Published: September 01, 2025 04:26 PM IST
1 minute Read
മുംബൈ∙ 2008 ഐപിഎല്ലിനിടെ ശ്രീശാന്തിനെ തല്ലിയ സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിൽ, ലളിത് മോദിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. 2008 ഐപിഎൽ സീസണിനിടെ പഞ്ചാബ് കിങ്സ്– മുംബൈ ഇന്ത്യൻസ് മത്സരം അവസാനിച്ചതിനു പിന്നാലെയാണ് ഹർഭജൻ സിങ് ശ്രീശാന്തിനെ തല്ലുന്നത്. കയ്യുടെ മുകൾ ഭാഗം ഉപയോഗിച്ച് ശ്രീശാന്തിന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളാണ് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
സംഭവം നടന്നു വർഷങ്ങൾ കഴിഞ്ഞ ശേഷം വിഡിയോ പുറത്തുവന്നത് ശരിയായില്ലെന്ന് ഹർഭജൻ സിങ് പ്രതികരിച്ചു. ‘‘ആ ദൃശ്യങ്ങൾ പുറത്തുവന്ന രീതി ഒട്ടും ശരിയല്ല. അതു സംഭവിക്കരുതായിരുന്നു. അതിനു പിന്നിൽ എന്തെങ്കിലും സ്വാർഥ താൽപര്യങ്ങളുണ്ടാകും. 18 വർഷം മുൻപ് നടന്ന ഒരു കാര്യമാണ്. ആളുകൾ അതു മറന്നു. ഇപ്പോൾ അവർ വീണ്ടും ഓർമിപ്പിക്കുകയാണ്.’’– ഒരു ദേശീയ മാധ്യമത്തോട് ഹർഭജൻ സിങ് പറഞ്ഞു.
‘‘ആർക്കും തെറ്റുകൾ സംഭവിക്കാം. ആ സംഭവത്തിന്റെ പേരിൽ ഇപ്പോഴും എനിക്കു ലജ്ജ തോന്നുന്നുണ്ട്. അതിന് ഞാൻ എത്രയോ തവണ മാപ്പു പറഞ്ഞിട്ടുള്ളതാണ്. ആ ദൃശ്യങ്ങൾ വൈറലായെന്നതു ശരിയാണ്. അങ്ങനെ സംഭവിക്കരുതായിരുന്നു.’’– ഹർഭജൻ സിങ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. മനുഷ്യത്വമില്ലാത്ത കാര്യമാണ് ലളിത് മോദി ചെയ്തതെന്ന് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി പ്രതികരിച്ചു.
അതേസമയം വിഡിയോ പുറത്തുവിട്ടത്തിൽ തെറ്റില്ലെന്നാണ് ലളിത് മോദിയുടെ വാദം. ശ്രീശാന്ത് ഇരയാക്കപ്പെട്ട കാര്യമാണ് ഇതെന്നും ഭുവനേശ്വരി എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ലളിത് മോദി പ്രതികരിച്ചിരുന്നു. സത്യം മാത്രമാണു പറഞ്ഞതെന്നും അതിൽ ഒരു തെറ്റുമില്ലെന്നാണ് ലളിത് മോദിയുടെ ന്യായീകരണം. വിഡിയോ പുറത്തുവന്ന സംഭവത്തിൽ ശ്രീശാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary:








English (US) ·