08 August 2025, 01:11 PM IST

ചിത്രത്തിൻെറ പോസ്റ്റർ, അസിസ്റ്റന്റ് ഡയറക്ടർ ഫൈസൽ ഷാ
റിലീസിന് തയ്യാറെടുക്കുന്ന 'പൊങ്കാല' സിനിമയുടെ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതി നല്‍കി സംവിധായകന്‍ എ.ബി. ബിനില്‍. അസിസ്റ്റന്റ് ഡയറക്ടര്‍ ഫൈസല്‍ ഷാക്കെതിരെയാണ് സംവിധായകന്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ശ്രീനാഥ് ഭാസി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'പൊങ്കാല'. ഷൂട്ടിങ് പൂര്‍ത്തിയാക്കി ചിത്രം റിലീസിനൊരുങ്ങുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് സിനിമയിലെ രംഗങ്ങളടങ്ങിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്തതായി കണ്ടതെന്നും ഉടനെ അസിസ്റ്റന്റ് ഡയറക്ടറെ വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ലെന്നും എ.ബി. ബിനില്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. പിന്നീട് മെസ്സേജിലൂടെ വീഡിയോ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫൈസല്‍ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വീണ്ടും ഇതേ വീഡിയോ ഒരു സ്ത്രീയുടെ ഫേസ്ബുക്ക് പേജില്‍ കണ്ടു. ഇപ്പോള്‍ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം വിശദമാക്കി.
"രണ്ടാഴ്ച മുമ്പ്, സോഷ്യല്‍മീഡിയയില്‍ വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടതായി സുഹൃത്താണ് എന്നോട് പറഞ്ഞത്. വീഡിയോ പരിശോധിച്ചപ്പോള്‍ അതിനുപിന്നിലാരാണെന്ന് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. അസിസ്റ്റന്റ് ആയി വന്ന ആള്‍ സിനിമാരംഗങ്ങള്‍ മൊബൈലില്‍ റെക്കോഡ് ചെയ്ത് വ്യൂസ് കിട്ടാനായി സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ കണ്ടപ്പോള്‍ തന്നെ ഞാന്‍ അയാളെ വിളിച്ചു. ഫോണ്‍ എടുത്തില്ല. പിന്നീട് ഞാന്‍ മെസ്സേജ് അയച്ചപ്പോള്‍ വീഡിയോ ഡിലീറ്റ് ചെയ്തു. ഇന്ന് രാവിലെ ഒരു സ്ത്രീയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ പ്രചരിച്ചതായി കണ്ടു. അത് അസിസ്റ്റന്റ് ഡയറക്ടറില്‍നിന്ന് ചോര്‍ന്നതോ ഷെയര്‍ചെയ്ത് കൊടുത്തതോ ആണ്. 10 കോടി രൂപ മുതല്‍മുടക്കുള്ള സിനിമയാണ്. വളരെ ശ്രദ്ധയോടെ ആറെട്ട് മാസംകൊണ്ട് ചിത്രീകരിച്ച സിനിമയുടെ പ്രധാന ഭാഗമായി നില്‍ക്കുന്നയാളാണ് ഇങ്ങനെ ചെയ്തത്. സിനിമ റീഷൂട്ട് ചെയ്യേണ്ട അവസ്ഥയാണിപ്പോള്‍", ബിനില്‍ പറഞ്ഞു.
യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമാണ് 'പൊങ്കാല'. വൈപ്പിന്‍ ചെറായി ഭാഗങ്ങളിലായിരുന്നു എ.ബി. ബിനില്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
Content Highlights: Pongala Movie AD Leaks Climax Scenes
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·