Published: November 20, 2025 10:12 PM IST
1 minute Read
ഗുവാഹത്തി∙ ഇന്ത്യന്‍ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഗുവാഹത്തിയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കളിക്കില്ല. ഒന്നാം ടെസ്റ്റിനിടെ കഴുത്തിനു പരുക്കേറ്റ താരം ടീമിനൊപ്പം ഗുവാഹത്തിയിലെത്തിയിട്ടുണ്ട്. പക്ഷേ പരുക്ക് പൂർണമായും മാറാത്തതിനാൽ രണ്ടാം ടെസ്റ്റിലും കളിക്കേണ്ടെന്നാണു തീരുമാനം. പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യൻ ക്യാപ്റ്റനാകും. നിലവിൽ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് പന്ത്.
ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം തുടങ്ങുന്നത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിച്ച സാഹചര്യത്തിൽ ഗുവാഹത്തിയിൽ ജയിച്ച് പരമ്പര സമനിലയിലാക്കാനാണ് ഇന്ത്യയുടെ ശ്രമം. നവംബർ 30ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും ഗിൽ കളിക്കാൻ സാധ്യതയില്ല. നവംബർ 23ന് ഏകദിന ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. ഗിൽ രണ്ടാം ടെസ്റ്റ് കളിക്കാത്ത സാഹചര്യത്തിൽ സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി എന്നിവരിലൊരാൾ പകരക്കാരനായി ടീമിലെത്തും.
കൊൽക്കത്ത ടെസ്റ്റിൽ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ ഗിൽ ‘റിട്ടയേർഡ് ഹർട്ടായി’ മടങ്ങുകയായിരുന്നു. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. റിസ്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഗില്ലിനെ രണ്ടാം ടെസ്റ്റിൽ പുറത്തിരുത്തുന്നതെന്ന് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷു കോടക് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. കൊല്‍ക്കത്ത ടെസ്റ്റിൽ 30 റൺസിനാണ് ഇന്ത്യ തോറ്റത്. 124 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 93 റൺസെടുത്ത് ഓള്‍ഔട്ടാകുകയായിരുന്നു.
English Summary:








English (US) ·