Published: June 05 , 2025 05:40 PM IST
1 minute Read
മുംബൈ∙ പുതുതായി ചുമതലയേറ്റ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എയുടെ രണ്ടാം ടെസ്റ്റിലും കളിക്കില്ല. വെള്ളിയാഴ്ച നോർത്താംപ്ടനിലാണ് ഇന്ത്യ എ– ഇംഗ്ലണ്ട് ലയൺസ് മത്സരം നടക്കേണ്ടത്. ഗില്ലും ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശനും രണ്ടാം മത്സരത്തിൽ കളിക്കുമെന്ന് ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ രണ്ടു താരങ്ങളും സീനിയർ ടീമിനൊപ്പം മാത്രമാകും യുകെയിലേക്കു പോകുക. വെള്ളിയാഴ്ചയാണ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ സീനിയർ ടീം ഇംഗ്ലണ്ടിലേക്കു പോകുക.
അതേസമയം കഴിഞ്ഞ ദിവസം യുകെയിലെത്തി ടീമിനൊപ്പം ചേര്‍ന്ന സീനിയർ താരം കെ.എൽ. രാഹുൽ ഇന്ത്യ എയ്ക്കു വേണ്ടി കളിക്കാനിറങ്ങും. ജൂൺ 20നാണ് ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാകുന്നത്. കാന്റർബറിയിൽ നടന്ന ഇന്ത്യ എയുടെ ആദ്യ മത്സരത്തിൽ യുവതാരങ്ങളെയാണ് ഇംഗ്ലണ്ട് ലയൺസ് കളിപ്പിച്ചത്. ടെസ്റ്റ് കളിച്ചിട്ടുള്ള ആറു താരങ്ങൾ മാത്രമായിരുന്നു ഇംഗ്ലണ്ട് ലയൺസിനായി ഇറങ്ങിയത്. നോർത്താംപ്ടനിലെ മത്സരത്തിൽ ഓള്‍റൗണ്ടർ ക്രിസ് വോക്സ് കളിക്കാനിറങ്ങും.
ഇന്ത്യൻ പേസർ ആകാശ് ദീപും രണ്ടാം മത്സരം കളിക്കാനുണ്ടാകും. ബോർഡർ– ഗാവസ്കർ ട്രോഫിക്കിടെ നടുവിനു പരുക്കേറ്റ ആകാശ് ദീപ് ഫിറ്റ്നസ് തെളിയിച്ച ശേഷമാണ് വീണ്ടും ടെസ്റ്റ് കളിക്കാനൊരുങ്ങുന്നത്. ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിനു വേണ്ടി ആകാശ് ദീപ് കളിക്കാനിറങ്ങിയിരുന്നു. ഇന്ത്യ എ– ഇംഗ്ലണ്ട് ലയൺസ് ഒന്നാം ടെസ്റ്റ് സമനിലയിൽ പിരിയുകയായിരുന്നു.
English Summary:








English (US) ·