Published: August 10, 2025 09:42 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് ശുഭ്മൻ ഗിൽ വീണ്ടുമെത്തുമ്പോൾ വൈസ് ക്യാപ്റ്റൻ സ്ഥാനവും നൽകാനൊരുങ്ങി ബിസിസിഐ. ടെസ്റ്റ് ടീം ക്യാപ്റ്റനായി കഴിവു തെളിയിച്ച ഗില്ലിനെ ട്വന്റി20യിലും പരീക്ഷിക്കാനാണ് ഇന്ത്യൻ ടീമിന്റെ തീരുമാനം. ഏഷ്യാ കപ്പിൽ സൂര്യകുമാർ യാദവ് ക്യാപ്റ്റനാകുമ്പോൾ വൈസ് ക്യാപ്റ്റന്റെ റോളിൽ ഗില്ലുമുണ്ടാകും. അവസാനം കളിച്ച ട്വന്റി20 പരമ്പരയിൽ അക്ഷർ പട്ടേലായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.
എല്ലാ ഫോർമാറ്റുകളിലും ഗില്ലിനെ ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടുവരാനാണ് ബിസിസിഐ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ട്വന്റി20 ലോകകപ്പിനു ശേഷം നടന്ന ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് ഗിൽ ഒടുവിൽ കളിച്ചത്. ഇന്ത്യൻ ടീം പരിശീലകനായി ഗൗതം ഗംഭീറിന്റെ ആദ്യ പരമ്പര കൂടിയായിരുന്നു ഇത്. പരുക്കുമാറി തിരിച്ചെത്തുന്ന സൂര്യകുമാർ യാദവ്, ഏഷ്യാ കപ്പ് മത്സരങ്ങൾക്കുവേണ്ടി നെറ്റ്സിൽ കഠിന പരിശീലനത്തിലാണ്.
ട്വന്റി20 ലോകകപ്പിനു പിന്നാലെ രോഹിത് ശർമ വിരമിച്ചതോടെയാണ്, സൂര്യകുമാർ യാദവിനെ ഇന്ത്യൻ ട്വന്റി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. 22 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച സൂര്യകുമാർ യാദവ് 17 എണ്ണവും വിജയത്തിലെത്തിച്ചു. ജൂണില്‍ നടന്ന മുംബൈ ട്വന്റി20 ലീഗിലാണ് സൂര്യകുമാർ യാദവ് ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. മുംബൈ നോർത്ത് ഈസ്റ്റ് ടീമിനായി നാല് ഇന്നിങ്സുകളിൽനിന്ന് 122 റൺസാണ് സൂര്യകുമാർ യാദവ് സ്വന്തമാക്കിയത്.
ഓപ്പണിങ് ബാറ്ററായും വൺ ഡൗണായും ഇറക്കാവുന്ന ബാറ്ററാണ് ശുഭ്മൻ ഗിൽ. ഏഷ്യാ കപ്പിൽ അഭിഷേക് ശർമയും സഞ്ജു സാംസണും തന്നെ ഇന്ത്യയുടെ ഓപ്പണർമാരാകാനാണു സാധ്യത. അങ്ങനെയെങ്കിൽ ഗിൽ ബാറ്റിങ് പൊസിഷനിൽ താഴേക്ക് ഇറങ്ങും.
English Summary:








English (US) ·