02 September 2025, 02:30 PM IST

ശ്രീശാന്ത് | X.com/@thebriefworld
ജയ്പുര്‍: 2012 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിന് മുന്നോടിയായി പേസര്‍ എസ്. ശ്രീശാന്തിന് പരിക്കേറ്റ സംഭവത്തില്‍ നിയമപോരാട്ടം കടുക്കുന്നു. വിഷയത്തിൽ ഇന്‍ഷുറന്‍സ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചു. രാജസ്ഥാന്‍ റോയല്‍സിന് ഇന്‍ഷുറന്‍സ് തുക അനുവദിക്കണമെന്ന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ വിധിക്കെതിരേയാണ് കമ്പനി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് 2012 ഐപിഎല്‍ സീസണില്‍ ശ്രീശാന്ത് രാജസ്ഥാനായി കളിച്ചിരുന്നില്ല.
സീസണില്‍ ശ്രീശാന്ത് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ രാജസ്ഥാന്‍ ഇന്‍ഷുറന്‍സ് തുകയ്ക്കായി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചിരുന്നു. 82 ലക്ഷം രൂപയാണ് ഫ്രാഞ്ചൈസി ആവശ്യപ്പെട്ടത്. എന്നാല്‍ രാജസ്ഥാന്റെ ആവശ്യം കമ്പനി തള്ളുകയായിരുന്നു. ശ്രീശാന്തിന് നേരത്തേ തന്നെ കാല്‍പാദത്തിന് പരിക്കുണ്ടായിരുന്നുവെന്നും അതാണ് പുറത്തായതിന്റെ യഥാര്‍ഥ കാരണമെന്നും കമ്പനി വാദിച്ചു. മാത്രമല്ല ഈ വിവരം താരം മറച്ചുവെച്ചെന്നും കമ്പനി ആരോപിച്ചിരുന്നു.
എന്നാല്‍ കാല്‍പാദത്തിനേറ്റ പരിക്ക് ഗുരുതരമായിരുന്നില്ലെന്നും കാല്‍മുട്ടിന് പരിക്കേറ്റതാണ് കളിക്കാനാവാത്തതിന്റെ കാരണമെന്നും രാജസ്ഥാന്‍ മറുവാദമുയര്‍ത്തി. പരിശീലനത്തിനിടെയാണ് ശ്രീശാന്തിന് കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്. വാദങ്ങള്‍ക്കൊടുവിൽ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ രാജസ്ഥാന് അനുകൂലമായി വിധി പ്രസ്താവിച്ചു. ഇന്‍ഷുറന്‍സ് കമ്പനിയോട് പണം കൈമാറാനും നിര്‍ദേശിച്ചു. ഈ വിധി ചോദ്യം ചെയ്താണ് കമ്പനി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് കൂടുതല്‍ രേഖകള്‍ പരിശോധിക്കാനൊരുങ്ങുകയാണ്. ശ്രീശാന്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റടക്കം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാല്‍പാദത്തിനേറ്റ പരിക്ക് മറച്ചുവെച്ചിരുന്നോ എന്നതില്‍ വ്യക്തത വരുത്താനാണ് കോടതിയുടെ നീക്കം. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമായിരിക്കും സുപ്രീം കോടതി വിധി പുറപ്പെടുവിക്കുക.
Content Highlights: S Sreesanth Insurance Claim Controversy Rajasthan Royals Taken To Supreme Court








English (US) ·