Published: August 08, 2025 04:23 PM IST
1 minute Read
ജയ്പുർ∙ ദുലീപ് ട്രോഫി ടൂർണമെന്റിൽ മധ്യമേഖലയുടെ നായകനായി നിയമിതനായ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിന് അഭിനന്ദനവുമായി ഐപിഎലിൽ അദ്ദേഹത്തിന്റെ ടീമായ രാജസ്ഥാൻ റോയൽസ്. എക്സിലൂടെയാണ് ഇരുപത്തിമൂന്നുകാരനായ താരത്തിന് നായകലബ്ധിയിൽ രാജസ്ഥാന്റെ അഭിനന്ദനം. ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഋഷഭ് പന്തിന്റെ അസാന്നിധ്യത്തിൽ ടീമിൽ ഇടംപിടിച്ച ധ്രുവ് ജുറേലിനെ, ഇതിനു പിന്നാലെയാണ് ദുലീപ് ട്രോഫി ടീമിന്റെ നായകസ്ഥാനത്ത് നിയോഗിച്ചത്. ഓഗസ്റ്റ് 28ന് ബെംഗളൂരുവിലാണ് ദുലീപ് ട്രോഫി ആരംഭിക്കുക.
രാജസ്ഥാൻ റോയൽസിന്റെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിട്ടേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, വിക്കറ്റ് കീപ്പർ സ്ഥാനത്ത് സഞ്ജുവിന്റെ പകരക്കാരനാകുമെന്ന് കരുതപ്പെടുന്ന ധ്രുവ് ജുറേലിനെ ‘നായകനെ’ന്ന നിലയിൽ അഭിനന്ദിച്ചുകൊണ്ടുള്ള രാജസ്ഥാൻ റോയൽസിന്റെ കുറിപ്പ് ശ്രദ്ധ നേടി. ‘സ്റ്റംപിനു പിറകിൽ നിന്നും കളി മാറ്റിമറിക്കാൻ കെൽപ്പുള്ള വ്യക്തി’ എന്ന വാചകം സഹിതമായിരുന്നു രാജസ്ഥാന്റെ അഭിനന്ദനം.
അടുത്ത ഐപിഎൽ സീസണിനു മുന്നോടിയായി ടീമിൽനിന്ന് റിലീസ് ചെയ്യണമെന്ന് സഞ്ജു ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പ്രചരിക്കുമ്പോഴും, ഇതേക്കുറിച്ച് രാജസ്ഥാൻ റോയൽസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, വമ്പൻ താരങ്ങൾ ഉൾപ്പെടുന്ന മധ്യമേഖലാ ടീമിനെയാണ് ദുലീപ് ട്രോഫിയിൽ ധ്രുവ് ജുറേൽ നയിക്കുന്നത്. കുൽദീപ് യാദവ്, രഞ്ജി ട്രോഫി സീസണിൽ 69 വിക്കറ്റുമായി റെക്കോർഡിട്ട ഹർഷ് ദുബെ, രാജസ്ഥാൻ റോയൽസിൽ സഹതാരമായ മാനവ് സുതർ എന്നിവർ ഉൾപ്പെടുന്ന സ്പിൻ നിരയാണ് ടീമിന്റെ പ്രധാന കരുത്ത്. ഇന്ത്യൻ ടീമിൽ കളിച്ചിട്ടുള്ള ഖലീൽ അഹമ്മദ്, ദീപക് ചാഹർ, രഞ്ജി ട്രോഫിയിൽ മിന്നുന്ന ഫോമിലായിരുന്ന യാഷ് റാത്തോഡ്, ഡാനിഷ് മാലേവാൾ തുടങ്ങിയവരും മധ്യമേഖലാ ടീമിലുണ്ട്.
English Summary:








English (US) ·