.

ഗോട്ട് ടൂർ ഓഫ് ഇന്ത്യയുടെ ഭാഗമായി ലയണൽ മെസ്സി ഡിസംബറിൽ കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി നഗരങ്ങളിലെത്തുന്നുണ്ട്. നവംബറിൽ അർജന്റീന ടീം കൊച്ചിയിൽ പ്രദർശനം മത്സരം കളിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ്, ക്രിസ്റ്റ്യാനോയുടെ വരവിനും കളമൊരുങ്ങുന്നത്.

എഫ്സി ഗോവയ്ക്കെതിരെ ക്രിസ്റ്റ്യാനോ കളത്തിലിറങ്ങിയാൽ ഇന്ത്യൻ ഫുട്ബോളിൽ അത് പുതിയ ചരിത്രമായി മാറും. ക്രിസ്റ്റ്യാനോയെപ്പോലെ ഇതിഹാസ തുല്യനായ താരം പ്രഫഷനൽ ഫുട്ബോളിന്റെ ഭാഗമായി ഏതെങ്കിലുമൊരു ഇന്ത്യൻ ടീമിനെതിരെ രാജ്യത്ത് കളിക്കുന്നത് ഇതാദ്യമാകും. 2011ൽ മെസ്സി കൊൽക്കത്തയിൽ രാജ്യാന്തര സൗഹൃദ മത്സരം കളിച്ചെങ്കിലും അന്ന് എതിരാളികൾ വെനസ്വേലയായിരുന്നു. പെലെ കരിയറിന്റെ സായന്തനത്തിൽ കൊൽക്കത്തയിൽ കളിച്ചെങ്കിലും അത് പ്രദർശന മത്സരമായിരുന്നു.

English Summary:

Ronaldo Arrives Before Messi: Cristiano Ronaldo is perchance coming to India to play against FC Goa successful the AFC Champions League. His visa documents person been submitted, and determination is simply a anticipation helium volition play connected the tract against FC Goa.

Read Entire Article