ശ്രീശാന്താണ് ഇര, ഞാൻ പറഞ്ഞത് സത്യം മാത്രം: ഭുവനേശ്വരിക്കു മറുപടിയുമായി ലളിത് മോദി

4 months ago 5

ഓൺലൈൻ ഡെസ്ക്

Published: August 31, 2025 11:12 AM IST

1 minute Read

 X@Rcbians,Bhuvneshwari
ലളിത് മോദി, ശ്രീശാന്ത്, ഭുവനേശ്വരി. Photo: X@Rcbians,Bhuvneshwari

ലണ്ടൻ∙ 2008 ലെ ഐപിഎൽ മത്സരത്തിനിടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായിരുന്ന ഹർഭജൻ സിങ് പഞ്ചാബ് കിങ്സ് താരം ശ്രീശാന്തിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ലളിത് മോദി പുറത്തുവിട്ടിരുന്നു. ഇതുവരെ ആരും കാണാത്ത ദൃശ്യങ്ങളെന്ന് അവകാശപ്പെട്ടാണ് ബ്രോഡ്കാസ്റ്റ് ചെയ്യാത്ത വിഡിയോ ഐപിഎൽ മുൻ ചെയർമാൻ പരസ്യമാക്കിയത്. മത്സരശേഷം താരങ്ങൾ ഷെയ്ക് ഹാൻഡ് നൽകുമ്പോൾ കയ്യുടെ പിൻഭാഗം ഉപയോഗിച്ച് ഹർഭജൻ ശ്രീശാന്തിനെ തല്ലുന്നത് വിഡിയോയിലുണ്ട്. അടി കിട്ടിയ ശ്രീശാന്ത് പൊട്ടിക്കരയുന്നതും ഹർഭജനെ ചോദ്യം ചെയ്യുന്നതും വിഡിയോയിൽ കാണാം.

എന്നാൽ വർഷങ്ങൾക്കു ശേഷം ഈ വിഡിയോ പുറത്തുവിട്ടത് ലളിത് മോദിയുടെ ‘ചീപ് പബ്ലിസിറ്റിക്കു’ വേണ്ടിയുള്ള നീക്കമായിരുന്നെന്നാണ് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി പ്രതികരിച്ചത്. എന്നാൽ ചെയ്തത് ശരിയായ കാര്യമാണെന്ന് ലളിത് മോദി തിരിച്ചടിച്ചു. ശ്രീശാന്തിന്റെ ഭാര്യ ദേഷ്യപ്പെടാൻ കാരണമെന്താണെന്ന് തനിക്ക് അറിയില്ലെന്നും ലളിത് മോദി വ്യക്തമാക്കി.

‘‘അവർ ദേഷ്യപ്പെടുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ല. എന്നോട് ഒരാൾ ഒരു ചോദ്യം ചോദിച്ചു, ഞാൻ അതിനു മറുപടി പറഞ്ഞു. അതിൽ എനിക്കു മറ്റൊന്നും ചെയ്യാനില്ല. എനിക്ക് സത്യം പറയാനാണ് അറിയുന്നത്. ശ്രീശാന്ത് അവിടെ ഇരയാക്കപ്പെട്ടതാണ്. അതാണ് ഞാന്‍ പറഞ്ഞതും. എന്നോട് മുൻപ് ആരും ഈ ചോദ്യം ചോദിച്ചിരുന്നില്ല. ക്ലാർക്ക് ഇപ്പോൾ ചോദിച്ചു, ഞാൻ അതിന് ഉത്തരം നൽകി.’’–ലളിത് മോദി വാർത്താ ഏജൻസിയായ ഐഎഎന്‍എസിനോടു പറഞ്ഞു.

രൂക്ഷഭാഷയിലായിരുന്നു ലളിത് മോദിക്കെതിരെ കഴിഞ്ഞ ദിവസം ഭുവനേശ്വരി വിമർശനമുന്നയിച്ചത്. ‘‘ശ്രീശാന്തും ഹർഭജൻ സിങ്ങും ഇതൊക്കെ വിട്ട് ഒരുപാടു മുന്നോട്ടുപോയിക്കഴിഞ്ഞു. അവർക്കിപ്പോൾ സ്കൂളി‍ൽ പോകുന്ന കുട്ടികളുണ്ട്. ഇപ്പോഴും പഴയ വേദനകളിലേക്ക് അവരെ എത്തിക്കാനാണു നിങ്ങൾ ശ്രമിക്കുന്നത്. മനുഷ്യത്വ രഹിതവും ഹൃദയശൂന്യവുമായ നടപടിയാണിത്. ഒരുപാടു കഷ്ടപ്പാടുകൾക്കൊടുവിൽ ശ്രീശാന്ത് അഭിമാനിക്കാവുന്നൊരു ജീവിതം കെട്ടിപ്പടുത്തു. 

‘‘18 വർഷങ്ങൾക്കു ശേഷം ആ ദൃശ്യങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് വേദനയുണ്ടാക്കുന്നതാണ്. ഇത് ക്രിക്കറ്റ് താരങ്ങളെ മാത്രമല്ല വേദനിപ്പിക്കുന്നത്. അവരുടേതല്ലാത്ത കുറ്റത്തിന് ഇനി എന്റെ കുട്ടികളും ചോദ്യങ്ങൾ നേരിടേണ്ടിവരും. ഇങ്ങനെയൊരു കാര്യം ചെയ്തതിന് നിങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടതാണ്. ശ്രീശാന്ത് കരുത്തും വ്യക്തിത്വവും ഉള്ളൊരു മനുഷ്യനാണ്. ഒരു വിഡിയോയ്ക്കും അത് ഇല്ലാതാക്കാൻ സാധിക്കില്ല. സ്വന്തം നേട്ടങ്ങൾക്കായി കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും വേദനിപ്പിക്കുന്നതിനു മുൻപ് ദൈവത്തെക്കുറിച്ചോർക്കുക.’’– ഭുവനേശ്വരി വ്യക്തമാക്കി.

English Summary:

Lalit Modi Responds To S Sreesanth's Wife Over Slap-Gate Video Row

Read Entire Article