'ശ്രീനാഥ് ഭാസിയേയും ഷൈനിനേയും പരിചയമുണ്ട്'; ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യംചെയ്യലിനെത്തി മോ‍ഡൽ സൗമ്യ

8 months ago 6

MODEL SAUMYA

ചോദ്യം ചെയ്യലിനായി മോ‍ഡൽ സൗമ്യ ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരായപ്പോൾ| screengrab/mathrubhumi news

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പിന്നാലെ മോ‍ഡൽ സൗമ്യയും ആലപ്പുഴഎക്സൈസ് ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരായി. എന്തിനുവേണ്ടിയാണ് തന്നെ ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയതെന്ന് അറിയില്ലെന്നും എന്നാൽ ശ്രീനാഥ് ഭാസിയുമായും ഷൈൻ ടോം ചാക്കോയുമായും പരിചയമുണ്ടെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലക്കാട്ടുനിന്നുള്ള മോഡലാണ് സൗമ്യ.മൂന്നുപേരും നിലവിൽ ആലപ്പുഴ എക്സൈസ് ഓഫീസിനുള്ളിലാണുള്ളത്. തിങ്കളാഴ്ച രാവിലെ 7.30-ഓടെ ഷൈൻ ആണ് ആദ്യം ചോദ്യംചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെ ശ്രീനാഥ് ഭാസിയുമെത്തി. അഭിഭാഷകനും ശ്രീനാഥിനൊപ്പമുണ്ടായിരുന്നു.

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുൽത്താനയ്ക്ക് (ക്രിസ്റ്റീന-41) രണ്ടു നടന്മാരുമായും മോഡലുമായും ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, കഞ്ചാവ്‌ ഇടപാടു സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയില്ല. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടത്.

ഷൈൻ ടോം ചാക്കോ ആലപ്പുഴയിലെ കഞ്ചാവുകടത്തിനെക്കുറിച്ച് ചില വിവരങ്ങൾ കൈമാറിയതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് പ്രമുഖ നടനുവേണ്ടിയാണെന്ന് ഷൈൻ പറഞ്ഞതായും വിവരമുണ്ട്. മൊഴിയുടെ നിജസ്ഥിതി ചോദിച്ചറിയാൻ കൂടിയാണ് ഷൈനിനെ ആലപ്പുഴയിലേക്ക് ചോദ്യംചെയ്യലിനു വിളിപ്പിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്.

ആലപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതികളിലൊരാളാണ് തസ്ലിമ സുല്‍ത്താന. ഈ കേസില്‍ തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്‌സൈസിന്റെ പിടിയിലായിരുന്നു. റിസോര്‍ട്ടില്‍ ലഹരി ഇടപാടിന് എത്തിയപ്പോള്‍ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്‌സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്ക് ലഹരി എത്തിച്ചുനല്‍കാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയിരുന്നു.

Content Highlights: Model Soumya arrives for questioning hybrid cannabis case

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article