
കൃഷ്ണകുമാറിന്റെ കുടുംബം പുറത്തുവിട്ട വീഡിയോയിൽനിന്ന്, കൃഷ്ണകുമാറിനൊപ്പം ദിയ കൃഷ്ണ Photo: YouTube/ Sindhu Krishna, instagram/diya krishna
വിശ്വാസം മുതലെടുത്താണ് തന്റെ സ്ഥാപനത്തിലെ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സത്യംതുറന്നുപറയാന്‍ യുവതികളോട് ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് നടന്ന കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറി വഴി വെളിപ്പെടുത്താൻ ഒരുങ്ങിയപ്പോൾ യുവതികൾ അങ്ങനെ ചെയ്യരുതെന്ന് തന്നോട് അഭ്യർഥിച്ചിരുന്നുവെന്നും ദിയ കൃഷ്ണ പറഞ്ഞു. ദിയയും പിതാവും പ്രതികളായ തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ കൃഷ്ണകുമാറിനൊപ്പം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ദിയ കൃഷ്ണയുടെ വാക്കുകൾ:
സംഭവം അറിഞ്ഞ ഉടനെ സത്യം പറയാൻ ഞാൻ യുവതികളോട് ആവശ്യപ്പെട്ടിരുന്നു. ഞാൻ നിങ്ങളെ അനിയത്തിമാരായിട്ടാണ് കാണുന്നത്, സത്യംപറഞ്ഞാൽ എന്തെങ്കിലും കോംപ്രമൈസിലേക്ക് എത്താം എന്ന് ഞാൻ പറഞ്ഞു. കള്ളം പറഞ്ഞാൽ നിയമത്തിന്റെ വഴിയിൽ പോവേണ്ടിവരും എന്നും പറഞ്ഞു.
ചേച്ചീ, കേസുമായി പോവേണ്ട. വെറും 500, 2000 ഒക്കെയേ ഞങ്ങൾ എടുത്തിട്ടുള്ളൂ എന്നായിരുന്നു അവർ പറഞ്ഞത്. സത്യം പറയാൻ നിങ്ങൾക്ക് താത്പര്യമില്ലെങ്കിൽ ഒരു സ്റ്റോറി ഇടാം എന്ന് ഞാൻ പറഞ്ഞു. കടയിൽ വന്നുപോയ ആളുകൾ സ്റ്റാഫുകളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയിട്ടുണ്ടോ എന്ന് പറഞ്ഞ് ഒരു സ്റ്റോറി ഇടാൻ പോവുകയാണെന്ന് ഞാൻ പറഞ്ഞു. ഇത് പറഞ്ഞതും, അവർ പറ്റുന്ന എല്ലാ നമ്പറിൽനിന്നും എന്നെ വിളിച്ചിട്ട് പറഞ്ഞു, കാലിൽ വീഴാം അങ്ങനെ ഒരു സ്റ്റോറി ഇടരുതെന്ന്.
അങ്ങനെ ഒരു സ്റ്റോറി ഇട്ടാൽ എന്താണ് പ്രശ്‌നം എന്ന് ഞാൻ തിരിച്ചുചോദിച്ചു. കുടുംബക്കാരൊക്കെ നമ്മൾ കള്ളികളാണെന്ന് വിചാരിക്കുമെന്ന് അവർ പറഞ്ഞു. കട്ടിട്ടില്ലെങ്കിൽ നിങ്ങൾ കള്ളികളല്ലല്ലോ എന്ന് ഞാൻ പറഞ്ഞു. കുടുംബക്കാർ ചോദിച്ചാൽ അത് വേറെ ആരെയോ കുറിച്ച് പറഞ്ഞതാണെന്ന് പറയണമെന്നും പറഞ്ഞു.
സ്റ്റോറി ഇട്ടതും വലിയ തോതിൽ ആളുകൾ സ്‌ക്രീൻഷോട്ട് സഹിതം പ്രതികരിക്കാൻ തുടങ്ങി. ക്യുആർ കോഡ് വർക്കാവുന്നില്ല, കുറച്ചുനാളായി പ്രശ്‌നമാണ്, കാശയച്ചാൽ അത് പോവും, നമ്മുടെ അക്കൗണ്ടിലേക്ക് ഇട്ടോളൂ എന്ന് പറഞ്ഞ് പണം വാങ്ങിയ സംഭവങ്ങൾ ആളുകൾ അറിയിച്ചു. ചിലർ പണമായി നൽകുമ്പോൾ യുപിഐ ആയി മതി എന്ന് പറയും. ഇവർക്ക് പണമായി ആവശ്യമായി വരുമ്പോൾ, എടിഎം വരെ പറഞ്ഞുവിട്ട് എടുപ്പിച്ചിട്ട് റോഡിൽ പോയി നിന്ന് പണം വാങ്ങിക്കുമായിരുന്നു. അത് സിസിടിവി ദൃശ്യങ്ങളിൽ ലഭിക്കില്ല.
ഗർഭിണിയായതിനെത്തുടർന്ന് പല ദിവസങ്ങളിലും ആശുപത്രിയിലായിരുന്നു. രാവിലെ ആദ്യംവിളിച്ച് അറിയിച്ചിരുന്നത് ഇവരെയാണ്. ഭർത്താവിന് ജോലിത്തിരക്ക് കാരണം ശ്രദ്ധിക്കാൻ പറ്റില്ല. വീട്ടിലുള്ള ആരെയെങ്കിലും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയും ഇവരുടെ മുകളിലെ 100% വിശ്വാസവും കാരണമാണ് എന്റെ ഭാഗത്തുനിന്ന് ഈയൊരു ശ്രദ്ധക്കുറവ് സംഭവിച്ചത്.
Content Highlights: Diya Krishna reveals fiscal fraud by employees, details their deception
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·