ശ്രീശാന്തിനെ തല്ലുന്ന ഹർഭജൻ; 18 വർഷത്തിനു ശേഷം ആ ദൃശ്യം പുറത്തുവിട്ട് ലളിത് മോദി

4 months ago 5

29 August 2025, 01:50 PM IST

harbhajan-sreesanth-slap-video-released

Photo: Screengrab/ youtube.com/@Beyond23CricketPod

മുംബൈ: 2008-ല്‍ ഐപിഎലിന്റെ കന്നി സീസണ്‍ വ്യത്യസ്തമായ ആശയം കൊണ്ട് ശ്രദ്ധേയമായിരുന്നു. എന്നാല്‍ ആ സീസണില്‍ അതിലേറെ പ്രസിദ്ധിയാര്‍ജിച്ചത് മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിങ് അന്നത്തെ കിങ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവമായിരുന്നു. ഇത് വിവാദമായതോടെ ഹര്‍ഭജനെ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇന്നും ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദ സംഭവങ്ങളില്‍ ഒന്നായി ആ അടി തുടരുകയാണ്. ഇപ്പോഴിതാ അന്ന് ഹര്‍ഭജന്‍ ശ്രീശാന്തിനെ തല്ലുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് മുന്‍ ഐപിഎല്‍ ചെയര്‍മാനായ ലളിത് മോദി.

മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കുമൊത്തുള്ള ബിയോണ്ട് 23 പോഡ്കാസ്റ്റിലൂടെയാണ് മോദി 18 വര്‍ഷം മുമ്പുള്ള, ഇതുവരെ ആരും കാണാത്ത ഈ വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഐപിഎല്‍ ചരിത്രത്തില്‍തന്നെ വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

''കളി കഴിഞ്ഞതോടെ ക്യാമറകള്‍ ഓഫായിരുന്നു. എന്നാല്‍ സുരക്ഷാ ക്യാമറകളില്‍ ഒന്ന് ഓണായിരുന്നു. അത് ശ്രീശാന്തും ഭാജിയും (ഹര്‍ഭജന്‍) തമ്മിലുള്ള സംഭവം പകര്‍ത്തി. ഹര്‍ഭജന്‍ കൈയുടെ പിന്‍ഭാഗം കൊണ്ട് ശ്രീശാന്തിനെ അടിക്കുകയായിരുന്നു. ഇത്രയും കാലം ഞാന്‍ അത് പുറത്തു വിട്ടിരുന്നില്ല. 18 വര്‍ഷം കഴിഞ്ഞാണിത് പുറത്തുവരുന്നത്.'' - മോദി അഭിമുഖത്തിനിടെ പറഞ്ഞു.

ഇരുടീമിലെയും താരങ്ങള്‍ ഹസ്തദാനം ചെയ്യുന്നതിനിടെയാണ് നേരെ കയറി വന്ന ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിക്കുന്നത്. ആദ്യം എന്താണ് സംഭവിച്ചതെന്ന് ശ്രീശാന്തിന് മനസിലായില്ല. പിന്നീട് നേര്‍ക്കുനേര്‍ വന്ന ഇരു താരങ്ങളെയും സഹ താരങ്ങള്‍ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.

Content Highlights: Unseen footage of Harbhajan Singh slapping Sreesanth during IPL 2008 released by Lalit Modi

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article